ബ്രിട്നി സ്പിയേഴ്സിന്റെ വിവാഹം അലങ്കോലമാക്കാൻ ശ്രമം; മുൻ ഭർത്താവ് അറസ്റ്റിൽ
text_fieldsന്യൂയോർക്: പോപ് താരം ബ്രിട്നി സ്പിയേഴ്സിന്റെ മൂന്നാം വിവാഹം അലങ്കോലമാക്കാൻ ശ്രമിച്ച ആദ്യ ഭർത്താവ് ജേസൺ അലക്സാണ്ടർ അറസ്റ്റിൽ. വ്യാഴാഴ്ച ലോസ് ആഞ്ജൽസിൽ ബ്രിട്നി സ്പിയേഴ്സും നടനും പേഴ്സണൽ ട്രെയിനറുമായ ഇറാനിയൻ സ്വദേശി സാം അസ്ഗരിയും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ അലക്സാണ്ടർ അതിക്രമിച്ചു കയറുകയായിരുന്നു.
''ബ്രിട്നി എന്റെ ആദ്യ ഭാര്യയാണ്. എന്റെ ഒരേയൊരു ഭാര്യയും. ഞാൻ അവരുടെ ആദ്യ ഭർത്താവാണ്. ഈ കല്യാണം ഞാൻ മുടക്കും'' എന്ന് അലക്സാണ്ടർ വിളിച്ചു പറയുന്നുണ്ടായിരുന്നു. വിവാഹത്തിന് തനിക്ക് ക്ഷണമുണ്ടെന്ന് പറഞ്ഞാണ് അലക്സാണ്ടർ റിസോർട്ടിലെത്തിയത്.
ഇൻസ്റ്റഗ്രാമിലൂടെ ലൈവ് വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സുരക്ഷ ജീവനക്കാൻ പൊലീസ് വിവരം അറിയിച്ചു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് അലക്സാണ്ടറെ മാറ്റിയത്. 2004ലാണ് ബാല്യകാല സുഹൃത്തുക്കളായ ബ്രിട്നിയും അലക്സാണ്ടറും വിവാഹം കഴിച്ചത്. എന്നാൽ 55 മണിക്കൂറിനുള്ളിൽ ഇരുവരും വേർപിരിയുകയായിരുന്നു.
അതേവർഷം തന്നെ ഗായകൻ കെവിൻ ഫെഡറലിനെ ബ്രിട്നി വിവാഹം കഴിച്ചു. 2007ൽ ഇരുവരും പിരിഞ്ഞു. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. ആഴ്ചകൾക്കു മുമ്പ് വിവാഹം കഴിക്കുമെന്ന് 40 കാരിയായ ബ്രിട്നിയും സാമും സൂചന നൽകിയിരുന്നുവെങ്കിലും തീയതി വെളിപ്പെടുത്തിയിരുന്നില്ല. ഔദ്യോഗികമായി വിവാഹം കഴിച്ചെങ്കിലും അതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല.