സൈബർ അധിക്ഷേപവും വർഗീയ പരാമർശവും; ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അന്‍സിബ ഹസ്സന്‍
text_fieldsകൊച്ചി: സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തുന്നുവെന്ന് ആരോപിച്ച് ടിനിടോമിനെതിരെ പൊലീസിൽ പരാതി നൽകി അന്‍സിബ ഹസ്സന്‍. കൊച്ചി ഇന്‍ഫോ പാർക്ക് പൊലിസിനാണ് പരാതി നൽകിയത്. ടിനിടോം തന്‍റെ കുടുംബത്തെ വേട്ടയാടുന്നുണ്ടെന്നും സത്രീത്വത്തെ അപമാനിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. അതേ സമയം സിനിമ സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് വിവിധ സിനിമ സംഘടനാ ഭാരവാഹികളുമായി ഇന്ന് ചർച്ച നടത്തും. വൈകീട്ട് നാലിന് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് ചർച്ച.
സംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടൻ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് നടി അൻസിബ ഹസൻ വീണ്ടും രംഗത്തെത്തിയിരുന്നു. ടിനി ടോം തനിക്കെതിരെ മാത്രമല്ല, കേരളം പോലുള്ള ഒരു മതേതര സമൂഹത്തോടാണ് തെറ്റ് ചെയ്തതെന്നും അതിനാൽ അദ്ദേഹം ഒരു സാമൂഹികവിപത്താണെന്നും അൻസിബ ചൂണ്ടിക്കാട്ടി. തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി മാത്രം തന്റെ മതവിശ്വാസത്തെയും പേരിനെയും ഉപയോഗിച്ച് സമൂഹത്തിലേക്ക് തെറ്റായ സന്ദേശം നൽകാനാണ് അദ്ദേഹം ശ്രമിച്ചത്. താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ രാജീവ് കുടപ്പനക്കുന്നിന്റെ മകനെ മതംമാറ്റാൻ ശ്രമിച്ചു എന്ന തരത്തിൽ 'ജിഹാദി' അധിക്ഷേപമുൾപ്പെടെയുള്ള വ്യാജപ്രചാരണങ്ങളാണ് ടിനി ടോം താരസംഘടനയായ 'അമ്മ'ക്കുള്ളിലും പുറത്തും നടത്തിയത്. എന്നാൽ ഭാഗ്യവശാൽ പ്രൊഡക്ഷൻ കൺട്രോളറും മകനും ഈ പ്രചാരണം വ്യാജമാണെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയതുകൊണ്ട് മാത്രമാണ് വലിയൊരു കെണിയിൽ നിന്നും രാജ്യദ്രോഹക്കുറ്റം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിൽ നിന്നും താൻ രക്ഷപെട്ടതെന്നും അല്ലെങ്കിൽ തനിക്ക് ജയിലിൽ കിടക്കേണ്ടി വരുമായിരുന്നുവെന്നും നടി പറഞ്ഞു.
വിഷയത്തിൽ നീതി ആവശ്യപ്പെട്ട് നേരത്തെ 'അമ്മ' സംഘടനക്ക് പരാതി നൽകിയിരുന്നെങ്കിലും മാധ്യമങ്ങളുടെ സമ്മർദ്ദം ഉണ്ടായതിന് ശേഷം മാത്രമാണ് അവർ അത് കേൾക്കാൻ പോലും തയാറായത്. ടിനി ടോമിനെ പിന്തുണക്കുന്ന പ്രസിഡന്റും തനിക്കെതിരെ വ്യാജപരാതി നൽകിയ വൈസ് പ്രസിഡന്റും അടങ്ങുന്ന നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒട്ടും വിശ്വാസമില്ലാത്തതിനാലാണ് താൻ സംഘടനയിൽ നിന്നും രാജിവെച്ചത്.
കുറ്റാരോപിതർ തന്നെ വിധികർത്താക്കളായി ഇരിക്കുന്ന ഒരു സമിതിക്ക് മുന്നിൽ ഹാജരാകുന്നതിൽ അർത്ഥമില്ലാത്തതിനാൽ മാലാ പാർവതി, രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ എന്നിവരെയോ അല്ലെങ്കിൽ പക്ഷപാതമില്ലാത്ത മറ്റാരെയെങ്കിലും ഉൾപ്പെടുത്തിയോ പുതിയൊരു അന്വേഷണ സമിതി രൂപീകരിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടും സംഘടനയുടെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂലമായ മറുപടിയൊന്നും ലഭിച്ചിട്ടില്ല. അതേ സമയം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ വി.ആർ രേഷ്മക്കും നടി ലഷ്മിപ്രിയക്കുമെതിരെ നൽകിയ പരാതിയിൽ ഇന്ന് പൊലീസ് മൊഴി രേഖപ്പെടുത്തും. വിഷയം ചൂണ്ടിക്കാട്ടി അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

