Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘രാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞുവന്നാൽ ഇന്നസെന്റിനെ വിളിക്കാൻ തോന്നും, രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറിൽ വിളിച്ചു’
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right‘രാവിലെ എണീറ്റ്...

‘രാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞുവന്നാൽ ഇന്നസെന്റിനെ വിളിക്കാൻ തോന്നും, രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറിൽ വിളിച്ചു’

text_fields
bookmark_border

അന്തരിച്ച നടൻ ഇന്നസെന്റുമായി ഉണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന കുറിപ്പുമായി സംവിധായകൻ സത്യൻ അന്തിക്കാട്. രാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞുവന്ന് ഇരുന്നാൽ ഇന്നസെന്റിനെ വിളിക്കാൻ തോന്നും. രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറിൽ വിളിച്ചുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നടൻ ഇന്നസെന്റിന്റെ മികച്ച കഥാപാത്രങ്ങളിൽ പലതും പ്രേക്ഷകർ കണ്ടത് സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെയായിരുന്നു. ഇരുവരും തമ്മിൽ വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്.

‘ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം രാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞുവന്ന് ഇരുന്നാൽ ഇന്നസെന്റിനെ വിളിക്കാൻ തോന്നും. രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറിൽ വിളിച്ചു. അപ്പുറത്ത് ഇന്നസെന്റ് ഇല്ലല്ലോ എന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞ ഉടനെ കട്ട് ചെയ്തു. വർഷങ്ങളായുള്ള ശീലമാണ്. ഒന്നുകിൽ അങ്ങോട്ട് - അല്ലെങ്കിൽ ഇങ്ങോട്ട്! ദിവസം ആരംഭിക്കുന്നത് ആ സംഭാഷണങ്ങളിലൂടെയാണ്, ആ ശബ്ദത്തിലൂടെയാണ്, കറയില്ലാത്ത ആ സ്നേഹത്തിലൂടെയാണ്’-സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം താഴെ

ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം രാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞുവന്ന് ഇരുന്നാൽ ഇന്നസെന്റിനെ വിളിക്കാൻ തോന്നും. രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറിൽ വിളിച്ചു. അപ്പുറത്ത് ഇന്നസെന്റ് ഇല്ലല്ലോ എന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞ ഉടനെ കട്ട് ചെയ്തു. വർഷങ്ങളായുള്ള ശീലമാണ്. ഒന്നുകിൽ അങ്ങോട്ട് - അല്ലെങ്കിൽ ഇങ്ങോട്ട്! ദിവസം ആരംഭിക്കുന്നത് ആ സംഭാഷണങ്ങളിലൂടെയാണ്. ആ ശബ്ദത്തിലൂടെയാണ്. കറയില്ലാത്ത ആ സ്നേഹത്തിലൂടെയാണ്.

എല്ലാവരും ഇവിടംവിട്ട് പോകേണ്ടവരാണ് എന്ന തികഞ്ഞ ബോധ്യമുണ്ടെങ്കിലും നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളംകാലം ഇവരൊക്കെ കൂടെയുണ്ടാകണം എന്ന് ആഗ്രഹിച്ചുപോകുന്നു. അതൊരു ധൈര്യമാണ്. സന്തോഷമാണ്.

കഴിഞ്ഞ ദിവസം വീണ്ടും കുടുംബത്തോടെ ഇരിങ്ങാലക്കുടയിൽ പോയി. വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. വേനൽച്ചൂടിനെ നേർത്ത കാറ്റ് വീശിയകറ്റുന്നുണ്ടായിരുന്നു. 'പാർപ്പിട'ത്തിന്റെ ഗേറ്റ് തുറന്നു കിടക്കുകയാണ്. പുറത്തൊന്നും ആരുമില്ല. മുറ്റത്ത് കാർ നിർത്തി ഞാനിറങ്ങി. ഒഴിഞ്ഞ വരാന്തയിൽ ഇന്നസെന്റ് എപ്പോഴും ഇരിക്കാറുള്ള ചാരുകസേര! ആ കസേരയിലിരുന്നാണ് 'കേറിവാ സത്യാ' എന്ന് ഇന്നസെന്റ് ക്ഷണിക്കാറുള്ളത്. വല്ലാത്തൊരു ശൂന്യത.

അധികം വൈകാതെ ആലീസും സോണറ്റുമൊക്കെ എത്തി. അവർ സെമിത്തേരിയിൽ പോയതായിരുന്നു. ഇന്നസെന്റിന്റെ കല്ലറയിൽ പ്രാർഥിക്കാൻ.

''എന്നും വൈകുന്നേരം ഞങ്ങളവിടെ പോകും. അപ്പച്ചൻ കൂടെയുള്ളതുപോലെ തോന്നും'', സോണറ്റ് പറഞ്ഞു.

''എപ്പോൾ ചെന്നാലും അവിടെ കുറെ പൂക്കൾ ഇരിപ്പുണ്ടാകും. നമ്മൾപോലുമറിയാത്ത എത്രയോ പേർ നിത്യവും അവിടെവന്ന് പൂക്കളർപ്പിച്ച് പ്രാർഥിക്കുന്നു. ആളുകളുടെ ഈ സ്നേഹമാണ് ഇപ്പോൾ ഞങ്ങളെ കരയിക്കുന്നത്. അപ്പച്ചൻ ഇതറിയുന്നില്ലല്ലോ എന്ന സങ്കടം.''

സ്നേഹസമ്പന്നനായിരുന്നു ഇന്നസെന്റ്. ഷൂട്ടിങ് സെറ്റിൽ ക്യാമറാമാൻ ലൈറ്റിങ് നടത്തിക്കൊണ്ടിരിക്കുന്ന ഇടവേളകളിൽ ഞങ്ങളൊക്കെ ഇന്നസെന്റിനു ചുറ്റും കൂടും. എത്രയെത്ര കഥകളാണ് ഇന്നസെന്റ് പറയുക! നർമത്തിലൂടെ എത്രയെത്ര അറിവുകളാണ് അദ്ദേഹം പകർന്നു നൽകുക.

പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് ഒരുവർഷം കഴിഞ്ഞിട്ടേയുള്ളൂ. ഞാൻ പരിചയപ്പെട്ടതിനുശേഷം ഇന്നസെന്റ് പണിതീർത്ത നാലാമത്തെ വീടാണ് ഇപ്പോഴത്തെ പാർപ്പിടം.

എല്ലാ വീടുകൾക്കും 'പാർപ്പിടം' എന്നുതന്നെയാണ് പേരിടുക. പുതിയ വീട് കുറേക്കൂടി സൗകര്യമുള്ളതാണ്. വിശാലമായ സ്വീകരണ മുറി. മുകളിലെ നിലകളിലേക്കു പോകാൻ സ്റ്റാർ ഹോട്ടലുകളിൽ ഉള്ളതിനേക്കാൾ ഭംഗിയുള്ള ലിഫ്റ്റ്!

''ഇതെന്തിനാ ഇന്നസെന്റേ ലിഫ്റ്റ്?'' എന്ന് വീടുപണി നടക്കുന്ന സമയത്ത് ഞാൻ ചോദിച്ചിരുന്നു.

''വയസ്സായി കോണി കയറാനൊക്കെ ബുദ്ധിമുട്ടാകുന്ന കാലത്ത് ഇതൊക്കെ ഉപകാരപ്പെടും.''

പക്ഷേ, ആ കാലത്തിനുവേണ്ടി ഇന്നസെന്റ് കാത്തു നിന്നില്ല. എല്ലാ സൗകര്യങ്ങളും തന്റെ പ്രിയപ്പെട്ടവർക്ക് വിട്ടുകൊടുത്ത് മൂപ്പരങ്ങുപോയി.

പുതിയ വീട്ടിൽ താമസം തുടങ്ങിയ സമയത്ത് ഒരുദിവസം ഇന്നസെന്റ് പറഞ്ഞു:

''ചില സന്ദർശകരുണ്ട്. അത് ബന്ധുക്കളോ പരിചയക്കാരോ ആകാം. നമ്മളെയൊന്ന് കൊച്ചാക്കിക്കാണിക്കാൻ വലിയ താത്പര്യമാണ്. ഈയിടെ വന്ന ഒരാൾചോദിച്ചു, ഇന്നസെന്റേട്ടന്റെ ഹൈസ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോ ഒന്നും ഇവിടെ കാണുന്നില്ലല്ലോ.''

പണ്ട് പത്താംക്ലാസിലെ പരീക്ഷ കഴിഞ്ഞാൽ ഹെഡ്മാസ്റ്ററോടൊപ്പം ഇരുന്ന് കുട്ടികളുടെ ഫോട്ടോ എടുക്കുന്ന പതിവുണ്ട്. പല വീടുകളിലും ആ ഫോട്ടോ ഫ്രെയിം ചെയ്ത് വയ്ക്കാറുമുണ്ട്. അത് കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്നതിന്റെ അർഥം നിങ്ങൾ പത്താംക്ലാസുവരെ പഠിച്ചിട്ടില്ലല്ലോ എന്ന ഓർമപ്പെടുത്തൽ തന്നെയാണ്. ഇന്നസെന്റ് അയാളോട് പറഞ്ഞു:

''സ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോ ഇല്ല. പക്ഷേ, വേറൊരു ഫോട്ടോ ഉണ്ട്.''

എന്നിട്ട് ഒരു ചുമരിന്റെ മുഴുവൻ വലുപ്പത്തിൽ പതിച്ചു വെച്ചിട്ടുള്ള പാർലമെന്റ് അംഗങ്ങളുടെ ഗ്രൂപ്പ്‌ഫോട്ടോ കാണിച്ചു കൊടുത്തു. അതിൽ ഇന്നസെന്റിന്റെ കൂടെ നിൽക്കുന്നത് നരേന്ദ്രമോദിയടക്കമുള്ള കേന്ദ്രമന്ത്രിമാരും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമൊക്കെയാണ്.

സന്ദർശകന്റെ പരിഹാസമുന ഒടിഞ്ഞു. അധികനേരം അവിടെ നിൽക്കാതെ അയാൾ സ്ഥലംവിട്ടു.

ഇപ്പോൾ ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ ഞാനാ ഫോട്ടോയുടെ മുന്നിൽ നിൽക്കുകയാണ്. ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്ന സഭയിലേക്ക് ജനങ്ങൾ തിരഞ്ഞെടുത്തയച്ചതാണ് ആ മനുഷ്യനെ. അന്ന് ടി.വി. ചാനലുകളുടെ ചർച്ചയിലിരുന്ന് പല പ്രഗൽഭരും കളിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇംഗ്ലീഷ്‌ പോലുമറിയാത്ത ഈ സിനിമാനടൻ അവിടെചെന്ന് എന്തുചെയ്യാനാണ് എന്നൊക്കെയായിരുന്നു പരിഹാസം. രാഷ്ട്രഭാഷയായ ഹിന്ദിയിൽ അനായാസം സംസാരിക്കാൻ കഴിയുമെന്നിരിക്കെ ഇംഗ്ലീഷ് എന്തിന് എന്ന് ഇന്നസെന്റ് അവരോട് ചോദിച്ചില്ല. പക്ഷേ, അറിയാവുന്നവർക്ക് അത് അറിയാമായിരുന്നു. പാർലമെന്റിന്റെ ആദ്യസമ്മേളനത്തിൽ പങ്കെടുത്തുവന്ന സമയത്ത് ഇന്നസെന്റ് പറഞ്ഞു: ''പണ്ട് തുകൽബാഗ് വ്യാപാരത്തിന് ബോംബെയിൽ കറങ്ങി നടന്ന കാലത്ത് കിട്ടിയതാണ് ഹിന്ദി. വർഷങ്ങൾക്കുശേഷം ഞാൻ എം.പി.യായി ഡൽഹിയിലെത്തുമെന്ന് കർത്താവ് മുൻകൂട്ടി അറിഞ്ഞുകാണും.''

വടക്കേ ഇന്ത്യക്കാരായ പല എം.പി.മാരും ഇന്നസെന്റിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഇന്നത്തെ മന്ത്രി എം.ബി. രാജേഷ് എന്നോട് പറഞ്ഞിട്ടുണ്ട്. രാജേഷും അന്ന് എം.പി.യായിരുന്നു. 'കാൻസർ വാർഡിലെ ചിരി' എന്ന തന്റെ പുസ്തകത്തിന്റെ ഇറ്റാലിയൻ ഭാഷയിലിറങ്ങിയ പതിപ്പ് സോണിയ ഗാന്ധിക്ക് കൊടുത്തപ്പോൾ അരമണിക്കൂറോളമാണ് അവർ ഇന്നസെന്റുമായി സംസാരിച്ചത്. കാൻസർ എന്ന രോഗത്തെക്കുറിച്ചും ഇന്നസെന്റ് അതിനെ നേരിട്ടതിനെക്കുറിച്ചുമാണ് സോണിയ ചോദിച്ചറിഞ്ഞത്. വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള അഭ്യാസങ്ങളൊന്നും എം.പി.യായിരുന്ന കാലത്ത് അദ്ദേഹം നടത്തിയിട്ടില്ല. തന്റെ മണ്ഡലത്തിനു വേണ്ടി തന്നെക്കൊണ്ടാവുന്നതൊക്കെ ചെയ്തു.

ഇന്നസെന്റ് എം.പി.യായിക്കഴിഞ്ഞ ഉടനെ ചാലക്കുടി മണ്ഡലത്തിൽ പൂർത്തിയായ ഒരു പാലത്തിന്റെ ഉദ്ഘാടനമുണ്ടായിരുന്നു. എം.പി. ഫണ്ടിന്റെ സഹായത്തോടെ നിർമ്മിച്ച പാലമാണ്. തന്റെ വലിയൊരു ഫ്ളക്‌സ് പാലത്തിനടുത്ത് ഉയർത്താനൊരുങ്ങിയ പ്രവർത്തകരോട് ഇന്നസെന്റ് പറഞ്ഞുവത്രേ: ''എന്റെ പടമല്ല. കഴിഞ്ഞതവണ എം.പി. ആയിരുന്ന ധനപാലന്റെ പടമാണവിടെ വയ്ക്കേണ്ടത്. അദ്ദേഹമാണ് ഈ പദ്ധതിക്കു വേണ്ടി ശ്രമിച്ചിട്ടുള്ളത്.''

കേവലം ഒരു രാഷ്ട്രീയക്കാരന് ഇത് പറയാൻ പറ്റില്ല. ഇന്നസെന്റ് മണ്ണിൽ കാലു തൊട്ടു നിൽക്കുന്ന പച്ച മനുഷ്യനായിരുന്നു. കാപട്യം കലരാത്ത രാഷ്ട്രീയക്കാരനായിരുന്നു.

പണ്ടൊക്കെ 'പാർപ്പിട'ത്തിൽ ചെന്നാൽ ഇന്നസെന്റിനെക്കാൾ കൂടുതൽ നമ്മളെ ചിരിപ്പിക്കുക ആലീസാണ്. മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ആലീസ് തമാശ പറയുക. ഇന്നസെന്റിനുപോലും ചിലപ്പോൾ ഉത്തരം മുട്ടിപ്പോകും.

സുഖത്തിലും ദുഃഖത്തിലും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ഇന്ന് തനിച്ചായിരിക്കുന്നു. സോണറ്റും രശ്മിയും അന്നയും ഇന്നുവുമൊക്കെ കൂട്ടിനുണ്ടെങ്കിലും ഒറ്റപ്പെട്ട ഒരു തുരുത്തിൽ അകപ്പെട്ടുപോയതുപോലെയാണിപ്പോൾ ആലീസ്. കരഞ്ഞുകരഞ്ഞ് കണ്ണീർ ഗ്രന്ഥികൾ വറ്റിപ്പോയിരിക്കുന്നു. മുഖത്തെ കുസൃതിയും പ്രസന്നതയും മാഞ്ഞു പോയിരിക്കുന്നു.

''ആലീസ് പഴയതുപോലെയാകണം.'' ഞാൻ പറഞ്ഞു.

സങ്കടങ്ങൾ കാണാൻ ഇഷ്ടമില്ലാത്ത ആളാണ് ഇന്നസെന്റ്. മാരകമായ അസുഖത്തെപ്പോലും കോമഡിയാക്കിയ മാന്ത്രികനാണ്. ഈ വീട്ടിൽ ചിരിയും തമാശകളും വീണ്ടും നിറയണം. എവിടെയിരുന്നാലും ഇന്നസെന്റ് അത് ആഗ്രഹിക്കുന്നുണ്ട്.

അപാരമായ നർമബോധമുള്ള ആളാണ് ഇന്നസെന്റിന്റെ മകൻ സോണറ്റ്. അപ്പച്ചനും മോനും കൂടിയിരുന്ന് സംസാരിക്കുന്നതു കേട്ടാൽ ആർക്കാണ് ചിരിപ്പിക്കാനുള്ള കഴിവ് കൂടുതൽ എന്ന് നമ്മൾ സംശയിച്ചു പോകും.

വിടപറഞ്ഞ ദിവസം മുതൽ ഇന്നസെന്റിന്റെ വീട്ടിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് ഇനിയും നിലച്ചിട്ടില്ല. ഗോവാ ഗവർണർ ശ്രീധരൻപിള്ളയടക്കമുള്ള ഭരണകർത്താക്കളും രാഷ്ട്രീയക്കാരും കലാകാരന്മാരും വന്നുകൊണ്ടേയിരിക്കുന്നു. അവരോടൊക്കെ നന്ദി പറഞ്ഞും സ്നേഹം പങ്കിട്ടും ഉള്ളിലെ സങ്കടക്കടൽ ഒതുക്കി നിൽക്കുകയാണ് സോണറ്റ്.

ഞങ്ങൾ സംസാരിച്ചിരിക്കേ സോണറ്റിനെ ഫോണിൽ ആരോ വിളിച്ചു. സംസാരിച്ചു തുടങ്ങിയപ്പോൾ സോണറ്റിന്റെ മുഖം വിഷാദപൂർണമാകുന്നത് ഞാൻ കണ്ടു. മറുതലയ്ക്കൽ നിന്ന് പറയുന്നതൊക്കെ സോണറ്റ് മൂളിക്കേൾക്കുകയാണ്.

ഫോണ്‍വെച്ച് നിശ്ശബ്ദനായിരുന്ന സോണറ്റിനോട് വിളിച്ചത് ആരാണെന്ന് ഞാൻ ചോദിച്ചു. എന്നോടുപോലും ഇന്നസെന്റ് പറഞ്ഞിട്ടില്ലാത്ത ഒരു അനുഭവം സോണറ്റ് പങ്കുവെച്ചു.

എം.പി. ആയിരുന്ന കാലത്ത് ദുബായിൽനിന്ന് അപരിചിതനായ ഒരാൾ ഇന്നസെന്റിനെ വിളിച്ചു. മുപ്പതുവർഷമായി അയാൾ ദുബായിലെ ജയിലിൽ കഴിയുകയാണ്. ഒരു ചതിയിൽപെട്ടതായിരുന്നു ആ മനുഷ്യൻ. ഗൾഫിലൊരു ജോലി സ്വപ്നംകണ്ട് ആരുടെയൊക്കെയോ കൈയുംകാലുംപിടിച്ച് വിസ സംഘടിപ്പിച്ച് ദുബായിലേക്കു പോകാൻ എയർപോർട്ടിലെത്തിയ അയാളുടെ കൈയിൽ ഒരു പരിചയക്കാരൻ ഒരു പൊതി ഏൽപ്പിച്ചു. ഗൾഫിലെത്തിയാൽ തന്റെ സുഹൃത്ത് വന്ന് അത് വാങ്ങിക്കോളും എന്നാണയാൾ പറഞ്ഞത്. വിലകൂടിയ മയക്കുമരുന്നായിരുന്നു പൊതിയിൽ. ദുബായ് എയർപോർട്ടിലെ പരിശോധനയിൽ പിടിക്കപ്പെട്ടു. അന്ന് ജയിലിലായതാണ്. പിന്നെ പുറത്തിറങ്ങിയിട്ടില്ല. നീണ്ട മുപ്പതുവർഷങ്ങൾ. അതിനിടയിൽ അയാളുടെ രക്ഷിതാക്കൾ മരിച്ചു. മക്കളുടെ കല്യാണം കഴിഞ്ഞു. അതൊന്നും കാണാൻ അയാൾക്ക് സാധിച്ചില്ല. പുറത്തിറക്കാൻ ആരുമില്ലായിരുന്നു. എം.പി. എന്ന നിലയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചിട്ടാണ് അയാൾ വിളിച്ചത്.

വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ് തന്റെ സെക്രട്ടറിയെക്കൊണ്ട് ഒരു നിവേദനം തയ്യാറാക്കി. അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജിനെ നേരിട്ടുകണ്ട് കാര്യങ്ങൾ ബോധിപ്പിച്ച് ആ നിവേദനം കൊടുത്തു. സുഷമാസ്വരാജ് അത് ഗൗരവമായെടുത്തു. കേന്ദ്രതലത്തിലുള്ള ഇടപെടലുണ്ടായി. വൈകാതെ അയാൾ മോചിതനായി. നാട്ടിലെത്തിയ ഉടനെ അയാൾ ഇന്നസെന്റിനെ വന്നുകണ്ട് കണ്ണീരോടെ നന്ദി പറഞ്ഞു. കുറച്ചു മാസങ്ങൾക്കു ശേഷം അയാൾ വീണ്ടും വിളിക്കുന്നു. ഇത്തവണ മറ്റൊരു സങ്കടമാണ് പറയാനുണ്ടായിരുന്നത്.

ജോലിയൊന്നും കിട്ടുന്നില്ല. പ്രായവും കുറച്ചായി. ജീവിക്കാൻ ലോട്ടറിക്കച്ചവടം ചെയ്താൽ കൊള്ളാമെന്നുണ്ട്. പക്ഷേ, ഇരുപതിനായിരം രൂപയെങ്കിലും ഉണ്ടെങ്കിലേ അത് തുടങ്ങാൻ പറ്റൂ. ആരോട് ചോദിച്ചാലാ കിട്ടുക? ആരോടും ചോദിക്കണ്ട. ഞാനയച്ചുതരാം എന്നുപറഞ്ഞു ഇന്നസെന്റ്. ഇന്നസെന്റ് കൊടുത്ത ഇരുപതിനായിരം രൂപയിൽനിന്ന് അയാളും കുടുംബവും ജീവിതം തുടങ്ങി. അവസാനമായി ഒരുനോക്കുകാണാൻ ജനക്കൂട്ടത്തിനിടയിൽ താനുമുണ്ടായിരുന്നു എന്നുപറഞ്ഞു അയാൾ. കരച്ചിൽകൊണ്ട് വാക്കുകൾ മുറിഞ്ഞിട്ടാണത്രേ ഫോണ്‍ വെച്ചത്.

നമ്മളോട് പറഞ്ഞിട്ടില്ലാത്ത നന്മയുടെ കഥകൾ ഇനിയുമുണ്ടാകാം. സ്വയം കളിയാക്കുന്ന കഥകളേ ഇന്നസെന്റ് പറയാറുള്ളൂ. കേൾക്കുന്നവർക്ക് അതാണ് ഇഷ്ടമെന്ന് അദ്ദേഹത്തിനറിയാം.

പതിനെട്ടുവർഷം 'അമ്മ' എന്ന സംഘടനയെ നയിച്ച ആളാണ് ഇന്നസെന്റ്. സിനിമാമേഖലയിലെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. രൂക്ഷമായ വിമർശനങ്ങളെപ്പോലും ചിരിച്ചുകൊണ്ടാണ് ഇന്നസെന്റ് നേരിട്ടത്.

ഇന്നസെന്റ് എന്ന പേരിനെ കളിയാക്കിക്കൊണ്ട് ഒരിക്കൽ സുകുമാർ അഴീക്കോട് പറഞ്ഞു: ''പേരിനും ആളിനും തമ്മിൽ എന്തെങ്കിലും ഒരു യോജിപ്പ് വേണ്ടേ? ഇന്നസെന്റിന് അതില്ല.''

ഉടനെ വന്നു ഇന്നസെന്റിന്റെ മറുപടി: ''പക്ഷേ, സുകുമാർ അഴീക്കോടിന് അദ്ദേഹത്തിന്റെ പേരുമായി നല്ല യോജിപ്പാണ്. ഇത്രയും സൗകുമാര്യമുള്ള ഒരു രൂപം ഞാൻ വേറെ കണ്ടിട്ടില്ല.''

അമല ആശുപത്രിയിൽ അഴീക്കോടിനെ കാണാൻ ഇന്നസെന്റ് വന്നപ്പോൾ ഞാനുമുണ്ടായിരുന്നു കൂടെ.

ചിരിച്ചുകൊണ്ട് അഴീക്കോട് മാഷ് പറഞ്ഞു: ''ഇന്നസെന്റ് അതുപറഞ്ഞപ്പഴാ ഞാൻ കണ്ണാടി നോക്കിയത്. മറ്റേത് ഞാൻ തിരിച്ചെടുത്തു കേട്ടോ.''

''ഞാനും ഒരു നേരമ്പോക്കിന് പറഞ്ഞതല്ലേ മാഷേ'' എന്നുപറഞ്ഞ് ഇന്നസെന്റ് തികച്ചും ഇന്നസെന്റായിത്തന്നെ ചിരിച്ചു.

അഖിലിന്റെ 'പാച്ചുവും അത്ഭുതവിളക്കു'മാണ് ഇന്നസെന്റ് അഭിനയിച്ച അവസാനത്തെ ചിത്രം. അഖിലിനെയും അനൂപിനെയും വലിയ ഇഷ്ടമായിരുന്നു. പുതിയ തമാശകൾ തോന്നിയാൽ അവരെ വിളിച്ചാണ് ആദ്യം പറയുക.

''തന്റെ മക്കൾക്ക് തമാശ കേട്ടാൽ പെട്ടെന്ന് മനസ്സിലാകും. അവരോട് മാറ്റുരച്ചിട്ടാണ് ഞാനതൊക്കെ പുറത്തുവിടുന്നത്.''

ആ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് കണ്ടപ്പോൾ തമാശയായി ഇന്നസെന്റ് പറഞ്ഞു:

''ഇവനുണ്ടല്ലോ- ഈ അഖിൽ- അവൻ ഷൂട്ടിങ്ങിനോടൊപ്പം ലൈവായി ശബ്ദം റെക്കോഡ് ചെയ്യുന്നത് പിന്നീട് ഡബ്ബിങ്ങിന് എന്നെ കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ചിട്ടാണ്.''

ഇത്രവേഗം വിട പറയേണ്ടിവരുമെന്ന് കരുതിയല്ല ഇന്നസെന്റ് അത് പറഞ്ഞത്. പക്ഷേ, ആ സിനിമയൊന്ന് കാണാൻ കാത്തുനിൽക്കാതെ അദ്ദേഹം പോയി. ആലീസിനോടും സോണറ്റിനോടുമൊക്കെ വീണ്ടും വരാം എന്നു പറഞ്ഞ് പാർപ്പിടത്തിന്റെ പടിയിറങ്ങുമ്പോൾ വരാന്തയിൽ ഇന്നസെന്റ് ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടെന്ന് തോന്നി. തിരിഞ്ഞുനോക്കാതെ ഞാൻ കാറിൽകയറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InnocentSathyan Anthikad
News Summary - director sathyan anthikkadu remembering actor innocent
Next Story