‘ടോക്സിക്’ സിനിമയുടെ വിജയത്തിനായി നയൻതാര മൊട്ടയടിച്ചോ! യാഥാർഥ്യമെന്ത്?
text_fieldsനയൻതാര തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് തല മൊട്ടയടിച്ചു എന്ന തരത്തിലുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ആഗസ്റ്റ് 16 മുതലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിക്കാന്‍ തുടങ്ങിയത്. തന്റെ പുതിയ ചിത്രം ടോക്‌സിക്കിന്റെ വിജയത്തിന് വേണ്ടിയാണ് നയന്‍താര തല മുണ്ഡനം ചെയ്തതെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം.
ക്ഷേത്ര സന്ദർശന വേളയിൽ നയൻതാര പൂർണ്ണമായും മൊട്ടയടിച്ച നിലയിലാണെന്ന തരത്തിലുള്ള ചിത്രങ്ങളാണ് വൈറലായത്. എക്സ് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി പേർ ഈ ചിത്രങ്ങൾ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ തികച്ചും വ്യാജവും എ.ഐ വെച്ച് എഡിറ്റ് ചെയ്യപ്പെട്ടവയുമാണ്.
വ്യാജമായി പ്രചരിക്കുന്ന ചിത്രങ്ങളുടെ യാഥാർത്ഥ്യം എന്തെന്നാൽ, ഇത് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഭർത്താവ് വിഗ്നേശ് ശിവനൊപ്പം നയൻതാര നടത്തിയ തിരുപ്പതി സന്ദർശന വേളയിലെ ചിത്രങ്ങളാണ്. അന്നത്തെ യഥാർത്ഥ ഫോട്ടോകളിൽ നടിക്ക് മുടിയുണ്ടായിരുന്നു. എന്നാൽ ഈ പഴയ ചിത്രങ്ങൾ എടുത്ത്, ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നടി മൊട്ടയടിച്ചതുപോലെ മാറ്റുകയായിരുന്നു.
ചിത്രത്തില്‍ കാണുന്നത് പോലെ നയന്‍താര തല മുണ്ഡനം ചെയ്തിട്ടില്ല. തന്റെ ഹെയര്‍ സ്‌റ്റൈലില്‍ യാതൊരു മാറ്റവും നയന്‍താര വരുത്തിയിട്ടില്ലെന്നതാണ് വസ്തുത. യഥാർത്ഥ ചിത്രങ്ങളിലെ അതേ വസ്ത്രങ്ങളും കമ്മലുകളും വ്യാജ ചിത്രങ്ങളിലും കൃത്യമായി നിലനിർത്തിയിട്ടുണ്ട്. തലഭാഗം മാത്രം കൃത്രിമമായി മാറ്റിയാണ് ഈ വ്യാജ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നടി ക്ഷേത്രത്തിൽ വെച്ച് തല മൊട്ടയടിച്ചതായി ഔദ്യോഗിക സ്ഥിരീകരണങ്ങളോ വിശ്വസനീയമായ തെളിവുകളോ ലഭ്യമല്ല.
സമൂഹമാധ്യമങ്ങളിൽ സജീവമായ ചർച്ചകൾക്കിടയിൽ നയൻതാരയുടെ പുതിയ സിനിമകളുടെ വിശേഷങ്ങളും പുറത്തുവരുന്നുണ്ട്. യാഷ് നായകനാകുന്ന, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ആണ് നയൻതാരയുടെ വരാനിരിക്കുന്ന പ്രധാന പ്രൊജക്റ്റുകളിൽ ഒന്ന്. ഗോവയിലെ മനോഹരമായ കടൽത്തീരങ്ങൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും പിന്നിലുള്ള ഇരുണ്ട ലോകത്തിന്റെയും, അവിടെ സജീവമായ ശക്തമായ ഒരു ലഹരി സിൻഡിക്കേറ്റിന്റെയും കഥയാണ് ചിത്രം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

