Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sameera saneesh
cancel
camera_alt

സമീറ സനീഷ്​

Homechevron_rightEntertainmentchevron_rightCelebritieschevron_right...

'അലങ്കാരങ്ങളില്ലാതെ'യും സമീറ സനീഷ് തിരക്കിലാണ്​...

text_fields
bookmark_border

സിനിമ കഥ പറഞ്ഞു തുടങ്ങും മു​േമ്പ നമ്മളെ കഥയ്ക്കുള്ളിലാക്കാൻ ഏറ്റവും സഹായിക്കുന്നവരാണ് കോസ്റ്റ്യൂം ഡിസൈനർമാർ. ഒരുപാട് കാലത്തെ അടയാളങ്ങളുള്ള മനുഷ്യരായി അഭിനേതാക്കൾ നമ്മളിൽ ജീവിച്ചു തുടങ്ങുന്നതിൽ വസ്ത്രാലങ്കാരത്തിന്‍റെ പങ്ക് ചെറുതല്ല. പുരസ്​കാരങ്ങൾ കൊണ്ടും സിനിമ കൊണ്ടും സജീവമായ ഒരാളാണ് സമീറ സനീഷ്. കോവിഡ്കാല സിനിമാ പ്രവർത്തനത്തെ പറ്റിയും അനുഭവത്തെ പറ്റിയും സമീറ 'മാധ്യമം ഓൺലൈനു'മായി സംസാരിക്കുന്നു

മാസ്​ക്​ ശരിക്കുവെച്ചില്ലെങ്കിൽ വഴക്കുപറയുന്ന മമ്മുക്ക

ആദ്യത്തെ ലോക്ഡൗൺ കഴിഞ്ഞ് പതിനഞ്ചോളം സിനിമകൾ ഞാൻ ചെയ്​തിരുന്നു. പലതും പകുതിയായിരിക്കുന്നു. വലിയ നിയന്ത്രണമായിരുന്നല്ലോ അന്ന്​. എല്ലാവരെയും കോവിഡ് ടെസ്റ്റ് ചെയ്​ത്​ നെഗറ്റീവായിട്ടാണ് ലൊക്കേഷനിൽ കയറ്റിയിരുന്നത്. എന്‍റെ ജോലി ശരിക്കും പ്രയാസകരമായിരുന്നു. ടെസ്റ്റ് ചെയ്​ത്​ കഴിഞ്ഞും പുറത്തിറങ്ങി പർച്ചയ്സിന് പോകണ്ടി വരും. അതും എല്ലാ ദിവസവും. മാറി നിൽക്കാൻ പറ്റില്ലല്ലോ. അസിസ്റ്റന്‍റുമാർ പല നാട്ടിൽ നിന്നും വരുന്നവരായിരുന്നു. ചെന്നൈയിൽ നിന്നൊക്കെ തുന്നലുകാർ വരുമായിരുന്നു. ഇപ്പോൾ അത് പറ്റില്ല.


മമ്മൂക്കയുടെ പടവും ഉണ്ടായിരുന്നു- ഭീഷ്മപർവ്വം. ശരിക്കും പണിയുള്ള വർക്കാണത്. മമ്മൂക്ക ഭയങ്കര ശ്രദ്ധയാണ്. ഫുൾ സാധനങ്ങൾ സാനിറ്റൈയിസ്​ ചെയ്​താലേ അകത്തേക്ക് കയറ്റു. കോസ്റ്റ്യൂം ട്രയലിന് കൊണ്ടുപോകുമ്പോഴും ഫുൾ സ്പ്രേ ചെയ്​തിട്ടേ വീട്ടിലേക്ക് കയറ്റാൻ സമ്മതിക്കൂ. മാസ്ക് ശരിക്ക്​ വെച്ചില്ലെങ്കിൽ വഴക്ക് പറയും. നമ്മളെ പറ്റിയുള്ള ശ്രദ്ധയും കരുതലും കൊണ്ട്​ ആണത്​.

പർച്ചയ്സിങിന് പുറത്ത് പോകുന്നതും ഇപ്പോൾ നിർത്തി. എറണാകുളത്ത് നിന്ന് തന്നെയാണ് എല്ലാം വാങ്ങുന്നത്. ഓരോ കടയിൽ കയറി ഇറങ്ങി വാങ്ങണ്ടി വരും. കേരളത്തിന് പുറത്തേയ്ക്ക് പോയി ഇനി എന്ന്​ വാങ്ങാനാകും എന്നൊന്നും ഒരുറപ്പുമില്ല. പിന്നെ കഥയിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ ചെയ്യുന്ന സിനിമകൾ അധികവും ഒരു വീടിനകത്ത് നടക്കുന്ന കഥകളാണ്​. ആർട്ടിസ്റ്റുകളും കുറവാണ്. മുമ്പ്​ ഒരു സിനിമയിൽ എനിക്ക് ഒപ്പം നാലഞ്ച് അസിസ്റ്റന്‍റുമാർ കാണുന്നിടത്ത് ഇപ്പോൾ രണ്ട് പേരായി, ഒരാളായി ഒക്കെ ചുരുക്കേണ്ട സാഹചര്യവും ഉണ്ടല്ലോ. കുറേ അധികം പേർക്ക് ജോലി നഷ്​ടമായി. ഇതാണ് ഭയപ്പെടുത്തുന്ന ഒരു കാര്യം. അമൽ നീരദിന്‍റെ പടവും ഷാജി കൈലാസിന്‍റെ പടവും അതിന് വ്യത്യസ്തമായി വലിയ സിനിമകളാണ്. പതിയെ പതിയെ ഷൂട്ടിങ്​ നോർമ്മലാവും എന്ന തോന്നിയിടത്തു വെച്ചാണ് വീണ്ടും കോവിഡിന്‍റെ രണ്ടാം വരവും ലോക് ഡൗണും.

മകനൊപ്പം കളിച്ചും പച്ചക്കറി കൃഷി ചെയ്​തും തിരക്കിൽ

ലോക്ഡൗൺ സമയത്ത് സ്റ്റിച്ചിങും ഡിസൈനിങും ഒന്നും ചെയ്യുന്നില്ല. വീട്ടിൽ മകനൊപ്പം ഇരിക്കുന്നു. നല്ല തിരക്കുള്ള ജോലിയല്ലേ എ​േന്‍റത്. അവനൊപ്പം ഒട്ടും നിൽക്കാൻ പറ്റില്ലല്ലോ. സത്യം പറഞ്ഞാൽ ഇപ്പോൾ ഫോൺ പോലും ഞാൻ നോക്കില്ല. ലൂക്ക എന്നാണ് മോന്‍റെ പേര്. നാല് വയസ്സാകാറായി. അവനൊപ്പം കളിയും ഭക്ഷണം ഉണ്ടാക്കലുമാണ്​ ഇപ്പോൾ മുഖ്യപരിപാടി. മോന് കേക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോൾ ബേക്കിങും വീട് നോട്ടവും ചെടിയും പിന്നെ കുറച്ച് പച്ചക്കറി കൃഷിയുമൊക്കെയായി ഇപ്പോൾ കഴിയുന്നു. വർക്ക് തുടങ്ങിയാൽ ഇത് പറ്റില്ലല്ലോ. ഓട്ടമാണ്. എപ്പോഴും എനിക്കൊപ്പം ഒരു ബാഗുണ്ടാവും. വർക്കിന്‍റെ ഡീറ്റെയിൽസും റഫറൻസും ഒക്കെ സൂക്ഷിക്കുന്ന ബാഗ്. എവിടെ പോയാലും അത് എനിക്കൊപ്പം ഉണ്ടാകും. ഒരിക്കൽ എനിക്ക് ഒരു സർജറി ഉണ്ടായിരുന്നു. പെയിൻ വന്നിട്ട് വേഗം ഹോസ്പിറ്റലിലേക്ക് പോകാൻ കാറിൽ കയറുമ്പോഴും ഞാൻ ആ ബാഗാണ് നോക്കിയത്. ആ ബാഗ് ഇപ്പോൾ തുറക്കുന്നു പോലുമില്ല. വീട്ടിലെ തിരക്കുകളിൽ തന്നെയാണ്. പിന്നെ ഇടയ്ക്ക് ഓയിൽ പെയിന്‍റിങ്​ ചെയ്യും. രണ്ട് സിനിമയുടെ സ്ക്രിപ്​റ്റ്​ വായിക്കാൻ ഇരുപ്പുണ്ട്.

ഭർത്താവ്​ സനീഷിനും മകൻ ലൂക്കക്കുമൊപ്പം സമീറ

വർക്കുള്ളപ്പോൾ ഒട്ടും നേരം കിട്ടില്ല. സമയം ബാധകമല്ലല്ലോ എന്‍റെ ജോലിക്ക്. ഒന്നും നമുക്ക് വേണ്ടി മാറ്റിവെയ്ക്കാനും പറ്റില്ല. നമ്മൾ സെറ്റായിരിക്കണം. വലിയ ഉത്തരവാദിത്തമുള്ള ജോലിയല്ലേ. രാവിലെ പോകും. ഓടി ഓടി എപ്പോഴെങ്കിലുമായിരിക്കും തിരിച്ചെത്തുക. ലൊക്കേഷനിലൊന്നും ഞാൻ ലൂക്കയെ അങ്ങനെ കൊണ്ടു പോകില്ല. അവന് ഒപ്പമുള്ള സമയം അവനൊപ്പം തന്നെയിരിക്കുന്നു.

ആർട്ടിസ്റ്റുകളുടെ സഹകരണം ജോലി രസകരവും എളുപ്പവുമാക്കും

ഒരു സിനിമയുടെ സ്ക്രിപ്​റ്റ്​ വായിക്കുമ്പോൾ തന്നെ അതിലെ കഥാപാത്രങ്ങൾക്ക് വേണ്ട വേഷങ്ങൾ കുറെയൊക്കെ മനസ്സിൽ വരും. കഥ നടക്കുന്ന സ്ഥലങ്ങളിലെ മനുഷ്യരുടെ വസ്ത്രരീതി നോക്കും. ആ സ്ഥലത്തെ കടകളിൽ നിന്നു കുറേ ഡ്രസ്സ് വാങ്ങും. ആ സ്ഥലത്തെ കടകളിലെ വസ്ത്രങ്ങളാവും ആ നാടിന്‍റെ ഡ്രസ്സ് സ്റ്റൈൽ. പക്ഷേ ഇപ്പോൾ അവസ്ഥ അതല്ല. എറണാകുളത്തു നിന്നു തന്നെയാവും പർച്ചയ്സിങ്​. പിന്നെ ആർട്ടിസ്റ്റുകൾ ആരാണ്, അവർക്ക് ചേരുന്നതെന്താണ്​ എന്നൊക്കെ നോക്കും. ഡയറക്ടറുമായി ചർച്ച ചെയ്യും. എന്‍റെ ഐഡിയ ചെയ്​തിട്ട് ട്രയൽ നോക്കിയിട്ട്​ ഫോട്ടോ അയയ്ക്കും. എന്നിട്ട് ചർച്ച ചെയ്​ത്​ ഒരു ധാരണയിലെത്തും.

കൂടുതൽ നന്നായി എങ്ങനെ ചെയ്യാം എന്നത് മാത്രമാണ് മനസ്സിൽ. പിന്നെ ആർട്ടിസ്റ്റുകളോട് സംസാരിക്കുമ്പോൾ തന്നെ വൈബ് മനസ്സിലാകും. കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് വസ്ത്രം ഒരുക്കുമ്പോഴും ആർട്ടിസ്റ്റുകളുടെ ചേർച്ച ശ്രദ്ധിക്കും. പലരും വളരെ പ്രഫഷണലാണ്. അവർക്കൊപ്പം വർക്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. വർക്ക് മാത്രമാണ് പ്രധാനം. അത്തരം ആർട്ടിസ്റ്റുകൾ നമ്മളെ വിശ്വസിക്കും. അങ്ങനെ അല്ലാത്ത ചിലരുമുണ്ട്. ഒട്ടും പക്വതയില്ലാതെ പെരുമാറി കളയും. അതാണ് ഏറ്റവും സങ്കടം.

കാരണം ആർട്ടിസ്റ്റുകളുടെ സഹകരണം നമ്മുടെ ജോലി രസവും എളുപ്പവുമാക്കും. വേദനിപ്പിക്കുന്ന അനുഭവങ്ങൾ ധാരാളം ഉണ്ട്. വലിയ ഒരു സ്വപ്‌നത്തിന്‍റെ നിർമ്മാണത്തിലാണ് നമ്മളും. ആ കുതിപ്പിൽ എല്ലാം നിസ്സാരമാകും. വർക്ക് പെർഫക്ടാക്കുക എന്നതു മാത്രമാകും ലക്ഷ്യം.


സുജാതയുടെ കൊലുസ്​ ചോദിച്ച്​ പലരും വിളിച്ചു

നമ്മുടെ ഡിസൈൻ ട്രെന്‍റ്​ ആയി മാറുന്നതിന്‍റെ സന്തോഷം കരിയറിന്‍റെ തുടക്കം മുതൽ അനുഭവിക്കുന്നുണ്ട്. ചെയ്ത പല ഡിസൈൻസും പിന്നെ ആളുകൾ ഇടുന്നത് കാണുന്നത് വലിയ ഊർജമാണ്. 'ഹൗ ഓൾഡ് ആർ യു' ഇറങ്ങിയ ശേഷം ചെന്നൈയിൽ പർച്ചയ്സിങിന് പോയപ്പോൾ അവിടുത്തെ സെയിൽസ് സ്റ്റാഫ് 'ഹൗ ഓൾഡ് ആർ യു' സാരിയെന്നും പറഞ്ഞ് മഞ്ജു ചേച്ചിയുടെ ഫോട്ടോ ഒക്കെ വെച്ച് സാരികൾ കാണിച്ചു തന്നു. അപ്പോൾ ഭയങ്കര സന്തോഷം തോന്നി. 'സൂഫിയും സുജാത'യും കണ്ടിട്ട് അതിലെ കൊലുസ് ചോദിച്ചു പോലും ആളുകൾ വിളിച്ചിട്ടുണ്ട്.

മുണ്ടിന്‍റെ കരയുടെ വീതി വരെ പറഞ്ഞുതരുന്ന രഞ്​ജിത്​

വർക്കിന്‍റെ രീതികളിൽ സംവിധായകൻ സീനിയർ ആണോ ജൂനിയർ ആണോ എന്ന വേർതിരിവൊന്നുമില്ല. പലർക്കും പല രീതിയാണ്. ചിലർ വളരെ ഡീറ്റെയിലിങ്ങാണ്. ചിലർ നേരെ തിരിച്ചും. വർക്കിന് ഒരേ മനസ്സാണ് വേണ്ടത്. വ്യത്യസ്ത കാഴ്ചപ്പാടുകളാണല്ലോ ചർച്ച ചെയ്യുന്നത്. സത്യൻ സാറിനൊപ്പം എന്‍റെ കരിയറിന്‍റെ തുടക്ക സമയത്ത് തന്നെ വർക്ക് ചെയ്യ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പുതിയ സിനിമയും ഞാനാണ് ചെയ്യുന്നത്. സത്യൻ സാർ നമ്മളോട് അഭിപ്രായം ചോദിക്കും. ഞെട്ടി പോകും. സീനിയറാണ് എന്ന ചിന്തയൊന്നും പലരും വർക്കിൽ കാണിക്കില്ല.

രഞ്ജിത്ത് സാർ നല്ല സ്വാതന്ത്ര്യം തരും. ഭയങ്കര ഡീറ്റെയലിങ്​ നോക്കുന്ന ആളാണ്. മുണ്ടിന്‍റെ കരയുടെ വീതി എത്രയാണെന്ന് വരെ ധാരണയുണ്ട്. ബ്ലെസി സാർ ആഭരണത്തിലെ കല്ലിന്‍റെ എണ്ണവും വലിപ്പവും വരെ ശ്രദ്ധിക്കും. അത്ര സൂഷ്മമായി കാര്യങ്ങൾ നോക്കുമ്പോൾ വർക്കും പെർഫക്ടാവും. ലാൽ ജോസ് സാർ ഡിസൈൻ എനിക്കായി വിട്ടുതരും. ഞാൻ എന്തു ചെയ്യുന്നു എന്ന് നോക്കും.

അങ്ങനെ ഓരോരുത്തർക്കും അവരവരുടേതായ രീതിയുണ്ട്. പുതിയ സംവിധായകരും വർക്ക് ഡീറ്റയ്​ലായി ശ്രദ്ധിക്കുന്നവരാണ്. അല്ലാത്തവരും ഉണ്ട്. ചിലർ കോംപ്രമൈസ് ചെയ്യും. സ്വാതന്ത്ര്യം തരും. ചിലർ വർക്കിനെ പറ്റി വ്യക്തമായി ധാരണയുള്ളവരാകും. ഇവർക്കൊക്കെ ഒപ്പം ഞാൻ കംഫർട്ടബിൾ ആണ്. ചിലർ ഒന്നും അഡ്ജസ്റ്റ് ചെയ്യില്ല. ഡഡിക്കേറ്റഡ്​ ആയവർക്കൊപ്പം വർക്ക് ചെയ്യാൻ എളുപ്പമാണ്. അവസാന നിമിഷം ഓടിക്കുന്നവരും ഉണ്ട്. അതിനും റെഡിയായി നമ്മൾ നിൽക്കണം. പുതിയ ചില സംവിധായകർപ്രീ പ്ലാൻഡായിരിക്കും. അത് എളുപ്പമാണ്. മാർട്ടിനൊക്കെ ഫോണിൽ പറയുമ്പോൾ തന്നെ എനിക്ക് പിടികിട്ടും എന്താ വേണ്ടതെന്

പല കാര്യത്തിനും മമ്മുക്ക ഒരു പാഠം

'അലങ്കാരങ്ങളില്ലാതെ' എന്ന പുസ്​തകം ഇറങ്ങിയതിൽ എനിക്ക് ഒരു പങ്കുമില്ല. രശ്മിയുടെ മാത്രം ശ്രമമാണ് ആ പുസ്തകം. എഴുത്തുമായി എനിക്ക് ഒരു ബന്ധവുമില്ല. രശ്മി എന്നെ കണ്ട് ആദ്യം ഇത് പറഞ്ഞപ്പോൾ തമാശയായിട്ടാണ്​ തോന്നിയത്. പക്ഷേ രശ്മി അത് കൈവിടാതെ കൊണ്ടു നടന്നു. ഫ്രീ ടൈം കിട്ടുമ്പോഴൊക്കെ വീട്ടിൽ വരും. സംസാരിക്കും. റെക്കോർഡ് ചെയ്​ത്​ പോകും. അങ്ങനെയാണ് ഇതൊരു പുസ്തകമായത്.

മൂന്ന് വർഷം കഴിഞ്ഞ് പുസ്തകം ഇറങ്ങാറായി എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ആ സമയത്താണ് ഇതിന്‍റെ സീരിയസ്നസ്​ എനിക്ക് മനസ്സിലായത്. ആരേക്കൊണ്ട് പ്രകാശനം ചെയ്യിക്കാമെന്ന ആലോചനയിൽ എനിക്ക് എന്‍റെ ആദ്യ മലയാള സിനിമയിലെ ഡയറക്ടറും നായകനും വേണമെന്ന് തോന്നി. അങ്ങിനെയാണ്​ മമ്മുക്കയോട് ചോദിച്ചത്​. അദ്ദേഹം അപ്പഴേ റെഡി. മമ്മുക്കയുടെ സ്നേഹം ശരിക്കും നമ്മളെ ഞെട്ടിക്കും. എത്ര പേർക്ക് പറ്റും ഒരാളെ ഇങ്ങനെ സപ്പോർട്ട് ചെയ്യാൻ. പല കാര്യത്തിനും മമ്മൂക്ക ഒരു പാഠമാണ്.

സമീറ സനീഷിന്‍റെ 'അലങ്കാരങ്ങളില്ലാതെ' എന്ന പുസ്​തകം മമ്മൂട്ടി പ്രകാശനം ചെയ്യുന്നു

ദുൽഖർ പറഞ്ഞു-'അദിതി സമീറയുടെ ഫാൻ ആണ്​'

ഞാൻ പരസ്യ മേഖലയിലായിൽ നിന്നാണ്​ സിനിമയിലേക്ക്​ വരുന്നത്. ഒരുപാട് ആർട്ടിസ്റ്റുകൾക്കൊപ്പം വർക്ക് ചെയ്​തിട്ടുണ്ട്. ഏറ്റവും അടുപ്പം തോന്നിയിട്ടുള്ളത് അദിതി റാവുവിനോടാണ്. മഞ്ജു ചേച്ചിയോടു തോന്നുന്ന അടുപ്പം എനിക്ക് അവരോടും ഫീൽ ചെയ്തിട്ടുണ്ട്. 'സൂഫിയും സുജാതയും' ചെയ്യുമ്പോഴാണ് പരിചയപ്പെട്ടത്. അതിന്‍റെ സംവിധായകൻ നരണിപ്പുഴ ഷാനവാസ് കാരണമാണ് ഞാനാ വർക്കിൽ എത്തുന്നത്. അദിതി റാവുവിന് സ്വന്തമായി സ്റ്റൈലിസ്റ്റ് ഉണ്ട്. അവരെ കൊണ്ട് വർക്ക് ചെയ്യിക്കാനായിരുന്നു ആദ്യം താൽപര്യം. സംവിധായകന് എന്നെ ഏൽപ്പിക്കണമെന്നും. ഞാൻ പറഞ്ഞു ഒരു ഡിസൈൻ ചെയ്​ത്​ കൊടുക്കാം, ട്രയൽ ചെയ്ത് ഇഷ്​ടമായാൽ തീരുമാനിക്കാമെന്ന്. അങ്ങനെ ഞാൻ മുംബൈയിൽ പോയി. എനിക്ക് നല്ല ടെൻഷനായിരുന്നു. ഒട്ടും താൽപര്യമില്ലാതിരുന്ന അദിതിയ്ക്ക് എന്‍റെ ഡിസൈൻ ഇഷ്​ടമായി.

ഞങ്ങൾ ഒരുമിച്ച് 'സൂഫിയും സുജാതയും' ചെയ്തു. ഭയങ്കര സ്നേഹമായിരുന്നു. വളരെ സിംപിളാണ്. ചെറിയ ഓൾട്രേഷൻ പോലും പറയുന്നത് അത്ര സൗമ്യമായാണ്. ഒരു നാട്ടിൻപുറത്തായിരുന്നു ഷൂട്ട്. ഞാൻ സെറ്റിൽ പോയ ഒരു ദിവസം അവിടെയുള്ള ചായക്കടയിൽ എന്നെ കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്. എന്‍റെ പുസ്തകത്തിന്‍റെ കാര്യം പറയാൻ ഞാൻ വിളിച്ചപ്പോൾ ദുൽഖർ പറഞ്ഞു, സമീറയുടെ ഒരു ഫാൻ ഇവിടെ ഉണ്ടെന്ന്. ഞാൻ ആരാണെന്ന് അന്വേഷിച്ചു. അദിതി റാവു എന്ന പേര് ദുൽഖർ പറയുമ്പോൾ ഞാൻ അത്രയും അതിശയപ്പെട്ടു. എന്നെപ്പറ്റി അദിതി പറയുന്നത് കേട്ടപ്പോൾ ദുൽഖറിന് തന്നെ സന്തോഷം തോന്നിയിരുന്നു. ആർട്ടിസ്റ്റെന്ന നിലയിലും മനുഷ്യനെന്ന നിലയിലും അവർ വളരെ നല്ല വ്യക്തിയാണ്.

സൂഫിയെ പോലെ പോയ്​മറഞ്ഞ ഷാനവാസ് നരണിപ്പുഴ

ഷാനവാസ്​ നരണിപ്പു​ഴയെ പോലുള്ള നല്ല മനുഷ്യർ കുറവാണ്​. അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുള്ളവർ, ഒപ്പം വർക്ക് ചെയ്തിട്ടുള്ളവർ ഒക്കെ ഇതു തന്നെ പറയും. സ്വന്തം ആൾക്കാരോടെന്ന പോലെയാണ് പെരുമാറുന്നത്. 'സൂഫിയും സുജാതയും' ഞാൻ ചെയ്യാൻ കാരണം തന്നെ അദ്ദേഹമാണ്​. എത്ര പ്രശ്നം വന്നാലും സിംപിളായി നിൽക്കും. ഷാനവാസിന്‍റെ കുട്ടിയുടെ പിറന്നാളിന് എന്നെയും വിളിച്ചിരുന്നു. വളരെ കുറച്ചു പേരെ അന്ന് ഉണ്ടായിരുന്നുള്ളൂ. ആളെ എനിക്ക് സ്വന്തം വീട്ടിലെ ഒരാൾ എന്ന ഫീലായിരുന്നു.

മരിക്കുന്നതിന് കുറച്ചു ദിവസം മുമ്പ്​ എറണാകുളത്ത് വന്നിട്ട് എന്നെ വിളിച്ചിരുന്നു. സ്ക്രിപ്​റ്റ്​ കംപ്ലീറ്റായി, ആദ്യം അത് സമീറയോട് പറയണം എന്ന് പറഞ്ഞു. അന്ന് ഞാൻ പാലക്കാട് ആയിരുന്നു. വൈകീട്ട് എത്തിയിട്ട്​ കാണാമെന്ന് പറഞ്ഞിട്ടും ഞാൻ വരാൻ വൈകി. കാണാൻ കഴിഞ്ഞില്ല. ഞാൻ വിളിച്ചപ്പോൾ പറഞ്ഞു, 19 തീയതി വരും അപ്പോൾ കാണാമെന്ന്. ആ പോക്ക് പോയ ആളാണ്. കാണാനും സംസാരിക്കാനും പറ്റിയില്ല. വല്ലാതെ വേദനിപ്പിച്ച മരണമായിരുന്നു. കുറച്ച് ദിവസം മുമ്പ്​ ഷാനവാസിന്‍റെ ഭാര്യ വന്നിരുന്നു. അദ്ദേഹം എഴുതി തീർത്ത സ്ക്രിപ്​റ്റ്​ പറയാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dulqar salmanAditi Rao HydariSameera saneesh
News Summary - Costume designer Sameera Saneesh about lock down days
Next Story