Begin typing your search above and press return to search.
exit_to_app
exit_to_app
siddharth saina nehwal
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രിയപ്പെട്ട സൈനാ......

പ്രിയപ്പെട്ട സൈനാ... മോശം പരാമർശത്തിൽ സൈനയോട്​ മാപ്പുപറഞ്ഞ്​ സിദ്ധാർഥ്​

text_fields
bookmark_border

ചെന്നൈ: ഇന്ത്യൻ ബാഡ്​മിന്‍റൺ താരം സൈന നെഹ്​വാളിനെതിരായ വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ്​ സിനിമ താരം സിദ്ധാർഥ്​. ട്വീറ്റ്​ കണ്ടപ്പോൾ എനിക്കുണ്ടായ ദേഷ്യമോ പ്രതികരണമോ ഒന്നും ആ പരാമർശത്തിന്​ ന്യായീകരണമായി പറയാൻ കഴിയില്ലെന്ന്​ സിദ്ധാർഥ്​ പറഞ്ഞു. കൂടാതെ താൻ ഉദ്ദേശിച്ച അർഥത്തിലല്ല വാക്കുകളെ വ്യാഖ്യാനിച്ചതെന്നും അതിന്​ മാപ്പ്​ ചോദിക്കുന്നതായും ​സിദ്ധാർഥ്​ കുറിച്ചു.

'പ്രിയപ്പെട്ട സൈന, ദിവസങ്ങൾക്ക്​ മുമ്പ്​ നിങ്ങളുടെ ട്വീറ്റിന്​ മറുപടിയായി ഞാൻ നൽകിയ ക്രൂരഫലിതത്തിന്​ മാപ്പ്​ പറയുന്നു. നിരവധി കാര്യങ്ങളിൽ നിങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതൊന്നും ട്വീറ്റ്​ കണ്ടപ്പോൾ എനിക്കുണ്ടായ ദേഷ്യത്തിനോ പ്രതികരണത്തിനും സ്വരത്തിനോ ഒന്നും ന്യായീകരണമായി പറയാൻ കഴിയില്ല. വിശദീകരിക്ക​​പ്പെടേണ്ടി വരുന്നവ തമാശകൾ അല്ലെന്ന്​ പറയാറില്ലേ. ആ തമാശ ശരിയായി സ്വീകരിക്ക​പ്പെടാത്തതിൽ ഞാൻ മാപ്പ്​ ചോദിക്കുന്നു. മറ്റുള്ളവർ പറയുന്നതുപോലെ മോശം അർഥത്തിലല്ല ആ പരമാ​ർശം ഉപയോഗിച്ചത്​. ഫെമിനിസ്റ്റ്​ ആശയങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ്​ ഞാൻ. ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ അപമാനിക്കാൻ എന്‍റെ ട്വീറ്റിലൂടെ ശ്രമിച്ചിട്ടില്ല. എന്‍റെ മാപ്പ്​ സ്വീകരിക്കുമെന്നും വിവാദം മറന്ന്​ നമുക്ക്​ മുന്നോട്ടുപോകാനാകുമെന്നും പ്രതീക്ഷിക്കുന്നു. സത്യമായും നിങ്ങൾ എന്നുമെന്‍റെ ചാമ്പ്യനാണ്​. സത്യസന്ധതയോടെ​' -സിദ്ധാർഥ് ട്വീറ്റ്​ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്ന സൈനയുടെ ട്വീറ്റിന്​​ മറുപടി പറയുന്നതിനിടയിലാണ്​ സിദ്ധാർഥിന്‍റെ മോശം പരാമർശം. സൈനയുടെ ട്വീറ്റിനെ പരിഹാസ രൂപേണ റീട്വീറ്റ്​ ചെയ്​ത കുറിപ്പിൽ പ്രയോഗിച്ച ലൈംഗിക ചുവയുള്ള വാക്കാണ്​ സിദ്ധാർഥിന്​ തലവേദനയായത്​.

'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ, രാജ്യത്തിന്​ സ്വയം സുരക്ഷിതമാണെന്ന്​ പറയാനാകില്ല. ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ വാക്കുപയോഗിച്ച്​ അപലപിക്കുന്നു. പ്രധാനമന്ത്രി​ക്കെതിരെ അരാജകവാദികൾ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണം' -ഇതായിരുന്നു സൈനയുടെ ട്വീറ്റ്​.

വിവാദ ട്വറ്റുമായി ബന്ധപ്പെട്ട്​ സിദ്ധാർഥിനെതിരെ ദേശീയ വനിത കമ്മീഷൻ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ നോട്ടീസ്​ അയക്കുകയും ചെയ്തു. സൈനക്കെതി​രായ ട്വീറ്റിൽ ലൈംഗിക ചുവയുള്ള വാക്ക്​ ഉപയോഗിച്ചെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നോട്ടീസ്​. സിദ്ധാർഥിന്‍റെ ട്വിറ്റർ അക്കൗണ്ട്​ ബ്ലോക്ക്​ ​ചെയ്യാൻ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ട്വിറ്ററിനോട്​ ആവശ്യപ്പെട്ടു. സിദ്ധാർഥിന്‍റെ അക്കൗണ്ട്​ നിലനിർത്തുന്നത്​ എന്തിനാ​െണന്ന്​ രേഖ ​ശർമ ട്വിറ്ററിനോട്​ ചോദിച്ചു. കൂടാതെ വിഷയത്തിൽ അന്വേഷണം നടത്തി കേസ്​ രജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര ഡി.ജി.പിക്ക്​ നിർദേശം നൽകുകയും ചെയ്തു.

സിദ്ധാർഥിന്‍റെ പരാമർശത്തിനെതിരെ സൈനയും ഭർത്താവും ബാഡ്​മിന്‍റൺ താരവുമായ പി. കശ്യപും രംഗത്തെത്തിയിരുന്നു. നടനെന്ന നിലയിൽ സിദ്ധാർഥിനെ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ പരാമർശം മോശമായിപോയെന്നുമായിരുന്നു സൈനയുടെ പ്രതികരണം. ഇതിനുപിന്നാലെ പ്രതികരണവുമായി സിദ്ധാർഥ്​ തന്നെ രംഗത്തെത്തിയിരുന്നു. താൻ ഉപയോഗിച്ച വാക്ക്​ മോശം രീതിയിൽ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അർഥത്തിലാണ്​ ഉപയോഗിച്ചതെന്നുമായിരുന്നു സിദ്ധാർഥിന്‍റെ വിശദീകരണം.

Show Full Article
TAGS:Siddharth Saina Nehwal 
News Summary - Dear Saina Actor Siddharth issues apology over rude joke
Next Story