ഭാഗ്യമുണ്ട്...കത്തി കുറച്ചു കൂടി ആഴത്തിലായിരുന്നെങ്കിൽ! സെയ്ഫ് അലി ഖാൻ നേരിട്ട ആക്രമണത്തെ കുറിച്ച് ഡോക്ടർമാർ
text_fieldsമുംബൈ: കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരികയാണ്. മുബൈയിലെ ബാന്ദ്രയിലുള്ള സെയ്ഫിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ അക്രമിയാണ് ആക്രമണം നടത്തിയത്. ശരീരത്തിൽ ആറുതവണ കുത്തേറ്റ സെയ്ഫിനെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ യാണ് സംഭവം നടന്നത്. നിലവിൽ തീവ്രപരിചരിചരണ വിഭാഗത്തിൽനിന്ന് മാറ്റിയിരിക്കുകയാണ് സെയ്ഫിനെ. അപകട ശേഷം അൽപം മുറിയിലൂടെ സെയ്ഫ് നടക്കുകയും ചെയ്തു. മൂന്നുദിവസത്തിന് ശേഷം സെയ്ഫിനെ ഡിസ്ചാർജ് ആക്കാമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ. മാത്രമല്ല, അണുബാധയുണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് വി.ഐ.പികളെ അടക്കം ആരെയും ആശുപത്രി മുറിയിലേക്ക് കടത്തിവിടുന്നില്ല.
കഴുത്തിലടക്കം പരിക്കുകളുണ്ട്. അദ്ദേഹത്തിന്റെ സുഷുമ്നയിൽ നിന്ന് രണ്ടരയിഞ്ച് വലിപ്പമുള്ള ബ്ലേഡ് അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
''ആരോഗ്യനിലയിൽ നല്ല പുരോഗതിയാണുള്ളത്. അദ്ദേഹത്തിന് നന്നായി നടക്കാൻ കഴിയുന്നുണ്ട്. വേദനക്ക് കുറവുണ്ട്. ഐ.സി.യുവിൽ നിന്ന് അദ്ദേഹത്തെ പ്രത്യേക മുറിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഒരാഴ്ചത്തേക്ക് സന്ദർശകരെ കർശനമായി വിലക്കിയിട്ടുണ്ട്. സുഷുമ്നയിലെ പരിക്ക് ആഴത്തിലുള്ളതായതിനാലാണിത്. മുറിവ് ഉണങ്ങാൻ സമയമെടുക്കും. സന്ദർശകരുടെ സാന്നിധ്യം അണുബാധക്കും സാധ്യതയുണ്ട്.''സെയ്ഫിനെ ചികിത്സിക്കുന്ന ഡോക്ടർ നിതിൻ നാരായണൻ പറഞ്ഞു.
സെയ്ഫ് വളരെ ഭാഗ്യമുള്ള വ്യക്തിയാണെന്നും കത്തി രണ്ട് മില്ലീമീറ്റർ ആഴത്തിലേക്ക് കൂടി മാറിയിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാവുമായിരുന്നുവെന്നും ഡോക്ടർ തുടർന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോൾ ഒരു സിംഹത്തെ പോലെ അദ്ദേഹം നടക്കുന്നുണ്ട്. യഥാർഥ ഹീറോ ആണ് അദ്ദേഹം.-ഡോക്ടർ കൂട്ടിച്ചേർത്തു.
ആക്രമണം നടക്കുമ്പോൾ സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും മക്കളായ തൈമൂർ, ജെഹ്, ഇവരുടെ ആയമാരുമാണ് വീട്ടിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

