അനുമതിയില്ലാതെ പേരും ശബ്‌ദവും ചിത്രങ്ങളും ഉപയോഗിക്കരുത്; ഡീപ്‌ഫേക്കിനെതിരെ മോഹൻലാൽ കോടതിയിൽ
text_fieldsന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ടുള്ള അനുമതിയില്ലാതെ തന്‍റെ പേരും ചിത്രങ്ങളും വിഡിയോകളും ശബ്ദവും ഉൾപ്പെടെയുള്ളവ അനധികൃതമായി ഉപയോഗിക്കുന്നത് വിലക്കണം എന്നാണ് പ്രധാന ആവശ്യം. സമാന സംഭവങ്ങളിൽ നിരവധി താരങ്ങൾ നേരത്തെ ഡൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. താരങ്ങളുടെ ചിത്രങ്ങൾ പൊതു മുതൽ പോലെ പലരും സാമ്പത്തിക നേട്ടത്തിനും ബിസിനസിനും പരസ്യങ്ങൾക്കുമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് വിവര സാങ്കേതിക നിയമത്തിന് കീഴെ കുറ്റകരമായ പ്രവൃത്തിയായി കണക്കാക്കുന്നു.
ജസ്റ്റിസ് ജ്യോതി സിങ്ങിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുക. വ്യാജ പരസ്യങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കുമായി താരങ്ങളുടെ രൂപവും ശബ്ദവും ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിയമനടപടി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡീപ്ഫേക്ക് തുടങ്ങിയ നവീന സാങ്കേതികവിദ്യകളുടെ കടന്നുകയറ്റം ഇത്തരം തട്ടിപ്പുകൾക്ക് വലിയ തോതിൽ ആക്കം കൂട്ടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി ഇത് അതിവേഗം പ്രചരിക്കുകയും ചെയ്യുന്നു.
ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, അനിൽ കപൂർ എന്നിവർ ഡീപ്‌ഫേക്കിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അനാവശ്യമായി പല രീതിയിലാണ് താരങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ദീപാവലി പടക്കങ്ങൾക്കു മുകളിൽ കൊടുത്ത അനന്യ പാണ്ഡെയുടെ ചിത്രം താരം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധേ നേടിയിരുന്നു. ഈ സമയത്ത് ആളുകൾ ഏറെ ചർച്ച ചെയ്ത കാര്യമാണ് വ്യക്തിത്വ അവകാശവും ഡിപ് ഫേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

