അടൂരിനെ തള്ളി സി.പി.എമ്മും സി.പി.ഐയും
text_fieldsഅടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ തള്ളിപ്പറഞ്ഞ് ഭരണ മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും. അടൂരിൽ നിന്നുണ്ടായത് ഫ്യൂഡൽ ജീർണതയുടെ ഉള്ളടക്കത്തോടെയുള്ള പ്രസ്താവനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ജനാധിപത്യ സമൂഹത്തോടുള്ള നീതികേടാണിത്. കേരളീയ സമൂഹം ഫ്യൂഡൽ സംസ്കാരത്തിന്റെ ആശയതലത്തിൽനിന്ന് ഏറെ മുന്നേറിയിട്ടുണ്ട്. ജാതിവ്യവസ്ഥയുടെ ജീർണത കുറഞ്ഞു. അങ്ങനെയുള്ള നാട്ടില്‍ ജാതി അടിസ്ഥാനപ്പെടുത്തി പ്രത്യേക പരിശീലനം ആവശ്യമില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്താവന സാമൂഹിക കാഴ്ചപ്പാടിന് നിരക്കാത്തതാണെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. ലോകത്തിന്റെ കണ്ണിലേക്ക് മലയാള സിനിമയെ കൈപിടിച്ചുയർത്തിയ അടൂരിൽനിന്ന് പ്രതീക്ഷിക്കാത്ത നിലപാടാണിത്. പണക്കൊഴുപ്പും പുരുഷാധിപത്യവും പിടിമുറുക്കിയ ചലച്ചിത്ര മേഖലയില്‍ ദലിതര്‍ക്കും സ്ത്രീകള്‍ക്കും ഇടംകണ്ടെത്താനുള്ള നയത്തിന്റെ ഭാഗമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സാമ്പത്തിക സഹായ പദ്ധതി ആവിഷ്‌കരിച്ചത്. വാക്കുകൊണ്ട് മുറിവേറ്റവരോട് ഖേദം പ്രകടിപ്പിക്കാനുള്ള ഹൃദയ വിശാലത അടൂരിൽനിന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി വന്നതിനാൽ പരിശോധിക്കും -മന്ത്രി ഒ.ആർ. കേളു
കൊല്ലം: പരാതി ഉയർന്ന സാഹചര്യത്തിൽ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് പരിശോധിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് വിവാദം ആഗ്രഹിക്കുന്നില്ല. എസ്.സി-എസ്.ടി വിഭാഗത്തിന് പരിശീലനം വേണമെന്നും സർക്കാർ ഫണ്ട് ചെലവഴിക്കുമ്പോൾ സുതാര്യത വേണമെന്നുമാണ് അടൂർ പറഞ്ഞതെന്നാണ് മനസ്സിലാകുന്നത്. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള വേർതിരിവ് രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ അതിന് എരിവും പുളിയും ചേർക്കുന്നതാണ് ഇത്തരം പരാമർശങ്ങൾ.
അടൂരിനെതിരെ സംഗീത നാടക അക്കാദമി
തൃശൂർ: ഗായിക പുഷ്പവതിയെ വംശീയമായി അധിക്ഷേപിച്ച അടൂർ ഗോപാലകൃഷ്ണനെതിരെ സംഗീതനാടക അക്കാദമി രംഗത്ത്. വിവേചന പ്രസ്താവന പിൻവലിക്കണമെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു. അക്കാദമി വൈസ്ചെയർപേഴ്സനാണ് പുഷ്പവതി.
പുഷ്പവതി അക്കാദമിയുടെ പ്രതിനിധിയായാണ് കോൺക്ലേവിൽ പങ്കെടുത്തത്. അവരുടെ സാന്നിധ്യം തന്നെ ചോദ്യംചെയ്യുന്ന പരാമർശം അക്കാദമിയെക്കൂടി അവഹേളിക്കുന്നതാണെന്നും മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

