
പിടിച്ചെടുത്തത് കൊക്കെയ്നും ചരസും മയക്കുഗുളികകളും; ആര്യന്റെ ലെൻസ് ബാഗിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നെന്ന് എൻ.സി.ബി
text_fieldsന്യൂഡൽഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാൻ ഉൾപ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരി കേസിൽ പിടിച്ചെടുത്തത് 13 ഗ്രാം കൊക്കെയ്നും 21ഗ്രാം ചരസും 22 എം.ഡി.എം.എ ഗുളികളും അഞ്ചുഗ്രാം എം.ഡിയും. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചതാണ് ഇക്കാര്യം.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാന്റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് വാങ്ങൽ, കൈവശം സൂക്ഷിക്കൽ, നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കൽ തുടങ്ങിയവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.
ആര്യൻ ഖാൻ ഉപയോഗിക്കുന്ന ലെൻസ് ബാഗിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തതായി എൻ.സി.ബി അറിയിച്ചിരുന്നു. കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന് പെട്ടിയിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തതായും എൻ.സി.ബി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ആര്യൻ ഖാനെയും മറ്റു രണ്ടുപേരെയും തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം.
ആര്യൻ ഖാന് മുംബൈയിലെ ലഹരി സംഘങ്ങളുമായി ഉറ്റബന്ധങ്ങളുണ്ടെന്നാണ് എൻ.സി.ബിയുടെ കണ്ടെത്തൽ. ആര്യന്റെ വാട്സ്ആപ് ചാറ്റുകളിൽ അത് വ്യക്തമാക്കുന്ന തെളിവുണ്ടെന്നും പറയുന്നു. നിരോധിത ലഹരിവസ്തുക്കൾ സംബന്ധിച്ച് ഒന്നിലധികം തവണ ആര്യൻ ഖാനും സുഹൃത്തുക്കളും വാട്സ്ആപ് ചാറ്റിലൂടെ ചർച്ച ചെയ്തതായി പറയുന്നു.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എട്ടുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ആര്യന് ഖാനെയും മറ്റും രണ്ടുപേരെയും കോടതിയിൽ ഹാജരാക്കുകയും പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. മെഡിക്കൽ പരിശോധനക്ക് ശേഷം മറ്റുള്ളവരെയും കോടതിയിൽ ഹാജരാക്കും.
മുംബൈ തീരത്തെ കോർഡിലിയ കപ്പലിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ആര്യനുൾപ്പെടെ ഏട്ടു പേർ പിടിയിലായിരുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ആര്യൻ ഖാന് പുറമെ, അടുത്ത് സുഹൃത്ത് അർബാസ് മെർച്ചന്റ്, നുപുർ സരിക, മൂൺമൂൺ ധമേച, ഇസ്മീത് സിംഗ്, മൊഹാക് ജസ്വാൾ, വിക്രാത് ചോക്കർ, ഗോമിത് ചോപ്ര എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ എൻ.സി.ബി റെയ്ഡ് നടത്തിയത്. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി.
ബോളിവുഡ്, ഫാഷൻ, ബിസിനസ് രംഗത്തെ പ്രമുഖരാണ് പാർട്ടിയിൽ പങ്കാളികളായിരുന്നത്. തുടർന്ന് നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.ബി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോടിക്കണക്കിന് ലഹരിവസ്തുക്കൾ കണ്ടെടുത്തു.
