സു...സു... സിനിമാ ബ്രദേഴ്സ്...
text_fieldsകുടുംബചിത്രം
സ്വന്തം മുഖമൊന്ന് സിനിമയിൽ കാണിക്കാനായി സംവിധായകരുടെയും നിർമാതാക്കളുടെയും താരങ്ങളുടെയും മറ്റു സിനിമാക്കാരുടെയുമെല്ലാം പിറകെ അലയുന്ന ആയിരക്കണക്കിനാളുകൾ നമുക്കിടയിലുണ്ട്. അവരിൽ നിന്ന് വ്യത്യസ്തമായി, സ്വന്തം മുഖം കാണിക്കാനല്ല; പ്രിയപ്പെട്ട അനുജന്‍റെ മുഖം വെള്ളിത്തിരയിൽ ഒന്നു കാണിക്കാനായി ഏറെ വെയിൽകൊണ്ട് അലഞ്ഞ ഒരു ചേട്ടനുണ്ട് മലയാള സിനിമാലോകത്ത്. ഇന്ന് ആ അനുജൻ മലയാളി അറിയപ്പെടുന്ന ഒരു സിനിമാ താരമായി തിളങ്ങുമ്പോൾ തിരക്കേറിയ ലൈൻ പ്രൊഡ്യൂസറായി ചേട്ടനും തണലായി കൂടെയുണ്ട്.
അനുജൻ ‘സാബു’
ദൃശ്യം രണ്ട്, മൂന്ന് ഭാഗങ്ങൾ കണ്ടവരാരും മറക്കാനിടയില്ലാത്ത ഒരു മുഖമാണ് അനുജന്റേത്. മറ്റാരുമല്ല, മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടിയുടെ വീടിനടുത്ത് മുഴുക്കുടിയനായ അയൽവാസിയെന്ന വ്യാജേന വന്നുതാമസിച്ച് രഹസ്യങ്ങൾ ചോർത്തിയെടുത്ത പൊലീസുകാരൻ സാബു. ആ സാബുവാണ് നമ്മുടെ കഥയിലെ അനുജൻ. പേര് സുമേഷ് ചന്ദ്രൻ. ചേട്ടന്‍റെ പേര് സുഭാഷ് ചന്ദ്രൻ. ഇരുവരെയും ചേർത്ത് നാട്ടുകാരും സിനിമക്കാരുമെല്ലാം സ്നേഹത്തോടെ വിളിക്കുന്ന പേരാണ് സിനിമാ ബ്രദേഴ്സ്.
ചെറുപ്പം മുതൽ കലാരംഗത്ത് കഴിവുതെളിയിച്ചാണ് ഇരുവരും വളർന്നത്. എറണാകുളം കിഴക്കമ്പലം പഴന്തോട്ടത്തായിരുന്നു ജനിച്ചതും വളർന്നതുമെല്ലാം. കൽപണിക്കാരനായിരുന്ന പിതാവ് കെ.എൻ. ചന്ദ്രൻ മികച്ചൊരു കലാകാരൻ കൂടിയായിരുന്നു. വില്ലടിച്ചാംപാട്ട്, നാടകം, പാട്ട് തുടങ്ങിയ വിവിധ മേഖലകളിൽ മികവു പ്രകടിപ്പിച്ച ചന്ദ്രനും ഭാര്യ ശാന്താ ചന്ദ്രനും മറ്റെല്ലാ മാതാപിതാക്കളെയും പോലെ മക്കളോട് പഠിക്കാൻ നിർബന്ധിക്കുന്നതിനേക്കാൾ കലാരംഗത്ത് കഴിവുതെളിയിക്കാനായിരുന്നു നിർദേശിച്ചത്. ചെറിയപ്രായത്തിൽ തന്നെ ഇരുവരെയും എറണാകുളത്ത് കലാഭവനിൽ ചേർത്തു. മിമിക്രിയിലായിരുന്നു തുടക്കം. സ്കൂൾ കാലം മുതൽ സുമേഷ് നാടകം, അഭിനയം, മിമിക്രി എന്നിവയിലെല്ലാം സജീവമായിരുന്നു. ഇരുവരും തമ്മിൽ രണ്ടു വയസ്സാണ് വ്യത്യാസം. ചെറുപ്പത്തിൽ ഇടക്കിടെ വിവിധയിടങ്ങളിൽ കൈയിലുള്ള നാണയത്തുട്ടുകളുമായി ഓഡിഷനുകളിൽ പങ്കെടുക്കാൻ പോയി, എല്ലായിടത്തുനിന്നും ചോദിക്കുന്ന ഉയർന്ന ഫീസ് നൽകാനാവാതെ മടങ്ങേണ്ടിവന്നതിന്‍റെ വേദനിപ്പിക്കുന്ന ഓർമകൾ ഇരുവർക്കുമുണ്ട്. കഴിവും, എന്നെങ്കിലും ഒരിക്കൽ സിനിമയിലെത്തും എന്ന നിശ്ചയദാർഢ്യവുമായിരുന്നു പിന്നെയും പിന്നെയും ആ യാത്രകൾ തുടരാൻ സുമേഷിനെയും സുഭാഷിനെയും മുന്നോട്ടുനയിച്ചത്. ഇതിനിടെ സുമേഷിന് കുറെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അവസരം ലഭിച്ചു. വേഷമൊന്നും ഇല്ലെങ്കിലും കഠിനാധ്വാനം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയാണ് അന്തരിച്ച സിദ്ദീഖ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഭാസ്കർ ദി റാസ്കൽ എന്ന ഹിറ്റ് ചിത്രത്തിൽ പ്രിയതാരവുമായി ചേർന്നുള്ള ചെറിയ രംഗം ലഭിച്ചത്. പിന്നെപ്പിന്നെ ചെറിയ ചെറിയ റോളുകൾ കിട്ടിത്തുടങ്ങി. അപ്പോഴൊക്കെയും കാമറക്കുപിന്നിലെ ‘വേഷങ്ങൾ’ക്കു പിന്നാലെയായിരുന്നു സുഭാഷ്.
ആ സ്വപ്നങ്ങൾക്കുപിറകെ
പ്രശസ്ത മിമിക്രി താരങ്ങൾക്കൊപ്പം മിമിക്രി, സ്കിറ്റ്, സ്റ്റേജ് ഷോകൾ, ചാനൽ പരിപാടികൾ എന്നിവയുമായി സുമേഷ് മുന്നേറുമ്പോൾ ഷോ കോഓഡിേനഷൻ, സംവിധാനം, പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിലാണ് സുഭാഷ് വ്യക്തിമുദ്ര പതിപ്പിച്ചത്. വിവിധ ചാനലുകളുടെ പരിപാടികളിലൂടെയും ഇരുവരും ശ്രദ്ധനേടി.
അനിയനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ഹിറ്റ് ചിത്രം ചെയ്യണമെന്നായിരുന്നു സുഭാഷിന്‍റെ ഏറ്റവും വലിയ സ്വപ്നം. അങ്ങനെയാണ് 2023ൽ ജവാനും മുല്ലപ്പൂവും എന്ന ചിത്രം ഇറങ്ങുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലായിരുന്നു സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. സുഭാഷിന്‍റെ സുഹൃത്തായ നിർമാതാവ് വിനോദ് ഉണ്ണിത്താനാണ് ഈ സ്വപ്നം യാഥാർഥ്യമാക്കാൻ കൂടെനിന്നത്. അങ്ങനെ സുമേഷിനെ നായകനാക്കി രഘു മേനോൻ സംവിധാനം ചെയ്ത ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസറായിരുന്നു സുഭാഷ്. സ്വന്തം നാടായ പഴന്തോട്ടത്തും പരിസരങ്ങളിലുമായാണ് സിനിമ ചിത്രീകരണം നടത്തിയത്.
സിനിമയിൽ തിരക്കേറും മുമ്പ് സ്വന്തം നാട്ടിലും മറ്റിടങ്ങളിലുമെല്ലാം വിവിധ ആഘോഷ ചടങ്ങുകളിൽ സംഗീത പരിപാടി അവതരിപ്പിക്കാനും ഈ സഹോദരങ്ങൾ മുന്നിലുണ്ടായിരുന്നു. സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത്.
കല്യാണവീടുകൾ, ക്ലബുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ച്, മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഇരുവരും വളർന്നത്. നാട്ടിലെ പ്രതിഭ ക്ലബിന്‍റെ ആഭിമുഖ്യത്തിലായിരുന്നു ഇത്. ഇത് പിന്നീട് കൊച്ചിൻ പ്രതിഭ എന്ന പേരിൽ വളരുകയും വിവിധയിടങ്ങളിൽ ചീഫ് ഗെസ്റ്റായും ഉദ്ഘാടകരായും സഹോദരങ്ങൾക്ക് ക്ഷണം ലഭിക്കുകയും ചെയ്തു.
‘പ്രാങ്കി’ൽനിന്ന് റിയാലിറ്റിയിലേക്ക്
കോവിഡ് കാലത്താണ് സുമേഷിന് ദൃശ്യം സംവിധായകൻ ജീത്തു ജോസഫിൽ നിന്ന് വിളിവരുന്നത്. ആദ്യം പ്രാങ്ക് കോളാണെന്നാണ് കരുതിയത്. എന്നാൽ, തന്‍റെ കരിയർ തന്നെ മാറ്റിമറിച്ച വിളിയായിരുന്നു അതെന്ന് വൈകാതെ ആ നടൻ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ജോർജ്കുട്ടിയെ പോലും അമ്പരപ്പിച്ച ‘കുടിയൻ സാബു’വിന്‍റെ പിറവി. ദൃശ്യം രണ്ടിനു പിന്നാലെ അതിന്‍റെ തുടർച്ചയായ ദൃശ്യം മൂന്നിലും വേഷമിട്ടു. മീരാ ജാസ്മിന്‍റെ തിരിച്ചുവരവായ പാലും പഴവും, ആഘോഷം, എല്ലാം സെറ്റാണ്, സുമതി വളവ് തുടങ്ങിയ നിരവധി ചിത്രങ്ങളിലഭിനയിച്ച സുമേഷ് ഇനി വരാനിരിക്കുന്ന ‘ഒരു സ്റ്റാർട്ടപ്പ് കഥ’ ഉൾപ്പെടെ ചിത്രങ്ങളിലുമുണ്ട്. അഞ്ജുവാണ് സുഭാഷിെൻറ ഭാര്യ. അഭിനവ്, അഭിഷേക് എന്നിവർ മക്കളും. ബിബിയാണ് സുമേഷിന്‍റെ ഭാര്യ. വർഷയും വരുണുമാണ് മക്കൾ. ഇരുവരെയും കലാരംഗത്തേക്ക് കൈപിടിച്ചുയർത്തിയ പിതാവ് കെ.എൻ. ചന്ദ്രൻ അസുഖത്തെ തുടർന്ന് ആഴ്ചകൾക്കുമുമ്പ് ഈ ലോകത്തോട് വിടപറഞ്ഞുപോയതിന്‍റെ വേദനയിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

