പ്രീവെഡിങ് ആഘോഷത്തിൽ പൊക്കം കുറഞ്ഞവരെ അലങ്കാര വസ്തുവാക്കിയെന്ന് വിമർശനം; വിശദീകരണവുമായി നടി അഹാന കൃഷ്ണ
text_fieldsവിവാഹത്തിന് മുമ്പ് സംഘടിപ്പിച്ച പ്രീവെഡിങ് ആഘോഷത്തിൽ നടി അഹാനകൃഷ്ണക്ക് വിമർശനം. പൊക്കം കുറഞ്ഞ മനുഷ്യരെ അലങ്കാര വസ്തുക്കളാക്കിയെന്നാണ് അഹാന പങ്കുവെച്ച പ്രീവെഡിങ് ആഘോഷത്തിന്‍റെ ചിത്രങ്ങൾക്ക് താഴെ വിമർശനമുയർന്നത്. എന്നാൽ മനുഷ്യരെ കൗതുകത്തിനായി കോമാളിയാക്കിയെന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ പ്രതികരിച്ച് അഹാന രംഗത്തെത്തി. ഒരു ഏജന്‍സി വഴിയാണ് തങ്ങൾ ഇവരെ ബുക്ക് ചെയ്തതെന്നും അത് അവരുടെ ജോലിയാണെന്നും പോസ്റ്റിന് താഴെ വന്ന കമന്‍റിന് മറുപടിയായി അഹാന അറിയിച്ചു.
`ഒരു ഏജന്‍സി വഴിയാണ് ഞങ്ങൾ കാർണിവൽ കലാകാരന്‍മാരെ ബുക്ക് ചെയ്തത്. അത് പ്രൊഫഷനലും മാന്യവുമായ ജോലിയാണ്. ഉയരം, ലിംഗഭേദം, ശരീരപ്രകൃതി എന്നിവ നോക്കി ഞങ്ങൾ ഒരിക്കലും ആരെയും ആവശ്യപ്പെട്ടിട്ടില്ല. അത് ഒരു ഘടകമേ ആയിരുന്നില്ല. പ്രൊഫഷനൽ കലാകാരന്‍മാരെ ആണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഏജന്‍സി അവരുടെ പക്കലുള്ള ടീമിനെ അയച്ചു എന്ന് അഹാന പ്രതികരണത്തിൽ കൂട്ടിച്ചേർത്തു. പ്രീവെഡിങ് ആഘോഷത്തിനെത്തിയതിൽ അവരും സന്തോഷവാന്മാരായിരുന്നെന്നും മികച്ച അനുഭവമാണ് ആ പരിപാടിയിലുണ്ടായിരുന്ന ഓരോരുത്തർക്കും ലഭിച്ചതെന്നും അഹാന പറഞ്ഞു. കാര്യം തിരിച്ചറിയാതെ വിധിയെഴുതുമ്പോൾ ഒബ്ജക്ടിഫിക്കേഷന്‍ നടത്തുന്നത് ഞങ്ങളല്ലെന്നാണ് അഹാന മറുപടി നൽകിയത്.
അഹാനയുടെ പ്രതികരണത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇത്തരം താരങ്ങളുടെ ആഘോഷത്തിന്‍റെ ഭാഗമാകുന്നതിലൂടെ കലാകാരന്‍മാർക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാന്‍ അവസരം കൂടി ലഭിക്കുകയല്ലേ എന്നും ചിലർ ചോദിച്ചു. മറ്റ് ജോലികളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നവർക്ക് അവരുടെ ഉപജീവനമാർഗത്തെയും പരിഗണിക്കണ്ടേയെന്നും ചോദിച്ചു. തങ്ങൾ ചെയ്യുന്ന ജോലിയിൽ വിവേചനം കാണിക്കാത്തിടത്തോളം അവരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അഹാനയെ പിന്തുണച്ചെത്തിയ ഭൂരിഭാഗം പേരും വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

