വിശ്വാസംവരാതെ മഹാനഗരം
text_fieldsമുംബൈ: ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ മരണവാർത്ത വിശ്വസിക്കാനാകാതെ ആരാധകരും സിനിമാ മേഖലയിലുള്ളവരും. ആഴ്ചകൾക്കുമുമ്പ് ധർമേന്ദ്രയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുണ്ടായ അഭ്യൂഹങ്ങളും തുടർന്ന് കുടുംബത്തിൽനിന്നുണ്ടായ കടുത്ത പ്രതികരണവുമാണ് ഇതിന് കാരണം.
ശ്വാസതടസ്സത്തെ തുടർന്ന് ഒക്ടോബർ 31ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ധർമേന്ദ്ര വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും പിന്നീട് മരിച്ചെന്നുമുള്ള അഭ്യൂഹങ്ങളാണ് മുമ്പ് പ്രചരിച്ചത്. കഴിഞ്ഞ 11ന് അദ്ദേഹം മരിച്ചെന്ന വാർത്ത ദേശീയ മാധ്യമങ്ങളിലടക്കം വന്നു.
ഭാര്യയും നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി, മക്കളായ ഇഷ ഡിയോൾ, സണ്ണി ഡിയോൾ എന്നിവർ വാർത്ത നിഷേധിച്ച് രംഗത്തുവന്നു. മാധ്യമങ്ങൾക്കെതിരെ രൂക്ഷമായാണ് അന്ന് അവർ പ്രതികരിച്ചത്. തൊട്ടടുത്ത ദിവസം ആശുപത്രി വിട്ട് വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
തിങ്കളാഴ്ച മരണവാർത്ത പുറത്തുവന്നപ്പോൾ ഉൾക്കൊള്ളാൻ ആരാധകർക്ക് കഴിഞ്ഞില്ല. കുടുംബം പ്രതികരിക്കാതിരുന്നത് മാധ്യമങ്ങളെയും കുഴക്കി. രാവിലെ വീടിനടുത്ത് ആംബുലൻസ് എത്തുകയും കുടുംബാംഗങ്ങളുടെ അകമ്പടിയോടെ വിലെ പാർലെയിലെ പവൻ ഹാൻസ് ശ്മശാനത്തിലേക്ക് പുറപ്പെടുകയും ചെയ്തു. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങിയവർ ശ്മശാനത്തിൽ എത്തിയപ്പോഴാണ് മാധ്യമങ്ങൾ സ്ഥിരീകരിച്ചത്. ഇതിനിടയിൽ കരൺ ജോഹർ മരണവാർത്ത പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

