ആ കടുത്ത പനിയിലും മഴയത്ത് ഏഴ് ദിവസത്തോളം ലാൽ സാർ അഭിനയിച്ചു; 'തുടരും' ചിത്രത്തിൽ മോഹൻലാൽ എടുത്ത എഫേർട്ടിനെ കുറിച്ച് ഛായഗ്രഹകൻ
text_fieldsമോഹൻലാൽ-ശോഭന കൂട്ടുക്കെട്ടിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരുമെന്ന ചിത്രം റിലീസിനോട് അടുക്കുകയാണ്. ഒരു സാധാരണ ടാക്സി ഡ്രൈവറുടെ റോളിലെത്തുന്ന മോഹൻലാൽ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ-ശോഭന കൂട്ടുക്കെട്ട് സ്ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകത തുടരുമിനുണ്ട്. ചിത്രത്തിന്‍റേതായി പുറത്തെത്തിയ ട്രെയിലറിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
ചിത്രത്തിന്‍റെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് ഛായഗ്രഹകനായ ഷാജി കുമാർ. ചിത്രത്തിനായി കടുത്ത പനിക്കിടയിലും ഷൂട്ടിന് മുടക്കം വാരാതെ മോഹൻലാൽ ആറ് ഏഴ് ദിവസം മഴത്തുള്ള സീനുകൾ പൂർത്തിയാക്കിയെന്ന് ഷാജി കുമാർ പറയുന്നു. സെറ്റിലെ കൂടെയുള്ളവരുടെ കംഫർട്ട് കൂടി കണക്കിലെടുക്കുന്ന നടനാണ് മോഹൻലാൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ തുടരുമിൽ അവതരിപ്പിക്കുന്നത്. ഷൺമുഖൻ എവിടെ വരെ പോകാം, ഏതാണ് അതിന്റെ അതിർവരമ്പ് എന്നൊക്കെയുള്ളത് മോഹൻലാൽ സാറിന് വ്യക്തമായി അറിയാം. എന്തായാലും അദ്ദേഹം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. സാറിന് കടുത്ത പനി ആയി ഇരുന്ന സമയത്ത് തുടർച്ചയായി ആറ് ഏഴ് ദിവസം മഴത്തുള്ള ഷൂട്ട് ആയിരുന്നു. മറ്റേതെങ്കിലും നടനായിരുന്നെങ്കിൽ പനി മാറിയിട്ട് എടുക്കാമെന്ന് പറഞ്ഞേനെ പക്ഷേ സാർ ചെയ്യാം നമുക്ക്, കുഴപ്പമില്ല എന്നാണ് പറഞ്ഞത്.
നമുക്ക് വേണ്ടെന്ന് പറയണമെന്ന് ഉണ്ടായിരുന്നു പക്ഷേ ഞങ്ങളത് പ്രകടിപ്പിച്ചില്ല കാരണം ഡേറ്റുകളുടെ പ്രശ്നമുണ്ടായിരുന്നു. അല്പം വിഷമത്തോടെ ആണെങ്കിലും അതിന് സഹകരിച്ചു. ആ സമയത്ത് സാർ പറ്റില്ലെന്ന് പറഞ്ഞാൽ അവിടെ ഷൂട്ടിംഗ് നിൽക്കും. പക്ഷേ മോഹൻലാൽ സാർ കൂടെയുള്ളവരുടെ കംഫർട്ട് കൂടി കണക്കിലെടുത്താണ് അത്തരം തീരുമാനങ്ങൾ എടുക്കുന്നത്', ഷാജി കുമാർ പറഞ്ഞു.
ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു. എന്നാൽ ഒ.ടി.ടി റിലീസ് പ്രതിസന്ധി നേരിട്ടത് കാരണം റിലീസ് നീട്ടുകയായിരുന്നു. പിന്നീട് മെയ്യിൽ റിലീസ് ചെയ്യാൻ മാറ്റിയിരുന്നു. എന്നാലിപ്പോൾ ഏപ്രിലിൽ തന്നെ ചിത്രം എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. എന്തായാലും മോഹൻലാൽ-ശോഭന 20 വർഷങ്ങൾക്ക് ശേഷം സ്ക്രീനിൽ ഒന്നിച്ചെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

