ഹൃത്വിക് റോഷന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കോടതി; ആക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദേശം
text_fieldsന്യൂഡൽഹി: ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി. സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിനെതിരെയുള്ള ചില ആക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. നടനെ അപകീർത്തിപ്പെടുത്തുന്നതോ അശ്ലീലമായതോ ആയ പോസ്റ്റുകൾ, വാണിജ്യപരമായ ആവശ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്ത പോസ്റ്റുകൾ എന്നിവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ കോടതി നിർദേശിച്ചിട്ടുണ്ട്. സാമ്പത്തികമായ നേട്ടത്തിനായി തന്റെ പേര്, പ്രതിച്ഛായ, സാദൃശ്യം, വ്യക്തിത്വത്തിന്റെ മറ്റ് വശങ്ങൾ എന്നിവ മൂന്നാം കക്ഷികള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടന്‍റെ ഹരജി.
എന്നാൽ താരത്തിന്‍റെ പേരിലുള്ള ഇൻസ്റ്റാഗ്രാം ഫാൻ പേജുകൾ ഉടനടി നീക്കം ചെയ്യാനുള്ള ആവശ്യം കോടതി നിരസിച്ചു. വാണിജ്യപരമായോ അപകീർത്തിപ്പെടുത്താനോ ഉള്ള ഉള്ളടക്കം ഇല്ലാത്ത ഫാൻ പേജുകൾ ഏകപക്ഷീയമായി നീക്കം ചെയ്യാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. പേജിന്‍റ ഉടമകളുടെ ഭാഗം കേട്ടതിന് ശേഷം മാത്രമേ തുടർനടപടിയെടുക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഡൽഹി ഹൈകോടതി ജസ്റ്റിസ് മൻമീത് പ്രീതം സിങ് അറോറയാണ് കേസ് പരിഗണിച്ചത്. ഒരാളുടെ പേര്, ചിത്രം, ശബ്ദം, അല്ലെങ്കിൽ വ്യക്തിത്വവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന എന്തിനും മേലുള്ള അവകാശങ്ങളാണ് വ്യക്തിത്വ അവകാശങ്ങൾ എന്ന് അറിയപ്പെടുന്നത്. ഇന്ത്യയിൽ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ വ്യക്തമായ നിയമം നിലവിലില്ല.
ഈ അടുത്താണ് അഭിഷേക്-ഐശ്വര്യ ദമ്പതികൾ യൂട്യൂബിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ഇതിൽ കോടതി വ്യക്തിത്വ അവകാശ ലംഘനത്താല്‍ താരങ്ങൾക്ക് സാമ്പത്തിക നഷ്ടവും, ‘മാന്യതയ്ക്കും സൽപ്പേരിനും’ കോട്ടവും വരുത്തുന്നതായി വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അഭിഷേകും ഐശ്വര്യയും പ്രത്യേകമായി നൽകിയ 518 വെബ്സൈറ്റ് ലിങ്കുകളും പോസ്റ്റുകളും ഉടൻ നീക്കം ചെയ്യാൻ ഡൽഹി ഹൈകോടതി സെപ്റ്റംബർ ആദ്യം ഉത്തരവിട്ടിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

