ആ ബന്ധമാണ് സിനിമയിലും പ്രതിഫലിക്കുന്നത്; ഷാറൂഖ് ഖാനുമായുള്ള കെമിസ്ട്രിയെ കുറിച്ച് ദീപിക പദുകോൺ
text_fieldsപ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഷാറൂഖ് ഖാനും ദീപിക പദുകോണും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം ബോളിവുഡിൽ സൂപ്പർ ഹിറ്റായിരുന്നു. ഷാറൂഖ് ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിൽ ചുവട് വയ്ക്കുന്നത്.
ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂയർ തുടങ്ങിയ ചിത്രത്തിന് ശേഷം ദീപിക പദുകോണും ഷാറൂഖ് ഖാനും ഒന്നിച്ചെത്തുന്ന ചിത്രമാണ് പത്താൻ. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ഇരുവരും വീണ്ടും ഓൺസ്ക്രീനിൽ എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പത്താനായി ആരാധകർ കാത്തിരിക്കുന്നത്.
ഷാറൂഖ് ഖാനുമായി വളരെ അടുത്ത സൗഹൃദമാണ് ദീപികയ്ക്കുള്ളത്. ഇപ്പോഴിതാ കിങ് ഖാനുമായിട്ടുള്ള അടുത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. പത്താൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി യാഷ് രാജ് ഫിലിംസ് പങ്കിട്ട വീഡിയോയിലാണ് നടനുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ പ്രിയപ്പെട്ട സഹനടൻ എന്നാണ് കിങ് ഖാനെ നടി വിശേഷിപ്പിച്ചത്.
'ഞങ്ങൾക്കിടയിൽ വളരെ മനോഹരമായ ഒരു ബന്ധമുണ്ട്. അത് ഞങ്ങൾ ചെയ്യുന്ന സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്. അത് എപ്പോഴും കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഓം ശാന്തി ഓം മുതൽ പിന്നെ അങ്ങോട്ട് ചില അവിശ്വസനീയമായ സിനിമകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഷാറൂഖിന്റേയും എന്റേയും ഭാഗ്യമാണ്. ഞങ്ങൾക്ക് ഇടയിലുള്ള കെമിസ്ട്രിയുടെ ക്രെഡിറ്റ് രണ്ട് പേർക്കും അവകാശപ്പെട്ടതാണ്. ഈ ചിത്രത്തിനായി അദ്ദേഹം കഠിനമായി വർക്കൗട്ട് ചെയ്യുകയും തീവ്രമായി ഡയറ്റ് എടുക്കുകയും ചെയ്തിരുന്നു'- ദീപിക പറഞ്ഞു.
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ എന്നിവർക്കൊപ്പം ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരി 25 ന് തിയറ്ററിൽ പ്രദർശനത്തിനെത്തുന്ന ചിത്രം ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

