Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസംവിധായകൻ ടി.വി....

സംവിധായകൻ ടി.വി. ചന്ദ്രന്റെ സിനിമ ജീവിതത്തിന് അരനൂറ്റാണ്ട്; പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര പറയുന്നു...

text_fields
bookmark_border
സംവിധായകൻ ടി.വി. ചന്ദ്രന്റെ സിനിമ ജീവിതത്തിന് അരനൂറ്റാണ്ട്; പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര പറയുന്നു...
cancel
camera_alt

ഷാജി പട്ടിക്കരയും  ടി.വി. ചന്ദ്രനും

ചലച്ചിത്ര രംഗത്ത് അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുന്ന പ്രമുഖ സംവിധായകൻ ടി.വി. ചന്ദ്രന്റെ ഏഴ് സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കര ടി.വി. ചന്ദ്രനുമായുള്ള തന്റെ ആത്മബന്ധം പങ്കിടുന്നു.

മലയാള സിനിമയെ നവീകരിച്ച പ്രമുഖ സംവിധായകൻ ടി.വി. ചന്ദ്രന്റെ സാർഥകമായ ചലച്ചിത്ര സപര്യയുടെ അൻപതാം വാർഷികം വിപുലമായ ചടങ്ങുകളോടെ മലയാള സിനിമ ലോകം ആഘോഷിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ സിനിമയായി നിരൂപകർ വിശേഷിപ്പിക്കുന്ന 'കബനി നദി ചുവന്നപ്പോൾ' എന്ന ചിത്രത്തിലെ അഭിനേതാവും, അണിയറ പ്രവർത്തകരിലൊരാളുമായി ചലച്ചിത്ര ജീവിതം ആരംഭിച്ച ടി.വി. ചന്ദ്രൻ ഇതുവരെ പതിനേഴ് ഫീച്ചർ സിനിമകളും, പത്തോളം ഡോക്യുമെന്ററികളും പ്രേക്ഷകരുടെ മുന്നിലെത്തിച്ചിട്ടുണ്ട്. സംസ്ഥാന-ദേശീയ ബഹുമതികൾ നേടിയവയാണ് ഈ സിനിമകളിലേറെയും.

ഏഴ് ദേശീയ അവാർഡുകൾ നേടിയ മലയാളത്തിലെ അപൂർവം സംവിധായകരിലൊരാളാണ് ടി.വി. ചന്ദ്രൻ. 1981ൽ സംവിധാനം ചെയ്ത 'കൃഷ്ണൻകുട്ടി' എന്ന സിനിമയാണ് ടി.വി. ചന്ദ്രന്റെ ആദ്യ രചന. തമിഴിലെ ആദ്യത്തെ ഫെമിനിസ്റ്റ് സിനിമയായ 'ഹേമാവിൻ കാതലർകൾ' 1985ലാണ് പുറത്തിറങ്ങിയത്. അതിന്റെ തുടർച്ചയായിരുന്ന 1989ൽ സംവിധാനം ചെയ്ത 'ആലീസിന്റെ അന്വേഷണം' നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു.

മമ്മൂട്ടിയുടെ തീർത്തും വ്യത്യസ്തമായ അഭിനയത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ 'പൊന്തൻ മാട' (1993) ദേശീയ ബഹുമതികൾക്ക് അർഹമായി. അങ്ങനെ ഒട്ടെറെ മികച്ച സിനിമകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. എത്രയോ ഓർമകൾ അദ്ദേഹം തന്റെ പ്രിയപ്പെട്ടവർക്ക് സമ്മാനിച്ചിരിക്കുന്നു. എനിക്കും ഒത്തിരി സ്നേഹം നിറഞ്ഞ ഓർമകൾ പറയാനുണ്ട്.

'പാഠം ഒന്ന്: ഒരു വിലാപം' എന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ ആരിഫ് പൊന്നാനി എന്നെ വിളിച്ചതും, പിന്നീട് ചില സാങ്കേതിക കാരണത്താൽ ചിത്രം ആരംഭിക്കുമ്പോൾ ചന്ദ്രൻ സാറിന്റെ നിർദ്ദേശപ്രകാരം പ്രൊഡക്ഷൻ കൺട്രോളർ സ്ഥാനത്ത് ഞാൻ എത്തിപ്പെട്ടതും സന്തോഷം നിറഞ്ഞ ഓർമയാണ്. ശരിക്കും എന്നെ സംബന്ധിച്ച് അത് ഒരു വലിയ തുടക്കമായിരുന്നു.

ഇത്രയും വലിയ സംവിധായകനൊപ്പം പ്രെഡക്ഷൻ കൺട്രോളറായി ആദ്യ ചിത്രം. അത് എന്റെ ഭാഗ്യം തന്നെയായിരുന്നു. വലിയ സ്നേഹവും കരുതലും തരുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. യാതൊരു ടെൻഷനുമില്ലാത്ത, ചിത്രീകരണ സമയത്തുപോലും വളരെ കൂളായി ചില സമയങ്ങളിൽ കുട്ടിയുടെ നിഷ്കളങ്കതയുള്ള, ചില സമയങ്ങളിൽ ചെറിയ പിണക്കങ്ങൾ കാണിക്കുന്ന, എന്നാൽ ഉള്ളിൽ നിറഞ്ഞ സ്നേഹമുള്ള ഒരു വലിയ മനുഷ്യൻ. താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും എല്ലാം ഒരുപോലെ സ്വീകാര്യനായ മനുഷ്യൻ. യാതൊരു കൺഫ്യൂഷനും ഇല്ലാത്ത മികച്ച ടെക്നീഷ്യൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് വളരെ സുഖകരമായിരുന്നു.

'പാഠം ഒന്ന്: ഒരു വിലാപം' മുതൽ 'പെങ്ങളില' വരെ ഏഴ് ചിത്രങ്ങളിൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തു. ക്ലിയർ ഇമേജിന്റെ ബാനറിൽ ആര്യാടൻ ഷൗക്കത്ത് കഥ എഴുതി നിർമിച്ച ചിത്രമായിരുന്നു പാഠം ഒന്ന്: ഒരു വിലാപം. തിരക്കഥയും സംഭാഷണവും സംവിധാനവും ചന്ദ്രൻ സാർ. മീര ജാസ്മിൻ, ഇർഷാദ്, പി. ശ്രീകുമാർ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.

ഈ ചിത്രത്തിലൂടെ മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചു. മികച്ച രണ്ടാമത്തെ നടനായി പി. ശ്രീകുമാറിനും, മികച്ച രണ്ടാമത്തെ നടിയായി റോസ് ലിൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കഥക്ക് നിർമാതാവായ ആര്യാടൻ ഷൗക്കത്തിനും, മീര ജാസ്മിന്റെ അമ്മയായി അഭിനയിച്ച പല്ലവി കൃഷ്ണനും മികച്ച ഡബ്ബിങ്ങിനും അവാർഡ് ലഭിച്ചു. അങ്ങനെ പ്രൊഡക്ഷൻ കൺട്രോളറായി എന്റെ ആദ്യ അനുഭവം വളരെ മധുരമുള്ളതായിരുന്നു.

ചന്ദ്രൻ സാറിനൊപ്പം എന്റെ രണ്ടാമത്തെ ചിത്രം വിലാപങ്ങൾക്കപ്പുറം ആയിരുന്നു. ഈ ചിത്രവും ക്ലിയർ ഇമേജിന്റെ ബാനറിൽ ആര്യാടൻ ഷൗക്കത്ത് കഥ എഴുതി നിർമിച്ചു. ചന്ദ്രൻ സാർ തിരക്കഥ എഴുതി സംവിധാനം ചെയ്തു. പ്രിയങ്ക നായർക്കു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു. ഈ ചിത്രത്തിലും ആര്യാടൻ ഷൗക്കത്തിനും മികച്ച കഥക്കുള്ള അവാർഡ് ലഭിച്ചു. അങ്ങനെ ചന്ദ്രൻ സാറിനൊപ്പം എനിക്ക് ഇരട്ട മധുരം.

മൂന്നാമത്തെ ചിത്രം ഭൂമി മലയാളം ആയിരുന്നു. ചന്ദ്രൻ സാർ തന്നെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചു. സൂപ്പർതാരം സുരേഷ് ഗോപി നായകനായി അഭിനയിച്ച ചിത്രത്തിൽ അദ്ദേഹം ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്. ഗോവിന്ദ് പദ്മ സൂര്യ, സംവൃത സുനിൽ, ലക്ഷ്മി ശർമ, പത്മപ്രിയ മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവർ മറ്റു അഭിനേതാക്കളായിരുന്നു. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം സുരേഷ് ഗോപിയുടെ അഭിനയ പ്രതിഭയെ തെളിയിക്കുന്നതായിരുന്നു.

ശങ്കരനും മോഹനും, ചന്ദ്രൻ സാറിനൊപ്പം ഞാൻ ഒന്നിച്ച നാലാമത്തെ ചിത്രം. ജനപ്രിയ താരം ജയസൂര്യ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച ചിത്രമായിരുന്നു അത്. പ്രകാശ് മൂവി ടോൺ, രാജു മല്യത്ത്. എന്നിവരാണ് നിർമാതാക്കൾ. ഈ പ്രോജക്ടിന്റെ നിർമാണ രംഗത്തേക്ക് ഇവരെ ബന്ധിപ്പിച്ചത് എന്റെ ശ്രമങ്ങളായിരുന്നു. എറണാകുളം, കൊയിലാണ്ടി എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയിൽ മീര നന്ദൻ, മണികണ്ഠൻ പട്ടാമ്പി എന്നിവർ ജയസൂര്യക്കൊപ്പം ഉണ്ടായിരുന്നു. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു ശങ്കരനും മോഹനും. ചന്ദ്രൻ സാറിന്റെ പതിവ് ശൈലിയിൽ നിന്ന് മാറി സഞ്ചരിച്ച ഒരു ചിത്രം കൂടിയായിരുന്നു അത്.

ഭൂമിയുടെ അവകാശികൾ ചന്ദ്രൻ സാറിനൊപ്പം എന്റെ അഞ്ചാമത്തെ ചിത്രം ആയിരുന്നു. ഉടുമ്പ് മുതൽ പാമ്പ് വരെ നിരവധി ജീവികൾ താരങ്ങളോടൊപ്പം കഥാപാത്രങ്ങളായ ചിത്രം. കൈലാഷും, മൈഥിലിയും പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ ശ്രീനിവാസൻ, മാമുക്കോയ, ഇന്ദ്രൻസ്,ടിനി ടോം, ഭഗത് മാനുവൽ തുടങ്ങിയവർ അഭിനയിച്ചു. രാമചന്ദ്ര ബാബു സാറായിരുന്നു ഛായാഗ്രഹണം.

യെസ് സിനിമയുടെ ബാനറിൽ ആനന്ദ് പയ്യന്നൂർ നിർമ്മിച്ച ഭൂമിയുടെ അവകാശികൾ പ്രേക്ഷകർക്ക് പുതുമയുള്ള ദൃശ്യാനുഭവം നൽകുകയും നിരവധി ചലച്ചിത്രമേളകളിൽ പ്രശംസ നേടുകയും ചെയ്തു. ആനന്ദ് ഈ ചിത്രത്തിലേക്ക് എത്താൻ കാരണക്കാരൻ ഞാൻ തന്നെയായിരുന്നു എന്നത് ഈ അവസരത്തിൽ എന്റെ ഓർമ്മകൾക്ക് നിറം പകരുന്നു.

ഞാൻ സാറിനൊപ്പം ഒന്നിച്ച ആറാമത്തെ ചിത്രം മോഹവലയം ആയിരുന്നു. എം. ജെ. രാധാകൃഷ്ണൻ സാർ കാമറ കൈകാര്യം ചെയ്ത ചിത്രം കൂടുതലും ബഹ്റൈനിലും കുറച്ച് ഭാഗങ്ങൾ എറണാകുളത്തുമാണ് ചിത്രീകരിച്ചത്. ജോയ് മാത്യു, മൈഥിലി, ഷൈൻ ടോം ചാക്കോ, സിന്ദ്ര, സുധീഷ് തുടങ്ങിയവർ താരങ്ങളായിരുന്നു. ലാൽ എന്ന നടന്റെ ഏറ്റവും കഴിവ് തെളിയിച്ച ചിത്രമായിരുന്നു “ പെങ്ങളില”. ലാൽ സാറിനൊപ്പം നരേൻ, രഞ്ജി പണിക്കർ, ഇനിയ. എന്നിവർ അഭിനയിച്ച ചിത്രം തൊടുപുഴയിലും തൃശ്ശൂരിലും ചിത്രീകരിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി.

അബ്ദുൾനാസർ നിർമിച്ച ഈ ചിത്രത്തിൽ നിർമ്മാതാവിനെയും ചന്ദ്രൻ സാറിനെയും കൂട്ടിയിണക്കിയ കണ്ണി ഞാനായിരുന്നു എന്നതിൽ ഏറെ അഭിമാനം. പ്രശസ്ത ക്യാമറാമാൻ സന്തോഷ് തുണ്ടിയിൽ ആയിരുന്നു “പെങ്ങളില”യുടെ ഛായാഗ്രഹകൻ. ഈ ഏഴ് സിനിമകൾക്കും ഒരു തരത്തിലോ മറ്റൊരു തരത്തിലോ പുരസ്കാരങ്ങളോ പരാമർശങ്ങളോ ലഭിച്ചു. രാജ്യാന്തര മേളകൾ ഉൾപ്പെടെ നിരവധി ചലച്ചിത്രമേളകളിൽ ഇവയെല്ലാം പ്രദർശിപ്പിച്ചു.

ഈ സിനിമകൾക്ക് പുറമെ, പ്രശസ്ത ചിത്രകാരൻ സി. എൻ. കരുണാകരനെക്കുറിച്ച് ചന്ദ്രൻ സാർ ഒരുക്കിയ ഡോക്യുമെന്ററിയിലും ഞാൻ കൺട്രോളറായിരുന്നു. ചന്ദ്രൻ സാർ തന്റെ ആത്മസുഹൃത്ത് സി. എൻ. കരുണാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ മകൻ ആയില്യൻ കരുണാകരന്റെ നിർമാണത്തിൽ ഡോക്യുമെന്ററി ഒരുക്കുമ്പോൾ, ആ സംഘത്തിന്റെ ചുമതല എന്റെ കൈയിൽ ഏൽപ്പിച്ചത് എനിക്ക് വലിയ അഭിമാനവും സന്തോഷവും നൽകി.

ഒരുമിച്ച് പ്രവർത്തിക്കാൻ ഏറ്റവും സുഖമുള്ള സംവിധായകനാണ് ചന്ദ്രൻ സാർ. ഒരു കഥ രൂപപ്പെടുമ്പോൾ എല്ലാറ്റിലും എന്നെ കൂടെ കൂട്ടാറുണ്ട്. കഥാപാത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, ലൊക്കേഷൻ തിരയൽ, ലൊക്കേഷൻ തീരുമാനിക്കൽ എന്നിവ എല്ലാം. സിനിമ അറിഞ്ഞ് വളർന്ന ആ വലിയ പ്രതിഭ നമ്മെ ഇങ്ങനെ കൂടെ നിർത്തുന്നതിൽ കൂടുതൽ സന്തോഷം മറ്റെന്താണ് ഒരു സിനിമ പ്രവർത്തകനു കിട്ടുക? ചന്ദ്രൻ സാറിന്റെ സിനിമ ജീവിതത്തിന്റെ നാല്പതാം വാർഷിക ആഘോഷങ്ങൾ എറണാകുളം സരോവരം ഹോട്ടലിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടു. ഒരു വിധം എല്ലാ പ്രമുഖ സംവിധായകരും താരങ്ങളും പങ്കെടുത്ത ചടങ്ങിൽ മെഗാ താരം പത്മശ്രീ മമ്മൂട്ടി ആയിരുന്നു മുഖ്യാതിഥി. അത്തരമൊരു ചടങ്ങിന്റെ ആശയം മുന്നോട്ടുവച്ച്, അതിമനോഹരമായി, ഒരു പകൽ ചന്ദ്രൻ സാറിന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാക്കി അത് സംഘടിപ്പിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയിരുന്നു. തികച്ചും ഒരു കുടുംബാംഗത്തിന്റെ, മകന്റെ, സുഹൃത്തിന്റെ ഒക്കെ സ്ഥാനം അന്നും ഇന്നും എനിക്ക് നൽകിയ ചന്ദ്രൻ സാർ എനിക്ക് വാക്കുകൾക്കപ്പുറമാണ്

ടി.വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം എറണാകുളത്ത് ആഘോഷിക്കുന്നു. 2026 മാർച്ച് 1 ന് പൊതുസമ്മേളനം മെഗാ സ്റ്റാർ മമ്മൂട്ടി ഉത്ഘാടനം ചെയ്യും. ഈ ധന്യനിമിഷത്തിൽ ഒരു പാട് സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ട ചന്ദ്രൻ സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MOLLYWOODTV ChandranEntertainment NewsCelebritiesshaji pattikkara
News Summary - Director TV Chandran's film career spans half a century; says writer Shaji Pattikkara
Next Story