കണ്ണീർമഴയത്ത് ചിരിയുടെ കുട ചൂടി കടന്നുപോയൊരാൾ
text_fieldsകൊടുങ്ങല്ലൂരിന്റെ ഗതകാലമനസ്സുകളിൽ ഇന്നും മാഞ്ഞുപോകാത്ത സുവർണ നാമമാണ് ബഹദൂർ. പകരംവെക്കാനില്ലാത്ത അഭിനേതാവായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ കൊടുങ്ങല്ലൂരുകാരുടെ പ്രിയപ്പെട്ട കുഞ്ഞാലു. ഒരു ‘പച്ചമനുഷ്യന്’ എങ്ങനെ കാലത്തിന് മായ്ച്ചുകളയാനാകാത്ത ഉജ്ജ്വല കലാകാരനാകാനാകുമെന്ന് ബോധ്യപ്പെടുത്തിയാണ് അദ്ദേഹം അരങ്ങൊഴിയുന്നത്. ചിരിച്ചും ചിരിപ്പിച്ചും ഉള്ളിലെ നോവുകൾ തന്നിലൊതുക്കി ‘കോമാളി കരയാൻ പാടില്ല’ എന്ന് ചാപ്ലിനെപ്പോലെ നമ്മെ ഓർമിപ്പിച്ച് മലയാളിയുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു അയാൾ.
മദിരാശിയിലെ സിനിമയുടെ മായികലോകത്ത് ജീവിച്ചപ്പോഴൊന്നും അദ്ദേഹം കൊടുങ്ങല്ലൂരിനെ മറന്നില്ല. ആ ആതിഥ്യം ഒരുപാട് തവണ അനുഭവിക്കാൻ ഭാഗ്യംകിട്ടിയ ആളാണ് ഞാൻ. അതിഥികൾക്കു മുന്നിൽ ആ തീന്മേശ സമൃദ്ധമായിരുന്നു, ഒപ്പം ആ സ്നേഹസൗഹൃദവും.
ബഹദൂർ ജനിച്ച കൊടുങ്ങല്ലൂരിലെ പ്രസിദ്ധവും പുരാതനവുമായ പടിയത്ത് തറവാട്, ജീവിതത്തിന്റെ വിവിധ മേഖലകളിൽ അഭിമാനനേട്ടങ്ങൾ ഉണ്ടാക്കിയ നിരവധി മഹദ് വ്യക്തികളാൽ സമ്പന്നമായിരുന്നു. എന്റെ ഉമ്മയുടെ കുടുംബം വഴി ഞാനും ആ തറവാട്ടിലെ അംഗമാണ്.
എനിക്ക് മുൻഗാമികളായി സിനിമാരംഗത്ത് ബഹദൂർ മാത്രമല്ല, നോവലിസ്റ്റും തിരക്കഥാകൃത്തുമായ മൊയ്തു പടിയത്ത്, നടൻ സുധീർ, എന്റെ ഉമ്മയുടെ ഇളയസഹോദരൻ ‘ത്രാസ’ത്തിന്റെ സംവിധായകൻ അഷ്റഫ് പടിയത്ത് (പടിയൻ), കൂടാതെ സംവിധായകരായ സലിം പടിയത്ത്, സിദ്ദീഖ് ഷമീർ (മൊയ്തു പടിയത്തിന്റെ മകൻ)... ആ നിര നീളുന്നു.
ഉമ്മയുടെ മൂത്താപ്പാടെ മകൻ മൊയ്തു പടിയത്ത് തിരക്കഥയെഴുതി പ്രേംനസീറും മധുവും ഷീലയും അംബികയും ബഹദൂറും അഭിനയിച്ച ‘കുട്ടിക്കുപ്പായം’ അക്കാലത്തെ സൂപ്പർഹിറ്റ് സിനിമയായിരുന്നു. ഉമ്മയുടെ എറിയാട്ടെ തറവാടിനടുത്തുള്ള ഓലമേഞ്ഞ ചേരമാൻ ടാക്കീസിൽ കുട്ടിക്കുപ്പായം ആഴ്ചകളോളം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ഞങ്ങൾ അന്ന് കുട്ടികളുടെ വൈകുന്നേരങ്ങൾ സിനിമാപ്പാട്ടുകൾകൊണ്ടും സിനിമാക്കഥകൾകൊണ്ടും ആഘോഷഭരിതമായിരുന്നു. തറവാട്ടിലെയും ബന്ധുവീടുകളിലെയും സ്ത്രീകൾ ഒക്കെ മാറിമാറി പലതവണ ‘കുട്ടിക്കുപ്പായം’ കണ്ടു. ‘ഒരുകൊട്ട പൊന്നുണ്ടല്ലോ, മിന്നുണ്ടല്ലോ’ തുടങ്ങിയ അതിലെ ബാബുരാജിന്റെയും ഭാസ്കരൻ മാഷിന്റെയും പാട്ടുകൾ അവർ ആവർത്തിച്ച് പാടി.
പിൽക്കാലത്ത് സിനിമയിൽ പ്രസിദ്ധരായ പലരുടെയും കോടമ്പാക്കത്തെ തണൽമരമായിരുന്നു ബഹദൂർ. വർഷങ്ങൾക്കുമുമ്പ് മലയാള സിനിമയിലെ പ്രമുഖരെയെല്ലാം അണിനിരത്തി കൊടുങ്ങല്ലൂരിനെ അക്ഷരാർഥത്തിൽ ജനസമുദ്രമാക്കി ഈനാട് അദ്ദേഹത്തിന് ഒരു മഹാസ്വീകരണം നൽകുകയുണ്ടായി. അന്ന് പ്രസംഗത്തിനിടെ വികാരാധീനനായി അടൂർ ഭാസി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. ‘‘ഈ ആൾക്കൂട്ടത്തിൽ ഏതെങ്കിലും ഒരു അടൂർക്കാരൻ ഉണ്ടെങ്കിൽ അവിടെപ്പോയി പറ, നിങ്ങളുടെ നാട്ടിൽ അടൂർ ഭാസി എന്ന ഒരു കലാകാരൻ ജീവിച്ചിരിപ്പുണ്ടെന്ന്...’’ കൊടുങ്ങല്ലൂരും ബഹദൂറും തമ്മിലുള്ള ആത്മബന്ധത്തിന്റെ സാക്ഷ്യപ്പെടുത്തൽകൂടിയായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

