Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുമ്പ് ആ ഹൃദയമിടിപ്പ് നിലച്ചു’; പുനീതിന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് കുടുംബ ഡോക്ടർ

text_fields
bookmark_border
Puneeth Rajkumar
cancel
camera_alt

പുനീത് രാജ്‌കുമാർ

കന്നഡ സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി പുനീത് രാജ്‌കുമാർ നമ്മെ പിരിഞ്ഞുപോയിട്ട് വർഷങ്ങൾ തികയുമ്പോഴും, ആ അപ്രതീക്ഷിത വേർപാടിന്റെ ആഘാതം ഇന്നും വിട്ടുമാറിയിട്ടില്ല. ഇപ്പോഴിതാ, 2021 ഒക്ടോബർ 29ന് പുനീതിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് തുറന്നുപറയുകയാണ് അദ്ദേഹത്തിന്റെ കുടുംബ ഡോക്ടർ കൂടിയായ ഡോ. രമണ റാവു.

അന്ന് രാവിലെ ജിമ്മിലെ കഠിനമായ വ്യായാമത്തിന് ശേഷം ക്ലിനിക്കിലെത്തിയത് മുതൽ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയതു വരെയുള്ള കാര്യങ്ങൾ 'ജസ്റ്റ് ക്യൂരിയസ് കന്നഡ' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.

അന്ന് ക്ലിനിക്കിൽ ഇരിക്കുമ്പോഴാണ് അപ്പു (പുനീത്) വരുന്നത്. അദ്ദേഹം കഠിനമായി വിയർത്തിരുന്നു. ജിമ്മിൽ പോയി ഒന്നര മണിക്കൂറോളം കിക്ക് ബോക്സിങ് ചെയ്തതായി എന്നോട് പറഞ്ഞു. ആദ്യമായാണ് അദ്ദേഹം അങ്ങനെ ഒരു വ്യായാമം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശരീരം ആകെ തളർന്ന അവസ്ഥയിലായിരുന്നു. എന്നാൽ, അമിതമായ വിയർപ്പും തളർച്ചയും കണ്ടപ്പോൾ വ്യായാമത്തിന്റെ ക്ഷീണം മാത്രമല്ലെന്ന് എനിക്ക് തോന്നി. ഉടൻ തന്നെ പുനീതിനെ ഇ.സി.ജി പരിശോധനക്ക് വിധേയനാക്കി. ഇ.സി.ജി ഫലത്തിൽ ഹൃദയത്തിന് കടുത്ത അസ്വസ്ഥതയും സമ്മർദവും കാണിച്ചതോടെ അടിയന്തര നടപടികളിലേക്ക് കടക്കുകയായിരുന്നു.

‘അതൊരു സാധാരണ ഹൃദയാഘാതം ആയിരുന്നില്ല, മറിച്ച് ഹൃദയത്തിന് താങ്ങാൻ കഴിയാത്തത്ര സമ്മർദമായിരുന്നു. അപകടകരമായ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് എനിക്ക് മനസ്സിലായി. ഉടൻ തന്നെ ആവശ്യമായ പ്രാഥമിക മരുന്നുകൾ നൽകി. വൈകാതെ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ ഏർപ്പാട് ചെയ്തു. തന്റെ സ്വന്തം കാറിലാണ് പുനീത് ആശുപത്രിയിലേക്ക് പോയത്. കാറിൽ കയറുമ്പോഴും അദ്ദേഹം പൂർണ്ണ ബോധവാനായിരുന്നു. സംസാരിക്കുന്നുമുണ്ടായിരുന്നു.

കാറിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചെങ്കിലും, ഭാര്യ അശ്വിനിയുടെ മടിയിൽ തലവെച്ച് കിടക്കാൻ നിർദേശിക്കുകയും ഡ്രൈവറോട് കാർ വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. രാജ്‌കുമാറിന്റെ കുടുംബത്തെ പണ്ടുമുതലേ ചികിത്സിക്കുന്ന ഡോ. രംഗ നാഥൻ ആശുപത്രിയിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.

ആശുപത്രിയിൽ എത്തുന്നതിന് കൃത്യം ഒരു മിനിറ്റ് മുമ്പ് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിലച്ചു. കാറിൽ നിന്നും ആശുപത്രിക്ക് ഉള്ളിലേക്ക് എത്തിക്കുമ്പോൾ അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. ബംഗളൂരുവിലെ വിക്രം ആശുപത്രിയിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ സംഘം അത്യാധുനിക അടിയന്തര ചികിത്സ നൽകി താരത്തെ ജീവനിലേക്ക് തിരിച്ചുകൊണ്ടുവരാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. 46-ാം വയസ്സിലായിരുന്നു പുനീതിന്റെ അപ്രതീക്ഷിത വേർപാട്.

ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ ജീവിതത്തിൽ നിരവധി ദുരന്തങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അവ പലപ്പോഴും നമ്മെ ഭയപ്പെടുത്താറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല. അപ്പു അതിലൊരാളാണ്. അവൻ എനിക്ക് സ്വന്തം മകനെപ്പോലെയായിരുന്നു. എന്റെ രണ്ടാമത്തെ മകനും അപ്പുവും നല്ല കൂട്ടുകാരായിരുന്നു. അവർ ഒരുമിച്ച് കളിക്കുകയും കളിപ്പാട്ടങ്ങൾ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. എനിക്ക് എന്റെ മകനെയാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടർ പറഞ്ഞു.

പുനീത് രാജ്‌കുമാറിന്റെ മരണം കന്നഡ സിനിമാ ലോകത്തെയും ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയെയും ഒന്നടങ്കം തളർത്തിയിരുന്നു. കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ച അദ്ദേഹത്തിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Doctor Recalls Puneeth's Final Moments
Next Story