30 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! ഖാൻമാർ ഒന്നിക്കുമോ? സെറ്റിലെ വിഡിയോ വൈറൽ
text_fields30 വർഷത്തിലേറെയായി ബോളിവുഡിലെ താരരാജാക്കന്മാരാണ് ഖാൻമാർ. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർക്ക് ഒരു പ്രത്യേക ആരാധകവൃന്ദമുണ്ട്. സമാനതകളില്ലാത്ത ജനപ്രീതിയിലൂടെ അവർ ബോളിവുഡ് ഭരിക്കുകയാണ്. മൂവരെയും ഒരു സിനിമയിൽ ഒരുമിച്ച് കാണാൻ ആരാധകർക്ക് എപ്പോഴും ആഗ്രഹമുണ്ട്. പലരും സമൂഹ മാധ്യമങ്ങളിൽ അത് പരസ്യമാക്കിയിട്ടുമുണ്ട്. ആ സ്വപ്നം ഇപ്പോൾ യാഥാർഥ്യത്തോട് അടുക്കുകയാണെന്നാണ് റിപ്പോർട്ട്.
സിനിമ സെറ്റില്‍ നിന്നുള്ള ഒരു വൈറൽ വിഡിയോയിൽ ഷാരൂഖ്, സല്‍മാന്‍, ആമിര്‍ എന്നീ പേരുകള്‍ എഴുതിയ മൂന്ന് വാനിറ്റി വാനുകള്‍ കാണിക്കുന്നുണ്ട്. ക്ലിപ്പിന്റെ അവസാനം, മൂന്ന് പേരും ചേര്‍ന്ന് ഏത് സിനിമയാണ് എന്ന് ഒരാൾ ചോദിക്കുന്നതും കേൾക്കാം. ഈ ചെറിയ വിഡിയോ ക്ലിപ്പ് വളരെ പെട്ടെന്നാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. എന്നാൽ വിഡിയോക്ക് പിന്നിലെ സത്യാവസ്ഥ വ്യക്തമല്ല.
ഷാരൂഖിന്‍റെ മകൻ ആര്യൻ ഖാന്റെ വെബ് സീരീസ് വാർത്തകളിൽ ഇടം നേടിക്കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വിഡിയോ വരുന്നത്. ഷാരൂഖ് അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സൽമാനും ആമിറും അതിഥി വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് വിവരം. രൺബീർ കപൂർ, രൺവീർ സിങ്, ആലിയ ഭട്ട്, സെയ്ഫ് അലി ഖാൻ, കൃതി സനോൺ, രാജ്കുമാർ റാവു, സംവിധായകൻ എസ്.എസ്. രാജമൗലി തുടങ്ങിയ താരങ്ങൾ പരമ്പരയിൽ അഭിനയിക്കുന്നുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഷാരൂഖും സൽമാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആമിർ ഒരിക്കലും ഒരേ സമയം ഇരുവരുമായും സ്‌ക്രീൻ പങ്കിട്ടിട്ടില്ല. അവരോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടമാണെന്ന് ആമിർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഖാൻമാർ ഒരേ രംഗത്തിൽ പ്രത്യക്ഷപ്പെടുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഇവർ ഒന്നിച്ചെത്തിയാൽ അത് ചരിത്രമായിരിക്കും. തങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ഒടുവിൽ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ച് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

