'പരീക്ഷിച്ചുനോക്കൂ, അഭിപ്രായം അറിയിക്കൂ...'; മെറ്റ എ.ഐക്ക് ഇനി ദീപികയുടെ ശബ്ദം
text_fieldsമെറ്റയുമായി കൈകോർത്ത് ബോളിവുഡ് താരം ദീപിക പദുക്കോൺ. ഒന്നിലധികം രാജ്യങ്ങളിൽ മെറ്റ എ.ഐയുടെ പുതിയ ശബ്ദം ഇനി ദീപികയുടേതായിരിക്കും. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അവർ സഹകരണം പ്രഖ്യാപിച്ചത്. ഇന്ത്യ, യു.എസ്, കാനഡ, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഇനി എ.ഐക്ക് ദീപികയുടെ ശബ്ദമായിരിക്കും.
'ഇത് വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു! ഞാൻ ഇപ്പോൾ മെറ്റ എ.ഐയുടെ ഭാഗമാണ്. ഇന്ത്യ, യു.എസ്, കാനഡ, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിങ്ങൾക്ക് എന്റെ ശബ്ദവുമായി ഇംഗ്ലീഷിൽ ചാറ്റ് ചെയ്യാം. പരീക്ഷിച്ചുനോക്കൂ, നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കൂ! -ദീപിക എഴുതി. AI അസിസ്റ്റന്റിന് ശബ്ദം നൽകുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റിയാണ് ദീപിക. മെറ്റയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ അനുഭവത്തിന് പരിചിതവും സൗഹൃദപരവുമായ ടോൺ കൊണ്ടുവരുന്നതിന് ദീപികയുടെ സഹകരണം സഹായിച്ചേക്കും.
ദീപികയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ ഇതിഹാസമായ 'കൽക്കി 2898 എഡി'യാണ്. 'പത്താൻ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ഷാറൂഖ് ഖാനുമായി വീണ്ടും ഒന്നിക്കുന്ന സിദ്ധാർഥ് ആനന്ദിന്റെ 'കിങ്' എന്ന ചിത്രത്തിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്. 'ചെന്നൈ എക്സ്പ്രസ്', 'ജവാൻ', 'ഹാപ്പി ന്യൂ ഇയർ' എന്നീ ചിത്രങ്ങളിൽ ഇരുവരും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പിന്മാറുന്നതായി നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കൽക്കി പോലൊരു സിനിമ കൂടുതൽ പ്രതിബദ്ധത അർഹിക്കുന്നതാണെന്നാണ് നിർമാതാക്കൾ അറിയിച്ചത്. പ്രഖ്യാപനം വന്ന ശേഷം ദീപിക ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങൾ എന്താണെന്ന ചർച്ച സമൂഹമാധ്യമത്തിൽ ചർച്ച സജീവമാണ്. പ്രതിഫലത്തിൽ വർധനവ് ആവശ്യപ്പെട്ടതും ജോലി സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തുക എന്ന ദീപികയുടെ ആവശ്യവും പുറത്താകലിന് കാരണമായെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രത്തിൽ നിന്നും ദീപിക പിന്മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

