‘ബോളിവുഡ് ഇനി ധുരന്ധറിന് മുമ്പും ശേഷവും’; താൻ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന രീതിയെപ്പോലും സിനിമ സ്വാധീനിച്ചെന്ന് സെയ്ഫ് അലി ഖാൻ
text_fieldsരൺവീർ സിങ്, സെയ്ഫ് അലി ഖാൻ
ആദിത്യ ധറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിയ ‘ധുരന്ധർ’ചലച്ചിത്ര പരമ്പരയെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. ധുരന്ധറിന്റെ റിലീസിന് ശേഷം ഇന്ത്യൻ സിനിമയുടെ പശ്ചാത്തലം തന്നെ പൂർണ്ണമായി മാറിയെന്ന് സെയ്ഫ് അഭിപ്രായപ്പെട്ടു. ചിത്രത്തിലെ വിപ്ലവകരമായ സംഗീത പരീക്ഷണങ്ങളെയും ഗാനങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. അടുത്ത കാലത്തായി കഥകൾ തിരഞ്ഞെടുക്കുന്നതിൽ മാറ്റം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ധുരന്ധറിനെക്കുറിച്ച് സംസാരിച്ചത്.
‘ഇന്ത്യൻ സിനിമയിൽ 'ധുരന്ധറിന്' മുൻപുള്ള ഒരു കാലവും അതിനു ശേഷമുള്ള ഒരു കാലവും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. നമ്മൾ ഇതിനൊപ്പം മാറണോ അതോ ഉറങ്ങിക്കിടക്കണോ എന്നത് നമ്മുടെ മാത്രം തീരുമാനമാണ്. ഓരോ സിനിമക്കും വേണ്ടി പുതിയൊരു ആൽബം ചെയ്യുന്നതിനേക്കാൾ, ലോകമെമ്പാടുമുള്ള മികച്ച സംഗീത ശൈലികളെ ഒരുമിച്ച് ചേർക്കുന്നത് മികച്ചൊരു ആശയമാണ്. കേവലം ട്രെൻഡിന് വേണ്ടി പഴയ പാട്ടുകൾ വെറുതെ റീമിക്സ് ചെയ്യുകയല്ല ഇവിടെ ചെയ്തത്. ശാശ്വത് സച്ച്ദേവ് പഴയ ക്ലാസിക് ഗാനങ്ങളെ സിനിമയുടെ കഥാ പശ്ചാത്തലത്തിന് അനുയോജ്യമായ രീതിയിൽ പുതുക്കിപ്പണിതത് തികച്ചും പുതുമയുള്ളതായിരുന്നു.
ചിത്രത്തിലെ 'ഷരാരത്' എന്ന ഗാനത്തെ സെയ്ഫ് പ്രത്യേകം പരാമർശിച്ചു. ആയിഷ ഖാൻ, ക്രിസ്റ്റൽ ഡിസൂസ എന്നിവർ തകർത്താടിയ ഈ ഗാനം ബോളിവുഡിലെ പരമ്പരാഗത ഐറ്റം ഡാൻസ് സങ്കൽപ്പങ്ങളെ തിരുത്തിക്കുറിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമകളിൽ ഒരു മുൻനിര നായികയെ വെറും 'ഐറ്റം നമ്പറിനായി' മാത്രം കൊണ്ടുവരുന്ന രീതിക്ക് മാറ്റം വരുത്താൻ ഇതിന് സാധിക്കും. ഒരു കല്യാണ വീട്ടിൽ രണ്ട് പെൺകുട്ടികൾ നൃത്തം ചെയ്യുന്നത് പോലെ സ്വാഭാവികമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. അത് കാണുമ്പോൾ ഒട്ടും കൃത്രിമത്വം തോന്നില്ലെന്നും സെയ്ഫ് കൂട്ടിച്ചേർത്തു. താൻ ഇപ്പോൾ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്ന രീതിയെപ്പോലും ഈ സിനിമ സ്വാധീനിച്ചിട്ടുണ്ടെന്ന് സെയ്ഫ് സൂചിപ്പിച്ചു.
ശാശ്വത് സച്ച്ദേവാണ് ധുരന്ധർ പരമ്പരയിലെ ചിത്രങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ഷരാരത്, ഗെഹ്ര ഹുവ തുടങ്ങിയ ഒറിജിനൽ ട്രാക്കുകൾക്കൊപ്പം ഇഷ്ക് ജലാകർ, ലൂട്ട് ലേ ഗയ, മോണിക്ക തുടങ്ങിയ പഴയ ക്ലാസിക് ഗാനങ്ങളുടെ റീമിക്സുകളും അദ്ദേഹം ചിത്രത്തിനായി ഒരുക്കിയിരുന്നു. ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം 2026 മാർച്ചിൽ പുറത്തിറങ്ങിയ ധുരന്ധർ: ദി റിവഞ്ച് എന്ന രണ്ടാം ഭാഗത്തിലും ഈ സംഗീത പരീക്ഷണം തുടർന്നു. ഈ രണ്ട് ചിത്രങ്ങളിലെയും ഗാനങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും മ്യൂസിക് ചാർട്ടുകളിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു.
2025 ഡിസംബറിലും 2026 മാർച്ചിലുമായി റിലീസ് ചെയ്ത രണ്ട് ധുരന്ധർ ചിത്രങ്ങളും ബോക്സ് ഓഫീസിൽ റെക്കോർഡ് കലക്ഷനാണ് നേടിയത്. രണ്ട് ഭാഗങ്ങളും ചേർന്ന് ആഗോളതലത്തിൽ 3100 കോടിയിലധികം രൂപയാണ് അടിച്ചെടുത്തത്. ഇതിൽ 'ധുരന്ധർ 2' ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി മാറി. രൺവീർ സിങ്ങിന് പുറമെ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി, സാറ അർജുൻ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രങ്ങളിൽ അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

