കുഞ്ഞിക്കക്ക് പിറന്നാൾ സന്തോഷങ്ങൾ നേർന്ന് സിനിമാ ലോകം; മലയാളത്തിൽ ആശംസ പറഞ്ഞ് വിക്കി കൗശൽ
text_fieldsനടൻ ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സിനിമാ ലോകം. ദുൽഖറിന്റെ 36-ാം ജന്മദിനമായ ഇന്ന് പ്രിയപ്പെട്ട കുഞ്ഞിക്കയ്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരങ്ങളും ആരാധകരും സുഹൃത്തുക്കളും. പൃഥ്വിരാജ്, മഞ്ജു വാര്യർ നസ്രിയ, ടോവിനോ തോമസ്, സുപ്രിയ, കുഞ്ചാക്കോ ബോബൻ, സണ്ണി വെയ്ൻ, രമേഷ് പിഷാരടി, സുരേഷ് ഗോപി, നിവിന്‍ പോളി, അദിഥി റാവു ഹൈദരി, രാകുൽ പ്രീത് സിങ്, കിച്ച പ്രദീപ്, അനുപമ പരമേശ്വരൻ തുടങ്ങി നിരവധി പേരാണ് ദുൽഖറിന് ആശംസകൾ നേർന്നിരിക്കുന്നത്.
ബോളിവുഡ് നടൻ വിക്കി കൗശൽ മലയാളത്തിലാണ് ആശംസ കുറിച്ചത്. 'ജന്മദിനാശംസകൾ ദുൽഖർ. എന്റെ മലയാളം തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ ഭാഷയോടും ജോലിയോടും ഏറ്റവും ഇഷ്ടം. നിങ്ങൾക്ക് ആശംസകൾ'-വിക്കി കൗശൽ കുറിച്ചു. പുതിയ സിനിമയായ സീതാരാമത്തിലെ നായിക മൃണാൽ താക്കൂറും ദുൽഖറിന് ആശംസ അറിയിച്ചിട്ടുണ്ട്.
'ഡിക്യു ബോയ്…നീ എനിക്കെന്താണെന്ന് പറയാൻ വാക്കുകളില്ല. നിങ്ങളുടെ വാപ്പച്ചിയുടെ ആരാധകനായിരുന്നു ഞാൻ, അന്നും ഇന്നും, ഇനിയുമതെ. ഒരു വ്യക്തി എന്ന നിലയിലും ഒരു നടൻ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇപ്പോൾ ഞാൻ നിങ്ങളിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഒരു സുഹൃത്ത് എന്ന നിലയിൽ, ഒരു മികച്ച മനുഷ്യനെന്ന രീതിയിൽ, നിങ്ങൾ എന്താണ് അല്ലാത്തത്….
സുഹൃത്ത്..സിനിമ….കുടുംബം..എന്റെ ടോപ്പ് ലിസ്റ്റിൽ നിങ്ങളുണ്ട് !!!
ജന്മദിനാശംസകൾ ഡിക്യു ബോയ്
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ചാക്കോ മാഷ്,"
ബാംഗ്ലൂര്‍ ഡെയ്‌സിലെ ചിത്രത്തിനൊപ്പമായിരുന്നു നിവിന്റെ പിറന്നാള്‍ ആശംസകള്‍. നസ്രിയയും ദുല്‍ഖറിന്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. ദുല്‍ഖറും ഭാര്യ ആമാലും ഒപ്പം ഫഹദ് ഫാസിലും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് നസ്രിയ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. 'ജന്മദിനാശംസകള്‍ സഹോദരാ. സീതാരാമത്തിനും വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കും എല്ലാ ആശംസകളും നിങ്ങള്‍ എന്നും ഉയരത്തില്‍ പറക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
2012-ൽ പുറത്തിറങ്ങിയ 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടൽ'ആയിരുന്നു രണ്ടാമത്തെ ചിത്രം. 'ചാർലി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാൽപ്പതോളം സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചത്.
'വായ് മൂടി പേസലാം'ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം 'സംസാരം ആരോഗ്യത്തിനു ഹാനികരം' എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. 'ഓകെ കൺമണി' എന്ന മണിരത്നം ചിത്രമാണ് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ 'മഹാനടി' എന്ന ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുൽഖർ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവർന്നു. കർവാൻ, ദി സോയ ഫാക്ടർ എന്നിവയാണ് ദുൽഖറിന്റെ ഹിന്ദി ചിത്രങ്ങൾ. ദുൽഖറിന്റെ പുതിയ തെലുങ്കുചിത്രം സീതാരാമം റിലീസിനൊരുങ്ങുകയാണ്.അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമാണ് ദുൽഖർ ഇപ്പോൾ.