സംവിധായിക ഐഷ സുൽത്താന വിവാഹിതയായി; വരൻ ഡെപ്യൂട്ടി കലക്ടർ
text_fieldsസംവിധായിക ഐഷ സുൽത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത്ത് സൈനിയാണ് വരൻ. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഡൽഹിയിലായിരുന്നു വിവാഹ റജിസ്ട്രേഷൻ.
വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വാർത്ത പരന്നതിനെ തുടർന്ന് വിവാഹവിവരം ഐഷ സുൽത്താന തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്റെ ഉമ്മ ഉടൻ ഉംറക്ക് പോകാനിരിക്കുകയാണെന്നും തിരിച്ചെത്തിയ ശേഷം എല്ലാവരെയും അറിയിച്ചുകൊണ്ടുള്ള കല്യാണം നടത്തുമെന്നുമാണ് വാട്സാപ്പ് വഴി പങ്കുവെച്ച വോയ്സ് ക്ലിപ്പിൽ ഐഷ പറയുന്നത്.
ചെത്ത്‍ലാത്തിൽനിന്നുള്ള ആദ്യ സിനിമാ സംവിധായികയായ ഐഷ സുൽത്താന കേന്ദ്രസർക്കാറിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്.
ലക്ഷദ്വീപിലെ 'മഹല്‍ ഭാഷ' പഠനം അവസാനിപ്പിക്കാനുളള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഭാഷയെന്നാല്‍ ഒരു നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണെന്നും ഒരുകൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഭരണകൂടം ഇല്ലായ്മ ചെയ്യുന്നതെന്നുമാണ് ഐഷ സുല്‍ത്താന പറഞ്ഞത്. ബി.ജെ.പി സർക്കാറിന് അക്ഷരങ്ങൾ അലർജിയാണോ എന്ന് ചോദിച്ച ഐഷ ഒരു നാട്ടിലെ ഭാഷയെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ അവർ കുറ്റപ്പെടുത്തി. ഫ്ലഷ് ആണ് ഐഷ സുൽത്താനയുടെ ആദ്യ സിനിമ. ഇത് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

