അവൾ വരുന്നത് വരെ ഇങ്ങനെയൊന്നുമായിരുന്നില്ല; ഇപ്പോൾ എല്ലാം അടിമുടി മാറി; അമ്മയായതിനെ കുറിച്ച് മനസു തുറന്ന് ദീപിക പദുക്കോൺ
text_fieldsഇന്ത്യൻ സിനിമയിൽ ഏറെ താരമൂല്യമുള്ള നടിയാണ് ദീപിക പദുക്കോൺ. 2018ലായിരുന്നു ദീപികയുടെയും രൺവീർ സിങ്ങിന്റെയും വിവാഹം, 2024ൽ ഇരുവരും ആദ്യ കുഞ്ഞിനെ വരവേറ്റു. ദീപികയും രൺവീറും കുഞ്ഞിന്റെ ഫോട്ടോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദുആ എന്നാണ് കുഞ്ഞിന്റെ പേര്. മകളെ വളർത്താൻ ദീപിക ആയയെ ഒന്നും വെച്ചിട്ടില്ല. മകളുടെ വരവിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് ബോളിവുഡ് താരം.
2025ലെ വേവ്സ് ഉച്ചകോടിയിൽ അമ്മയായതിനു ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദീപിക. അമ്മയായതിന് ശേഷം ജീവിതം അടിമുടി മാറിയെന്നാണ് ബോളിവുഡ് താരം പറയുന്നത്. മകൾ ജനിക്കുന്നത് വരെ സ്വന്തം കാര്യങ്ങൾക്കായിരുന്നു കൂടുതലും പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ ലോകം ആ കുഞ്ഞുപെൺകുട്ടിക്ക് ചുറ്റുമായിരിക്കുന്നുവെന്ന് ദീപിക തുറന്നുപറയുന്നു. മകളുടെ എല്ലാ കാര്യങ്ങൾക്കും ഇപ്പോൾ ദീപിക ആവശ്യമാണ്. അമ്മയെന്ന വലിയ ഉത്തരവാദിത്തം നിറവേറ്റാനുള്ള യാത്രയുടെ തുടക്കത്തിലാണ്. അമ്മയാവുക എന്നത് വലിയ സ്വപ്നമായിരുന്നു. ഇപ്പോൾ ആ അനുഭവം നന്നായി ആസ്വദിക്കുകയാണ്. എന്നാൽ ഇപ്പോൾ ജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നുണ്ടെന്നും ദീപിക സമ്മതിച്ചു.
സംഭാഷണത്തിനിടെ ഷാരൂഖ് ഖാനെ പുകഴ്ത്താനും ദീപിക മറന്നില്ല. തന്റെ 17 വയസുമുതൽ കാണുന്ന നടനാണെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിൽ ഷാരൂഖ് ഒരുപടി മുന്നിലാണെന്നും അവർ പറഞ്ഞു.
2007ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ചിത്രത്തിൽ ഷാരൂഖിനൊപ്പമാണ് ദീപിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വൻ വിജയമായിരുന്നു.
ഷാരൂഖ് ഖാനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തയാറെടുക്കുകയാണ് ദീപിക. കിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മേയ് 18ന് തുടങ്ങും. ഈ വർഷം അവസാനത്തോടെ ദീപികയും ഷൂട്ടിങ്ങിനെത്തും. ചിത്രം അടുത്ത വർഷത്തോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. പത്താൻ, ജവാൻ എന്നീ സിനിമകൾക്ക് ശേഷം കിങ്ങും ബോക്സ് ഓഫിസിൽ തകർപ്പൻ വിജയം നേടുമോ എന്നാണ് ആരാധകൾ ഉറ്റുനോക്കുന്നത്. സിദ്ധാർഥ് ആനന്ദ് ആണ് കിങ്ങിന്റെ സംവിധായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

