‘വീട്ടമ്മയാകുക എന്നത് ഏറ്റവും വലിയ വെല്ലുവിളി’; സ്ത്രീകൾ വീടിനുള്ളിൽ മാത്രം ഒതുങ്ങേണ്ടവരല്ലെന്ന് ബോബി ഡിയോൾ
text_fieldsബോബിഡിയോൾ അമ്മക്കും ഭാര്യക്കുമൊപ്പം
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ബോബി ഡിയോൾ നായകനായി എത്തിയ പുതിയ ചിത്രം 'ബന്ധർ' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ, തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും ബോബി ഡിയോൾ മനസ്സുതുറന്നു. പഴയ തലമുറയിലെ ആളുകൾ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് കൂടുതൽ യാഥാസ്ഥിതികമായ ചിന്താഗതികൾ പുലർത്തിയിരുന്നവരാണെന്ന് ബോബി പറഞ്ഞു.
സ്ത്രീകൾ വീടിന് പുറത്തിറങ്ങുന്നത് അക്കാലത്ത് അധികം പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ, അത്തരം കാഴ്ചപ്പാടുകൾ തനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് താരം വ്യക്തമാക്കി. ‘എനിക്ക് കല്യാണം കഴിക്കണമെങ്കിൽ, ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എന്റെ ഭാര്യ എന്റെ ഭാഗമായിരിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ജീവിതത്തിൽ ഇടപെടാത്തത് എന്താണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഞാൻ ഒരിക്കലും അത്തരം ചിന്താഗതികൾ വെച്ചുപുലർത്തില്ല എന്ന് സ്വയം തീരുമാനിച്ചിരുന്നു’ ബോബി പറഞ്ഞു.
കാലത്തിനനുസരിച്ച് ആളുകളുടെ ചിന്താഗതികൾ മാറുമെന്നും, പുതിയ തലമുറ കൂടുതൽ വിശാലമായ ചിന്തകളിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യക്ക് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താൻ ഒരിക്കലും അതിന് തടസ്സം നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ കരിയറിനെ പിന്തുണക്കുമ്പോൾ തന്നെ, വീട്ടിലിരിക്കുന്ന സ്ത്രീകളുടെ ജോലിയെ താൻ കുറച്ചുകാണുന്നില്ലെന്നും ബോബി വ്യക്തമാക്കി. വീട്ടമ്മമാർ പുറത്തു ജോലി ചെയ്യുന്നവരേക്കാൾ കഠിനമായി ജോലി ചെയ്യുന്നവരാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
‘വീട്ടമ്മയാകുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. വീടിന്റെ ചെറിയ കാര്യങ്ങൾ മുതൽ കുട്ടികളെയും ഭർത്താവിനെയും വരെ നോക്കേണ്ടത് അവരാണ്. അക്കാര്യത്തിൽ എന്റെ അമ്മ എനിക്ക് വലിയൊരു മാതൃകയായിരുന്നു’ ബോബി അനുസ്മരിച്ചു. തന്റെ അമ്മ പ്രകാശ് കൗറിനെക്കുറിച്ച് വാത്സല്യത്തോടെയാണ് താരം സംസാരിച്ചത്. വളരെ ശാന്തസ്വഭാവക്കാരിയായ അമ്മയായിരുന്നു വീട് ഭരിച്ചിരുന്നത് എന്ന് അദ്ദേഹം ഓർക്കുന്നു. അമ്മയുടെ സാരിയോടുള്ള ഇഷ്ടം തന്റെ ബാല്യകാല ഓർമകളിൽ നിന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മ സാരി ധരിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. സാരി ധരിച്ച സ്ത്രീകളെ എനിക്ക് വളരെ ഇഷ്ടമാണ്. അമ്മ എപ്പോഴും അരയിൽ താക്കോൽക്കൂട്ടവുമായി നടക്കുമായിരുന്നു. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ കൂടി ആ താക്കോൽക്കൂട്ടത്തിന്റെ കിലുക്കം കേൾക്കുമ്പോൾ അമ്മ വരുന്നുണ്ടെന്ന് മനസ്സിലാക്കി ഞാൻ പേടിക്കുമായിരുന്നു.’ ബോബി ഓർക്കുന്നു. തന്റെ ഭാര്യ തന്യ ഡിയോളിനെക്കുറിച്ചും ബോബി അഭിമുഖത്തിൽ വാചാലനായി. കുടുംബ കാര്യങ്ങളും തന്റെ വർക്കുകളും ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ വരെ തന്യയാണ് കൈകാര്യം ചെയ്യുന്നതെന്നും, അവൾ ഒരു മൾട്ടിടാസ്കർ ആണെന്നും താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

