അവൾ ഞങ്ങളുടെ 'ദേവി പദുകോൺ സിങ്'; കുടുംബചിത്രം പങ്കുവെച്ച് ദീപിക പദുകോണും രൺവീർ സിങും
text_fieldsബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിങും തങ്ങളുടെ രണ്ടാമത്തെ മകൾക്ക് 'ദേവി പദുകോൺ സിങ്' എന്ന് പേര് നൽകിയതായി ഔദ്യോഗികമായി അറിയിച്ചു. മനോഹരമായ കുടുംബചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. രണ്ടാമത്തെ മകൾ വന്ന ശേഷം ആദ്യമായാണ് താര ദമ്പതികൾ കുടുംബ ചിത്രം പങ്കുവെക്കുന്നത്.
'സ്നേഹത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി... ദേവി പദുകോൺ സിങ്' എന്ന ഹൃദ്യമായ അടിക്കുറിപ്പോടെയാണ് ദീപികയും രൺവീറും ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരമ്പരാഗതമായ ഐവറി, ഗോൾഡ് നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് രൺവീർ സിങും ദീപിക പദുകോണും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നവജാത ശിശുവായ ദേവിയെ അവർ സ്നേഹത്തോടെ കൈകളിൽ താങ്ങുമ്പോൾ മൂത്ത മകളായ ദുവ തന്റെ കൊച്ചുകുഞ്ഞനുജത്തിയെ സ്നേഹത്തോടെ ചുംബിക്കാൻ അടുത്തിരിക്കുന്ന കാഴ്ച ആരാധകരുടെ മനസ്സ് നിറക്കുന്നതാണ്.
കഴിഞ്ഞ സെപ്റ്റംബർ 19-നാണ് താരദമ്പതികൾക്ക് രണ്ടാമത്തെ മകൾ ജനിച്ചത്. കുഞ്ഞ് ജനിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ കുടുംബം ഒന്നിച്ചുള്ള ഈ സുന്ദരമായ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഈ കൊച്ചുകുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് നിരവധി ആരാധകരും സിനിമാലോകത്തെ സഹപ്രവർത്തകരുമാണ് സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
2024ലായിരുന്നുന ദമ്പതികളുടെ ആദ്യ പെൺകുട്ടിയായ ദുവയുടെ ജനനം. ആദ്യത്തെ കുട്ടി ജനിച്ചപ്പോൾ പങ്കുവെച്ച വാചകം തന്നെയാണ് രണ്ടാമത്തെ കുട്ടി ജനിച്ചപ്പോളും ഇരുവരും പങ്കുവെച്ചത്. സിനിമാ താരങ്ങളുൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുന്നത്. കുഞ്ഞിന്‍റെ ജനനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇരുവരും മുംബൈയിലെ ക്ഷേത്രത്തിൽ ദർശനം തടത്തിയതും അതിനു മുമ്പായി ദുവയുടെ പിറന്നാൾ ദിനത്തിൽ നടത്തിയ ഫോട്ടോ ഷൂട്ടുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

