സഹോദരനും ഭാര്യക്കുമെതിരെ നവാസുദ്ദീൻ സിദ്ദിഖി നൽകിയ മാനനഷ്ടക്കേസ് ബോംബെ ഹൈകോടതി തള്ളി
text_fieldsനവാസുദ്ദീൻ സിദ്ദീഖിയും
ഭാര്യ ആലിയ സൈനബ് സിദ്ദീഖിക്കിനും സഹോദരൻ ഷംസുദ്ദീൻ സിദ്ദീഖിനുമെതിരെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖി കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. നൂറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയാണ് തള്ളിയത്.
തന്നെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ഭാര്യയും സഹോദരനും നിരന്തരം നടത്തുന്ന പരാമർശങ്ങൾ അവസാനിപ്പിക്കാൻ നടപടി വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസിൽ വിചാരണ നടക്കാത്തതിനാൽ കേസ് തള്ളിയതായി ബോംബെ ഹൈകോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
2008ലാണ് തന്റെ അനുജൻ ഷംസുദ്ദീൻ സിദ്ദീഖിയെ മാനേജറായി നിയമിച്ചത്. നടന്റെ അക്കൗണ്ടുകൾ, നികുതി, പണമിടപാടുകൾ, തുടങ്ങിയവ കൈകാര്യം ചെയ്തിരുന്നത് ഷംസുദ്ദീനായിരുന്നു. എന്നാൽ ഇവയെല്ലാം ദുരുപയോഗം ചെയ്ത അനുജൻ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് നവാസുദ്ദീൻ ആരോപിച്ചു.
അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് സാമ്പത്തിക കാര്യങ്ങൾ സഹോരനെ ഏൽപ്പിക്കേണ്ടി വന്നതെന്ന് നടൻ പറഞ്ഞു. നവാസുദ്ദീന്‍റെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ചെക്ക് ബുക്കുകൾ, ബാങ്ക് പാസ്‌വേഡുകൾ, മറ്റ് സാമ്പത്തിക വിവരങ്ങളെല്ലാം ഷംസുദ്ദീന് നൽകിയിരുന്നു. എന്നാൽ ഇവ വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി സഹോദരൻ ദുരുപയോഗം ചെയ്തുവെന്ന് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ നടൻ വ്യക്തമാക്കി.
നിരവധി കെട്ടിടങ്ങളും ആഡംബര കാറുകളും തങ്ങളുടെ രണ്ടാളുടെയും പേരിൽ ഒരുമിച്ച് വാങ്ങുകയാണെന്ന് പറഞ്ഞാണ് സഹോദരൻ സ്വത്തുക്കൾ കൈക്കലാക്കിയതെന്നും നവാസുദ്ദീൻ ആരോപിച്ചു. തന്റെ ഭാര്യക്കെതിരെയും നവാസുദ്ദീൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. 20 കോടി രൂപ ദുരുപയോഗം ചെയ്യുകയും തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നുമാണ് ഭാര്യക്കെതിരെയുള്ള പരാതി. ഇരുവരും കുറച്ച് കാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഷംസുദ്ദീന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് തങ്ങളുടെ കക്ഷിയെ സമ്മർദത്തിലാക്കാനാണ് നടൻ ശ്രമിക്കുന്നതെന്നും അഭിഭാഷകർ ആരോപിച്ചു.
പണം ദുരുപയോഗം ചെയ്യുക, മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുക, തുടങ്ങിയ കാര്യങ്ങൾക്ക് നഷ്ടപരിഹാരമായി 100 കോടി രൂപയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ പരാമർശങ്ങൾ നീക്കം ചെയ്യുകയും മാപ്പ് പറയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

