വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഔദാര്യമല്ല, ജെൻസിയുടെ ധൈര്യം ഓർത്ത് അഭിമാനിക്കുന്നു; സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി ദിവ്യ പ്രഭ
text_fieldsനീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി പാർട്ടിയുടെ നേത്ത്വത്തിൽ ഡൽഹിയിൽ നടത്തിവരുന്ന പ്രതിഷേധത്തിന് പിന്തുണയുമായി അഭിനേത്രി ദിവ്യ പ്രഭ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിദ്യാർഥികളെ പിന്തുണക്കുന്നതായി പറഞ്ഞത്. പുതിയ തലമുറയെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നതായും പ്രതിഷേധത്തിനെ പൂർണമായും പിന്തുണക്കുന്നതായും ദിവ്യ പ്രഭ പറഞ്ഞു.
ഡൽഹിയിൽ സിജെപി പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധത്തിന് ടൊിവിനോ തോമസ്, വിസ്മയ മോഹൻലാൽ, പാർവതി തിരുവോത്ത്, എന്നിങ്ങനെ നിരവധി താരങ്ങളാണ് ഇതിനകം പിന്തുണയുമായി എത്തിയത്.
ദിവ്യ പ്രഭയുടെ കുറിപ്പിന്‍റെ വിശദരൂപം;
ഓരോ തലമുറയും ചരിത്രത്തിൽ തങ്ങളുടെ അടയാളം പതിപ്പിച്ചിട്ടുണ്ട്. എന്നാൽ, കാലം വീണ്ടും വീണ്ടും തെളിയിച്ച ഒരു കാര്യമുണ്ട്, ചോദ്യം ചെയ്യാനും, നിലവിലുള്ള അവസ്ഥയെ വെല്ലുവിളിക്കാനും, മികച്ചൊരു ഭാവി സ്വപ്നം കാണാനും പലപ്പോഴും ഏറ്റവും കൂടുതൽ ധൈര്യം കാണിച്ചിട്ടുള്ളത് യുവതലമുറയാണ്.
Gen Z-യോട് ഒരു കാര്യം മാത്രം , നിങ്ങളെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്. നിങ്ങൾ കാണിക്കുന്ന പങ്കാളിത്തവും, ചോദ്യം ചെയ്യാനുള്ള ധൈര്യവും, സമൂഹത്തോടുള്ള കരുതലും എനിക്ക് പ്രതീക്ഷ നൽകുന്നു. ആ ധൈര്യം ഒരിക്കലും നഷ്ടപ്പെടുത്തരുത്.
എന്റെ പ്രായം എന്തായാലും, മനസ്സുകൊണ്ട് ഞാൻ എപ്പോഴും നിങ്ങളിലൊരാളാണെന്ന് തോന്നാറുണ്ട്. നിങ്ങളുടെ ചോദ്യങ്ങളിലും പ്രതീക്ഷകളിലും, മികച്ചൊരു നാളെയെക്കുറിച്ചുള്ള വിശ്വാസത്തിലുമാണ് ഞാൻ എന്നെത്തന്നെ കാണുന്നത്.
നീതിക്കും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കും വേണ്ടി സമാധാനപരമായി ശബ്ദമുയർത്തുന്നവർക്കൊപ്പം ഞാൻ നിൽക്കുന്നു.
ഡൽഹി പ്രതിഷേധത്തിനൊപ്പം.
CJP ക്കൊപ്പം.
വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഒരു ഔദാര്യമല്ല; ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

