എങ്ങോട്ടും പോകാനല്ല; ‘എയർപോർട്ട് ലുക്കി’നായി വന്നിറങ്ങും താരങ്ങൾ
text_fieldsപ്രമുഖ താരങ്ങളുടെ ‘എയർപോർട്ട് ലുക്ക്’ സ്പോൺസർ ചെയ്യുന്നത് വൻ ബ്രാൻഡുകൾ
ആഡംബര കാറിൽ വിമാനത്താവള മുറ്റത്തിറങ്ങി, തിരക്കു പിടിച്ച് നീങ്ങുന്നതിനിടെ, കരഞ്ഞു വിളിക്കുന്ന ഫോട്ടോഗ്രാഫർമാരുടെ അഭ്യർഥന മാനിച്ച് ഒരു നിമിഷം ‘മനസ്സില്ലാ മനസ്സോടെ’ പോസ് ചെയ്യുന്ന സെലിബ്രിറ്റികളെ കാണാറില്ലേ ? ബോളിവുഡിൽ ഇതു പതിവ് കാഴ്ചയാണെങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം ഈ ‘പാപ്പരാസി’ ഫോട്ടോഷൂട്ട് കണ്ടു തുടങ്ങുന്നുണ്ട്. താരങ്ങളുടെ വേഷങ്ങളും ആറ്റിറ്റ്യൂഡുമെല്ലാം ഇൻസ്റ്റ കാലത്തെ പ്രിയ ‘കോണ്ടന്റു’കളാണെന്നത് ശരിതന്നെ. എന്നാൽ, ഇങ്ങനെയുള്ള പല എയർപോർട്ട് വന്നിറങ്ങലും ഔദാര്യപൂർവം ഒരു നിമിഷം പോസ് ചെയ്യലുമെല്ലാം അറേഞ്ച്ഡ് പരിപാടിയാണത്രേ.
ഫോട്ടോഗ്രാഫർമാരെ കാശുകൊടുത്ത് വിളിച്ചു വരുത്തി, ‘എയർപോർട്ട് ഷൂട്ട്’ സെറ്റ് ചെയ്യുകയാണത്രേ പല സെലിബ്രിറ്റികളും. അതിനേക്കാൾ രസകരം, ചില താരങ്ങളെങ്കിലും, ഒരു വിമാനത്തിലും എങ്ങോട്ടും പോകാനില്ലാതെ ‘എയർപോർട്ട് ലുക്’ വൈറലാകാൻവേണ്ടി മാത്രമാണത്രേ ഇങ്ങനെ വന്നിറങ്ങുന്നത്. പറയുന്നത് മറ്റാരുമല്ല, സെലിബ്രിറ്റി എഴുത്തുകാരിയും അപ്പർ ക്ലാസ് സാമൂഹികജീവിതങ്ങളെ രസകരമായി വിശകലനം ചെയ്യുന്നതിൽ പ്രശസ്തയുമായ ശോഭാ ഡേ തന്നെയാണ്.
ശോഭാ ഡേ
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് താരങ്ങളുടെ പ്രതിച്ഛായ നിർമാണം അതിസങ്കീർണവും വിരോധാഭാസം നിറഞ്ഞതുമാണെന്ന് ശോഭാ ഡേ ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നു.
‘‘പലപ്പോഴും പാപ്പരാസികൾ വിമാനത്താവളങ്ങളിൽ വെറുതെ എത്തുന്നതല്ല, താരങ്ങളുടെ മാനേജർമാർ അവരെ കാശു കൊടുത്ത് എത്തിക്കുന്നതാണ്. ഒറ്റ ഫോൺകാളിൽ പറന്നെത്താൻ സാധിക്കുന്ന നിരവധി പാപ്പരാസികളുണ്ട് മുംബൈ മഹാനഗരത്തിൽ’’ -അഭിമുഖത്തിൽ ശോഭ പറയുന്നു. ‘‘മുൻകാലത്ത് താരങ്ങളെ വേഗം ലഭ്യമാകുമായിരുന്നു. നാം അവരുടെ സെക്രട്ടറിമാരെ വിളിച്ചു പറയുന്നു, അഭിമുഖമോ ഫോട്ടോ ഷൂട്ടോ ലഭിക്കുകയും ചെയ്യുന്നു. ഇന്നത്തെപോലെ പല തലങ്ങളിലുള്ള മാനേജർമാർ അന്നില്ല.
ഇവിടെയും ഹോളിവുഡ് ശൈലിയിലെ കോർപറേറ്റ് രീതികളാണ്. താരങ്ങളുടെ ‘ഇമേജ് പൊസിഷനിങ്ങി’നായി ഹോളിവുഡിലാണ് ഈ എയർപോർട്ട് ലുക് ഫോട്ടോകൾ ഉപയോഗിച്ചു തുടങ്ങിയത്. വലിയ താരങ്ങളുടെ എയർപോർട്ട് ലുക്കിനായി വലിയ ബ്രാൻഡുകൾ അങ്ങോട്ട് ചെന്ന് കരാറുണ്ടാക്കും. അതായത്, എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ ഒന്നു ക്ലിക് ചെയ്യാൻ ആരുമില്ലെങ്കിൽ നിങ്ങൾ ഇൻഡസ്ട്രിയിൽ ആരുമല്ല എന്നാണ് ബോളിവുഡിലെയും ഇന്നത്തെ ഫിലോസഫി’’ -അവർ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ, ഒരു വിമാനത്തിലും, എങ്ങോട്ടും പോകാനില്ലാത്ത ചില തുടക്കക്കാരും യുവതാരങ്ങളും ‘എയർപോർട്ട് ലുക്കി’നായി, ഉബർ പിടിച്ച് വിമാനത്താവളത്തിൽ വന്നിറങ്ങാറുണ്ട്’’ -അവർ തുറന്നടിക്കുന്നു.
അതുകൊണ്ട്, ഇങ്ങനെയാരെങ്കിലും ട്രോളിയും തള്ളി തിരക്കിട്ടു പോകുന്നത് കണ്ടാൽ ഒന്നു സംശയിച്ചോളൂ, ഒരു വിമാനം പിടിക്കാനുമല്ല, ‘എന്തിനോ വേണ്ടി തിളക്കുകയാണ’വർ എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

