600 മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്
text_fieldsമെഗാതാരം മമ്മൂട്ടിയുടെ മൊബൈൽ ഫോൺ പ്രേമം പ്രസിദ്ധമാണ്. പുതിയ ഏത് മോഡലുകൾ ഇറങ്ങിയാലും ആദ്യംതന്നെ അത് സ്വന്തമാക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന താൽപര്യം 'ന്യൂജെൻ പിള്ളേർക്ക്' പോലും ഉണ്ടാകില്ല. 70ാം ജന്മദിനം ആഘോഷിക്കുന്ന നടന് മമ്മൂട്ടിക്ക് മൊബൈൽ ഫോൺ കൊണ്ട് തന്നെ ആദരമൊരുക്കുകയാണ് ഡാവിഞ്ചി സുരേഷ്. 600 മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ ആക്സസറീസും ഉപയോഗിച്ച് ഇരുപതടി വലിപ്പമുളള മമ്മൂട്ടി ചിത്രമാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ എംടെല്‍ മൊബൈല്‍സിന്റെ ഉടമസ്ഥനായ അനസിന്റെ മൂന്നു ഷോപ്പുകളില്‍ നിന്നാണ് മൊബൈല്‍ ഫോണുകളും ആക്സസറീസും എടുത്തത്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്വെൻഷന് സെന്റര്‍ ബാബുക്കായുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ് മൊബൈല്‍ഫോണ്‍ ചിത്രമൊരുക്കിയിരിക്കുന്നത്. പത്തു മണിക്കൂർ കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൗച്ചുകളും സ്ക്രീന്‍ ഗാർഡ്, ഡാറ്റാ കേബിൾ, ഇയര്‍ഫോൺ, ചാര്‍ജർ തുടങ്ങിയ മൊബൈല്‍ അനുബന്ധ സാമഗ്രികളും ചിത്രത്തിന് സഹായകമായി.

