പരാതി നൽകാൻ 12 വർഷമെടുത്തു, പീഡനം നടന്നെന്ന് പറയുന്ന ഹോട്ടൽ അന്ന് നിർമിച്ചിട്ടില്ല; രഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി
text_fieldsകോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി. കർണാടക ഹൈകോടതിയുടേതാണ് നടപടി. യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമെന്ന് കോടതി പറഞ്ഞു. സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് യുവാവ് പരാതി നൽകിയത്. ജസ്റ്റിസ് എസ്. ആർ. കൃഷ്ണ കുമാറിന്റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.
2012ൽ സിനിമയിൽ അവസരം ചോദിച്ച് ചെന്നപ്പോൾ ബംഗളൂരുവിൽവെച്ച് പീഡനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവാവ് പരാതി നൽകിയത്.
ബംഗളൂരുവിലെ താജ് ഹോട്ടലിലാണ് പീഡനം നടന്നതെന്ന് യുവാവ് വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവം നടന്നെന്ന യുവാവ് പറയുന്നതിന് നാല് വർക്ഷത്തിന് ശേഷമാണ് ഹോട്ടൽ നിർമിച്ചത്. പരാതി നൽകാൻ എടുത്ത 12 വർഷത്തെ കാലതാമസവും പൂർണമായും വിശദീകരിക്കപ്പെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കിയത്.
2012ൽ ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് കോഴിക്കോട്ടെ ലൊക്കേഷനിൽ വെച്ചാണ് യുവാവ് രഞ്ജിത്തിനെ ആദ്യമായി കാണുന്നത്. പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്തിനെ കാണാമെന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചു. പരിചയപ്പെട്ട ശേഷം ടിഷ്യു പേപ്പറിൽ അദ്ദേഹത്തിന്‍റെ നമ്പർ കുറിച്ചുനൽകി. അതിൽ മെസേജ് അയച്ചാൽ മാത്രം മതിയെന്നായിരുന്നു നിർദേശം.
രണ്ട് ദിവസത്തിനു ശേഷം ബംഗളൂരുവിലെ താജ് ഹോട്ടലിൽ രഞ്ജിത് നിർദേശിച്ച പ്രകാരം എത്തി. മദ്യപിച്ച നിലയിലാണ് അദ്ദേഹത്തെ മുറിയിൽ കണ്ടത്. അൽപനേരം സംസാരിച്ച ശേഷം നഗ്നനായി കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നടന്ന കാര്യങ്ങൾ വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പരാതിയിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും യുവാവ് വ്യക്തമാക്കിയിരുന്നു.
ബംഗാളി നടിയും രഞ്ജിത്തിനെതിരെ ആരോപണം ഉയർത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു യുവാവിന്‍റെ ആരോപണം. ഗുരുതര ആരോപണങ്ങളെ തുടർന്ന് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

