'70 ാം വയസിലും നിങ്ങളുടെ ജീവശ്വാസമാണ് ബാഡ്മിന്റൺ'; ഇതിഹാസ താരമായ പിതാവിന്റെ ജന്മദിനം ആഘോഷിച്ച് ദീപിക പദുകോൺ
text_fieldsഇതിഹാസ ബാഡ്മിന്റൺ താരമായ പ്രകാശ് പദുകോണിന്റെ 70ാം ജന്മദിനം ആഘോഷിച്ച് മകളും ബോളിവുഡ് നടിയുമായ ദീപിക പദുകോൺ. തങ്ങളുടെ പദുകോൺ സ്കൂൾ ഓഫ് ബാഡ്മിന്റൺ (പി.എസ്.ബി) വിപുലീകരിക്കുന്നതായും ദീപിക അറിയിച്ചു. കഴിഞ്ഞ വർഷം ആരംഭിച്ച ഈ സ്കൂൾ കായികരംഗത്ത് നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരോഗ്യകരമായ തലമുറയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഇവർ പറഞ്ഞു. നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വാർത്ത പങ്കുവെച്ചത്.
ബംഗളൂരു, എൻസിആർ, മുംബൈ, ചെന്നൈ, ജയ്പൂർ, പൂനെ, നാസിക്, മൈസൂരു, പാനിപ്പത്ത്, ഡെറാഡൂൺ, ഉദയ്പൂർ, കോയമ്പത്തൂർ, സാംഗ്ലി, സൂറത്ത് എന്നിവയുൾപ്പെടെ 18 ഇന്ത്യൻ നഗരങ്ങളിലായി 75 അടിസ്ഥാന പരിശീലന കേന്ദ്രങ്ങളാണ് നിലവിൽ പി.എസ്.ബി ക്ക് ഉള്ളത്. ഈ വർഷം അവസാനത്തോടെ പി.എസ്.ബി 100 കേന്ദ്രങ്ങളിലേക്കും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 250 കേന്ദ്രങ്ങളിലേക്കും ഉയർത്താനാണ് പദ്ധതിയിടുന്നതെന്ന് അവരുടെ പോസ്റ്റിൽ പറയുന്നു.
'ബാഡ്മിന്റൺ കളിച്ചു വളർന്ന ഒരാളെന്ന നിലയിൽ ഈ കായിക വിനോദം ഒരാളുടെ ജീവിതത്തെ ശാരീരികമായും മാനസികമായും വൈകാരികമായും എത്രമാത്രം രൂപപ്പെടുത്തുമെന്ന് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റൺ വഴി ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളിലേക്ക് ബാഡ്മിന്റണിന്റെ സന്തോഷവും അച്ചടക്കവും എത്തിക്കാനും, ആരോഗ്യമുള്ളവരും, കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും, സ്പോർട്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരുമായ തലമുറയെ കെട്ടിപ്പടുക്കാനും ഞങ്ങൾ പ്രതീക്ഷിക്കുന്നു. പപ്പാ, നിങ്ങളെ നന്നായി അറിയുന്നവർക്ക് ഈ കായിക വിനോദത്തോടുള്ള നിങ്ങളുടെ അഭിനിവേശം അറിയാം. 70 വയസിലും നിങ്ങളുടെ ജീവശ്വാസമാണ് ബാഡ്മിന്റൺ. നിങ്ങളുടെ അഭിനിവേശം യാഥാർഥ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: എല്ലാവർക്കും ബാഡ്മിന്റൺ! 70-ാം ജന്മദിനാശംസകൾ പപ്പാ!' ദീപിക പോസ്റ്റിൽ പറഞ്ഞു.
ദീപിക പദുക്കോൺ ആണ് പി.എസ്.ബി യുടെ സ്ഥാപക. അവരുടെ പിതാവ് പ്രകാശ് പദുക്കോൺ അതിന്റെ ഉപദേഷ്ടാവും ഡയറക്ടറുമായി പ്രവർത്തിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.