‘ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, കൂടുതൽ അവസരം ലഭിക്കും’: എ.ആർ. റഹ്മാനോട് ‘ഘർ വാപസി’ ആവശ്യപ്പെട്ട് വി.എച്ച്.പി നേതാവ്
text_fieldsവിനോദ് ബൻസാൽ, എ.ആർ. റഹ്മാൻ
കുറച്ചു കാലമായി ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറയാൻ കാരണം വർഗീയമായ ചില ഘടകങ്ങൾ ആയിരിക്കാമെന്ന ഓസ്കർ ജേതാവും സംഗീത സംവിധായകനുമായ എ.ആർ. റഹ്മാന്റെ പരാമർശത്തെ വിമർശിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. റഹ്മാൻ ഹിന്ദു മതത്തിലേക്ക് തിരിച്ചുവരികയാണെങ്കിൽ (ഘർ വാപസി) അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് കുറച്ചുകാലമായി താൻ മാറ്റിനിർത്തപ്പെടുന്നുവെന്ന് തോന്നുന്നതായി റഹ്മാൻ പറഞ്ഞത്. കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ താൻ ഒരു ഔട്ട്സൈഡറായി മാറുന്നതുപോലെ തോന്നുന്നുവെന്നും അവസരങ്ങൾ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ‘അതൊരുപക്ഷേ വർഗീയമായ കാര്യങ്ങൾ കൊണ്ടായിരിക്കാം, പക്ഷേ അത് എന്റെ മുഖത്തുനോക്കി ആരും പറയുന്നില്ല’ എന്നായിരുന്നു റഹ്മാന്റെ മറുപടി. താൻ അവസരങ്ങൾക്ക് പിന്നാലെ പോകുന്നില്ലെന്നും, അർഹമായത് തന്നെ തേടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഹ്മാന്റെ ഈ പ്രസ്താവനയ്ക്കെതിരെ വിനോദ് ബൻസാൽ രംഗത്തെത്തി. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെപ്പോലുള്ളവരുടെ പക്ഷത്താണ് റഹ്മാൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ബൻസാൽ ആരോപിച്ചു. “ഭരണഘടനാ പദവികൾ അലങ്കരിക്കുകയും 10 വർഷത്തോളം അതിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുകയും ചെയ്ത ശേഷം വിരമിച്ചപ്പോൾ ഇന്ത്യയെ തരംതാഴ്ത്തി സംസാരിച്ച വ്യക്തിയാണ് അൻസാരി. അതേ പാതയിലാണ് റഹ്മാനും ഇപ്പോൾ സഞ്ചരിക്കുന്നത്” -ബൻസാൽ പറഞ്ഞു.
റഹ്മാൻ ഒരുകാലത്ത് ഹിന്ദുവായിരുന്നുവെന്നും എന്തിനാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ബൻസാൽ ചോദിച്ചു. “ഒരുകാലത്ത് എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളും സ്നേഹിച്ചിരുന്ന കലാകാരനായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ തനിക്ക് ജോലി ലഭിക്കാത്തതിനെക്കുറിച്ച് ആത്മപരിശോധന നടത്തുന്നതിന് പകരം സിസ്റ്റത്തെ പഴിക്കുകയും സിനിമ മേഖലയെ അപകീർത്തിപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്യുന്നത്. നിങ്ങൾ ‘ഘർ വാപസി’ നടത്തൂ, അപ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് വീണ്ടും അവസരം ലഭിച്ചു തുടങ്ങുമായിരിക്കും” -ബൻസാൽ പരിഹസിച്ചു. ഇത്തരം രാഷ്ട്രീയ പരാമർശങ്ങൾ ഒരു കലാകാരന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് പരാതിപ്പെടുന്നതിനേക്കാൾ, തനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിലാണ് സന്തോഷമെന്ന് റഹ്മാൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ ആത്മാർഥതയിലൂടെ അവസരങ്ങൾ തന്നെ തേടി വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

