സനൽകുമാർ ശശിധരന്റെ സമരം സ്ത്രീവിരുദ്ധം; പിന്തുണച്ചതിൽ ഖേദിക്കുന്നു: ഡോ. ബിജു
text_fieldsസനൽകുമാർ ശശിധരൻ, ഡോ. ബിജു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സംവിധായകൻ സനൽകുമാർ ശശിധരൻ നടത്തുന്ന സമരം തികഞ്ഞ സ്ത്രീവിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതും സ്റ്റോക്കിംഗുമാണെന്ന് പ്രമുഖ ചലച്ചിത്ര സംവിധായകൻ ഡോ. ബിജു കുമാർ ദാമോദരൻ. സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്വവുമുള്ള ഒരു പ്രശസ്തയായ നടിയുടെ പേരെഴുതിവെച്ച് അവർ 'സെക്‌സ് റാക്കറ്റിന്റെ തടവിലാണ്' എന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുന്നത് അതിക്രമമാണെന്നും ഇതിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
രണ്ടുമാസം മുൻപ് സനൽകുമാറിനെതിരായ പോലീസ് കേസുകളിൽ വേഗത്തിൽ നീതിപൂർവമായ അന്വേഷണം നടത്തണമെന്ന മാനുഷിക ആവശ്യം മുൻനിർത്തി സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവനയിൽ പേര് വെക്കാൻ താൻ അനുമതി നൽകിയിരുന്നു. എന്നാൽ വ്യക്തിപരമായ വിഷയങ്ങളോ നടിയുടെ പേരോ ഉൾപ്പെടുത്തരുത് എന്ന നിബന്ധനയോടെയായിരുന്നു അത്. സനൽകുമാറിന്റെ ഇപ്പോഴത്തെ സ്റ്റോക്കിംഗും സ്ത്രീവിരുദ്ധ നിലപാടുകളും കാണുമ്പോൾ അന്ന് ആ പ്രസ്താവനയിൽ ഒപ്പിട്ടതിൽ തനിക്ക് കടുത്ത ഖേദമുണ്ടെന്ന് ഡോ. ബിജു വ്യക്തമാക്കി.
സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും അഭിപ്രായങ്ങൾ ഉറക്കെ പറയുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാണ് ഈ സമരരീതി. ഇത് സമരമോ ആവിഷ്കാര സ്വാതന്ത്ര്യമോ അല്ല, മറിച്ച് ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും ക്രിമിനൽ സ്വഭാവമുള്ള സ്റ്റോക്കിംഗുമാണ്. ഇത്തരം സാമൂഹ്യവിരുദ്ധമായ പ്രവണതകൾ തടയാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കർശനമായ നിയമനടപടികൾ ഉണ്ടാകണമെന്നും ഡോ. ബിജു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

