ജസ്റ്റ് ധരം തിങ്സ്
text_fieldsധര്‍മേന്ദ്ര
ആകെ ധർമസങ്കടത്തിലായി അനശ്വര ഗായകൻ മുഹമ്മദ് റഫി. ‘ശോലാ ഔർ ശബ്ന’ത്തിന്റെ (1961) റെക്കോഡിങ് വേളയാണ്. കടുത്ത പനിമൂലം പാടാൻ ബുദ്ധിമുട്ടുണ്ട്. ഒന്നുകിൽ റെക്കോഡിങ് അനിശ്ചിതമായി നീട്ടിവെക്കണം. അല്ലെങ്കിൽ മറ്റാരെക്കൊണ്ടെങ്കിലും പാടിക്കണം. പക്ഷേ, ഇതു രണ്ടും സ്വീകാര്യമല്ലാതെ ഏറെ വിഷമിച്ചിരിക്കുന്നൊരാളുണ്ട് സ്റ്റുഡിയോയിൽ. സിനിമയിലെ നായകൻ ധര്‍മേന്ദ്ര.
ഏക്കാലവും ധര്‍മേന്ദ്രയുടെ പ്രിയ ഗായകനായിരുന്നു റഫി. റഫിയുടെ പാട്ടിന് താൻ തിരശ്ശീലയിൽ ജീവൻ നൽകുന്നത് കൗമാരക്കാലം മുതൽ സ്വപ്നം കണ്ട് തുടങ്ങിയ ആളാണ് ധര്‍മേന്ദ്ര. ആദ്യകാല ചിത്രത്തിലൂടെ തന്നെ ആ സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷമെല്ലാം കെട്ടടങ്ങുന്നത് തെല്ലൊന്നുമല്ല ധര്‍മേന്ദ്രയെ വിഷമിപ്പിച്ചത്.
ആ വിഷമാവസ്ഥ കണ്ട് മനസ്സലിഞ്ഞ് പനി വകവെക്കാതെ പാടാൻ റഫി സമ്മതിച്ചു, അങ്ങിനെ കൈഫി ആസ്മി എഴുതി ഖയ്യാം ഈണമിട്ട ‘ജാനേ ക്യാ ഡൂണ്ട്തി രഹ്ത്തി’ എന്ന എക്കാലത്തെയും മനോഹരഗാനം വെള്ളിത്തിരയിൽ പാടി അഭിനയിക്കാൻ ധർമേന്ദ്രക്ക് കഴിഞ്ഞു. ‘തലനാരിഴ വ്യത്യാസത്തിൽ ആ ഭാഗ്യം എന്നെ ഒഴിഞ്ഞുപോയേനെ. പനിയുടെ വിഷമതകളെല്ലാം മറന്ന് റഫി സാഹിബ് ആ പാട്ടിൽ അലിഞ്ഞൊഴുകുകയായിരുന്നു. ആ ദൈവീക ശബ്ദം വളരെ മനോഹരമായി അദ്ദേഹം എന്റെ ശരീര ഭാഷയോട് ഇണക്കിച്ചേർത്തു’ -സ്വപ്നസാഫല്യത്തിന്റെ ആ നിമിഷങ്ങളെ കുറിച്ച് ധര്‍മേന്ദ്ര ഓർത്തെടുക്കുന്നത് ഇങ്ങനെ.
പിന്നെ റഫി ധര്മേന്ദ്രക്കുവേണ്ടി പാടിയത് എത്രയെത്ര ഹിറ്റ് ഗാനങ്ങൾ! ‘ആപ് കേ ഹസീൻ രുഖ് പേ ആജ് നയാ നൂർ ഹേ’ (ബഹാരേം ഫിർ ഭി ആയേഗി), ‘ഓ മേരി മെഹബൂബാ’ (ധരംവീർ), ‘മേം കഹീ കവി ന ബൻ ജാവൂ’, ‘ദേഖാ ഹേ തേരി ആംഖോം മേ’ (പ്യാർ ഹി പ്യാർ), ‘ആജ് മോസം ബഡാ ബെയ്മാൻ ഹേ ബഡാ’ (ലോഫർ), ‘ഏക് ഹസീൻ ശാം കോ’ (ദുൽഹൻ ഏക് രാത് കി), ‘ഗർ തും ഭുലാ ന ദോഗേ’ (യകീൻ), ‘ഹുയീ ശാം ഉൻകാ ഖയാൽ ആഗയാ’ (മേരെ ഹംദം മേരെ ദോസ്ത്), ‘മേ ജട്ട് യമ്ലാ പഗലാ ദീവാനാ’ (പ്രതിജ്ഞ), ‘യേ ദിൽ തും ബിൻ’ (ഇസ്സത്) അങ്ങിനെ എത്രയെത്ര. ‘ചിന്നും വെൺതാരത്തിൻ ആനന്ദവേള, എങ്ങും മലർശരൻ ആടുന്ന വേള...’ (ജീവിതസമരം-1970) എന്ന ഗാനത്തിന് ചുണ്ടനക്കിയും മലയാളികൾ ധര്‍മേന്ദ്രയെ കണ്ടു. ഹിന്ദി ചിത്രമായ ‘ജീവൻ മൃത്യു’വിന്റെ (സംവിധാനം- സത്യേൻ ബോസ്) മലയാളം മൊഴിമാറ്റമായിരുന്നു അത്. ‘ജിൽമിൽ സിതാരോം കാ ആംഗൻ ഹോഗാ’ എന്ന ഒറിജിനൽ ഗാനം ലതാ മങ്കേഷ്കർക്കൊപ്പം പാടിയതും സാക്ഷാൽ റഫി. ലക്ഷ്മികാന്ത് പ്യാരേലാലിന്റെ ഈണത്തിനൊത്ത് ഭാസ്കരൻ മാഷെഴുതി, യേശുദാസും ജാനകിയും പാടിയ ‘ചിന്നും വെൺതാരത്തിൻ ആനന്ദവേള’യും ഹിറ്റായി.
യേ ദോസ്തി നഹി തോഡേംഗെ
സൗഹൃദം ആഘോഷമാക്കുന്നവരുടെ ഉണർത്തുപാട്ടാണത്. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും റിപ്പീറ്റ് വാല്യു ഉള്ള ‘ഷോലെ’യിലെ സൂപ്പർ ഹിറ്റ് ഗാനം ‘യേ ദോസ്തി ഹം നഹി തോഡേംഗെ’ (ഈ സൗഹൃദം ഞങ്ങൾ തകർക്കില്ല). ഈ വരികളെ അന്വർഥമാക്കുന്നതായിരുന്നു ആ ഗാനരംഗത്ത് അഭിനയിച്ച ധര്‍മേന്ദ്രയുടെയും അമിതാഭ് ബച്ചന്റെയും സൗഹൃദം. സുഹൃത്ബന്ധത്തിന്റെ ശക്തിയും ആഴവും പരപ്പും ആവിഷ്കരിച്ച ‘ഷോലെ’ മുതൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും സൗഹൃദത്തിന്റെ ഊഷ്മളതയും ആത്മാർഥതയും കാത്തുസൂക്ഷിച്ചു ഇരുവരും.
അമിതാഭ് എന്ന അഭിനയ പ്രതിഭയെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതിൽ ധര്‍മേന്ദ്രക്കും പങ്കുണ്ട്. ‘ഷോലെ’യിലെ പ്രധാന വേഷത്തിലേക്ക് രമേഷ് സിപ്പി അമിതാഭിനെ കാസ്റ്റ് ചെയ്തത് ധര്‍മേന്ദ്രയുടെ താൽപര്യപ്രകാരമാണ്. അമിതാഭ് പിന്നീട് ബോളിവുഡിന്റെ മേൽവിലാസമായി മാറിയപ്പോഴും പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ ആ ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചില്ല. മുംബൈയിലെ ജൂഹുവില്‍ അവര്‍ അയല്‍വാസികള്‍ കൂടിയായിരുന്നു. ‘ഷോലെ’ എന്ന വാക്കിന് തീക്കനല്‍ എന്നാണ് അർഥം. അരനൂറ്റാണ്ട് മുമ്പ് ഇരുവരും ഊതിക്കത്തിച്ച ആജീവനാന്ത സൗഹൃദത്തിന്റെ തീക്കനൽ ഒരിക്കലും കെട്ടടങ്ങുകയുമില്ല.
ഗോസിപ്പുകളിലെ ‘ധരം മസാല’
റീൽ ലൈഫിലും റിയൽ ലൈഫിലും നിത്യഹരിത കാമുകനെന്ന് വിശേഷിപ്പിക്കപ്പെട്ട ധര്‍മേന്ദ്ര കാലങ്ങളോടും ബോളിവുഡ് ഗോസിപ്പുകളിലെ ‘ധരം മസാല’ ആയിരുന്നു. 19ാം വയസ്സിൽ പ്രകാശ് കൗറുമായുള്ള വിവാഹത്തിന് ശേഷമാണ് ലുധിയാനയില്‍ നിന്ന് ഹിന്ദി സിനിമയിലേക്ക് അദ്ദേഹം വണ്ടികയറിയത്. ‘ഫൂല് ഓര് പഥറി’ലെ വേഷത്തിലേക്ക് തുടക്കക്കാരനായ ധര്‍മേന്ദ്രയെ മീന കുമാരി ശിപാര്‍ശ ചെയ്തത് പ്രണയം കൊണ്ടാണെന്ന അടക്കം പറച്ചിലായിരുന്നു ആദ്യമുയർന്നത്.
‘ചന്ദന്‍ ക പാല്ന’, ‘മജില്‍ ദീദി’, ‘പൂര്‍ണിമ’ തുടങ്ങിയ ഒന്നിച്ചുള്ള ചിത്രങ്ങൾ അത് ശക്തമാക്കി. യാസിര്‍ അബ്ബാസിയുടെ ‘ഉന്‍ ദിനോം കി ബാത്ത് ഹെ’ എന്ന പുസ്തകത്തില്‍ നര്‍ഗീസ് ഈ ബന്ധത്തെ വികാരനിര്‍ഭരമായി വിവരിച്ചിട്ടുണ്ട്. ‘മീന ആരെയെങ്കിലും അത്രയും ആര്‍ദ്രമായി പ്രണയിച്ചിട്ടുണ്ടെങ്കില്‍ അത് ധര്‍മേന്ദ്രയെയാണ്. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ സമയം എന്നാണ് അവര്‍ ആ കാലത്തെ വിശേഷിപ്പിച്ചത്’ -നർഗീസ് എഴുതി.
പിന്നീടാണ് സിനിമകളെപ്പോലും കടത്തിവെട്ടുന്ന ഹേമമാലിനിയുമായുള്ള പ്രണയവും വിവാഹവും. ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രമായ ‘തും ഹസീന് മേം ജവാന്റെ’ സെറ്റിൽ നിന്ന് തുടങ്ങി ‘നയാ സമാന’, ‘സീത ഓര് ഗീത’, ‘രാജ ജട്ടനി’, ‘ജുഗ്നു‘, ‘പഥര്‍ ഓര് പായല്‍’, ‘പ്രതിഗ്യ’ തുടങ്ങിയ സിനിമകളിലൂടെ വളർന്ന ആ പ്രണയം ക്ലൈമാക്സിലെത്തിയത് ‘ഷോലെ’യിലാണ്. അക്കാലത്തെ കുറിച്ച് പീന്നീട് ധര്‍മേന്ദ്ര തന്നെ തുറന്നുപറഞ്ഞ രസകരമായ സംഭവമുണ്ട്.
ഡ്രീം ഗേളുമായി ഒരുമിച്ച് അഭിനയിക്കുന്ന സീനുകളിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെന്ന് പറയാൻ യൂനിറ്റ് അംഗങ്ങള്‍ക്ക് ധർമേന്ദ്ര പണം കൊടുത്തിരുന്നു. അവര്‍ അതുപോലെ എന്തെങ്കിലും കുഴപ്പം ചുണ്ടിക്കാട്ടും. അങ്ങനെ നിരവധി റീടേക്കുകള്‍ എടുത്തുകൊണ്ട് ഹേമയ്ക്കൊപ്പം പരമാവധി അടുത്തിടപഴകാന്‍ അദ്ദേഹത്തിന് കഴിയും. ഒരു ടേക്കിന് 100 രൂപ വീതം കൈപറ്റിയിരുന്ന ചിലര്‍ക്ക് ഈ വകയില്‍ ദിവസം 2000 രൂപ വരെ സമ്പാദിച്ചിരുന്നുയെന്നും കഥകളുണ്ട്.
ആദ്യഭാര്യയുമായി നിയമപരമായി പിരിയാതെ രണ്ടാമതും വിവാഹം കഴിക്കാൻ ധര്‍മേന്ദ്രയും ഹേമമാലിനിയും മതംമാറിയെന്നും ഗോസിപ്പ് ഉണ്ടായി. 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ ബികാനിറില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയപ്പോള്‍ ഈ കഥ വീണ്ടും ചൂടുപിടിച്ചിരുന്നു. ഹേമമാലിനിയെ വിവാഹം കഴിച്ച ശേഷം ‘നൗക്കര്‍ ബീവി കാ’, ‘ജീനെ നഹീ ദേഗാ’, ‘കരിഷ്മ കുദ്രത് കാ’ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരം അനിത രാജിനെ ചേർത്തും ഗോസിപ്പുകളുണ്ടായി. ധര്മേന്ദ്രയെക്കാള് ഇരുപത്തിയേഴ് വയസ്സിന് ഇളയതായിരുന്നു അനിത. ഇരുവരുടെയും ഒന്നിച്ചുള്ള യാത്രയെല്ലാം അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.
ആശാ പരേഖിനെ ചേർത്തായിരുന്നു പിന്നീടുള്ള ഗോസിപ്പ്. ‘മേരാ ഗാവ് മേരാ ദേശ്’, ‘ആയാ സാവാന്‍ ഝൂം കേ’ പോലുള്ള ചിത്രങ്ങളിലെ ഇരുവരുടെയും വെള്ളിത്തിരയിലെ പ്രണയം ബോളിവുഡ് കൊണ്ടാടി. പക്ഷേ, ഈ സൗഹൃദം സ്ക്രീനിന് പുറത്തേയ്ക്ക് വഴിവിട്ട് വളരാതിരിക്കാനുള്ള കരുതൽ ഇരുവരും എടുത്തു. ജീവിതത്തിലുടനീളം അവിവാഹിതയായി തുടര്‍ന്ന ആശയുടെ നിര്‍ബന്ധം കാരണമാണ് ധര്‍മേന്ദ്ര മദ്യപാനത്തോട് വിടപറഞ്ഞതെന്നും കഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

