ആ എട്ട് വർഷം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു; കുടുംബത്തിന്‍റെ അവസ്ഥ അറിയുന്നതുകൊണ്ടാണ് ചെറിയ ജോലികൾ ചെയ്തത് -ധനുഷ്
text_fieldsധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുട്ടിക്കാലത്ത് ഇഡ്‌ലി വിറ്റാണ് പണം സമ്പാദിച്ചിരുന്നതെന്ന് ധനുഷ് പറഞ്ഞിരുന്നു. എന്നാൽ ധനുഷിന്റെ അച്ഛൻ സിനിമ സംവിധായകനാണെന്ന് ചൂണ്ടിക്കാട്ടി നെറ്റിസൺമാർ അദ്ദേഹത്തെ വിമർശിച്ചു.
ഇപ്പോഴിതാ, തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടൻ. 'എല്ലാവരും ആ പ്രസംഗം കണ്ടോ? നോക്കൂ, കാര്യം എന്തെന്നാൽ, ഞാൻ 1983ലാണ് ജനിച്ചത്. എന്റെ അച്ഛൻ 1991ലാണ് സംവിധായകനായത്. എന്റെ ജീവിതത്തിലെ ആ എട്ട് വർഷക്കാലം ഞങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു' -ഇഡ്‌ലി കടൈയുടെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവേ ധനുഷ് പറഞ്ഞു.
1995 ആയപ്പോഴേക്കും തങ്ങൾക്ക് മെച്ചപ്പെട്ട ജീവിതരീതിയിലേക്ക് എത്താനായെന്നും അദ്ദേഹം പറഞ്ഞു. നാല് മക്കളേയും ഒരേ രീതിയിൽ വളർത്തേണ്ടിവന്നത് തന്റെ അച്ഛന് ബുദ്ധിമുട്ടായിരുന്നു എന്നും ധനുഷ് പറഞ്ഞു. 'ഞങ്ങൾ ചെറിയ ബജറ്റിലാണ് ജീവിച്ചിരുന്നത്. എനിക്കും എന്റെ സഹോദരങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ട് ആ സമയത്ത് ഞങ്ങൾ ചെറിയ ജോലികൾ ചെയ്തു. കുറച്ച് പണം സമ്പാദിച്ചു. അതാണ് ഞാൻ ഉദ്ദേശിച്ചത്' -ധനുഷ് പറഞ്ഞു.
അതേസമയം, കുടുംബപ്രേക്ഷകർക്കായെത്തുന്ന ഒരു സാധാരണ സിനിമയാണ് ഇഡ്ഡലി കടൈ എന്ന് ധനുഷ് പറഞ്ഞിരുന്നു. സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വാത്തി, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്കും വരാനിരിക്കുന്ന 'നിലാവുക്ക് എൻ മേൽ എന്നടി കൊബം' എന്ന ചിത്രത്തിനും ശേഷം സംഗീതസംവിധായകൻ ജി.വി. പ്രകാശ് ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഇഡ്‌ലി കടൈ'. ഇഡ്‌ലി കടൈയുടെ ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിങ് പ്രസന്ന ജി.കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി എന്നിവരാണ് നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

