'ഞാൻ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളു...'ബോളിവുഡിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കി ബോബി ഡിയോൾ
text_fields1995ൽ 'ബർസാത്ത്' എന്ന ചിത്രത്തിലൂടെയാണ് ബോബി ഡിയോൾ ഹിന്ദി സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ഇപ്പോഴിതാ സിനിമ ജീവിതത്തിന്‍റെ മൂന്ന് പതിറ്റാണ്ട് ആഘോഷിക്കുകയാണ് താരം. മുതിർന്ന നടൻ ധർമേന്ദ്രയുടെ മകനും സണ്ണി ഡിയോളിന്റെ സഹോദരനുമാണ് ബോബി ഡിയോൾ.
ബർസാത്തിന് ശേഷം, അദ്ദേഹം 'ഗുപ്ത്: ദി ഹിഡൻ ട്രൂത്ത്', 'കരീബ്', 'സോൾജിയർ', 'ബാദൽ', 'ഹം തോ മൊഹബത്ത് കരേഗ', 'ബിച്ചൂ', 'അജ്നബീ', 'ഹംറാസ്', 'ജൂം ബരാബർ ജൂം' എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അപ്‌നെ, യമ്‌ല പഗ്ല ദീവാന, ഹൗസ്‌ഫുൾ 4 എന്നിവയിലൂടെ അദ്ദേഹം പ്രേക്ഷകപ്രീതി നേടി. അടുത്തിടെ പുറത്തിറങ്ങിയ ക്ലാസ് ഓഫ് 83, ആശ്രമം, ആനിമൽ, ലവ് ഹോസ്റ്റൽ, ദി ബാഡ്‌സ് ഓഫ് ബോളിവുഡ് എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
താൻ അഭിനയിച്ച ചിത്രങ്ങളുടെ പോസ്റ്ററുകൾ ഉൾക്കൊള്ളുന്ന ഒരു വിഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. 'അനിമൽ' തന്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ച് സംസാരിച്ച ഒരു അഭിമുഖവും കൂട്ടിച്ചേർത്തു. 'സ്‌ക്രീനിലും പുറത്തും 30 വർഷത്തെ നിരവധി വികാരങ്ങൾ... നിങ്ങളുടെ സ്നേഹത്താൽ എല്ലാം മൂല്യവത്താക്കപ്പെട്ടു. ആ തീ ഇപ്പോഴും കത്തുന്നു, ഞാൻ ഇപ്പോൾ തുടങ്ങുകയാണ്' -ബോബി എഴുതി.
അതേസമയം, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ബന്ദർ (മങ്കി ഇൻ എ കേജ്)' ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ (TIFF) 50-ാമത് പതിപ്പിലെ സ്പെഷ്യൽ പ്രസന്റേഷൻസ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ബലാത്സംഗ കുറ്റാരോപിതനായ ഒരു സൂപ്പർസ്റ്റാറിന്റെ കഥയെ ചുറ്റിപ്പറ്റിയാണ് സിനിമ. നിയമവ്യവസ്ഥക്കുള്ളിലെ അനീതികളെ സിനിമ എടുത്തുകാണിക്കുന്നു എന്നാണ് റിപ്പോർട്ട്. നിഖിൽ ദ്വിവേദി നിർമിച്ച് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തിൽ സബ ആസാദ്, സന്യ മൽഹോത്ര, സപ്ന പബ്ബി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ആലിയ ഭട്ടിനൊപ്പം അഭിനയിച്ച 'ആൽഫ' പോലുള്ള നിരവധി റിലീസുകൾ ഇനി അദ്ദേഹത്തിന് മുന്നിലുണ്ട്. ചിത്രം 2025ലെ ക്രിസ്മസ് അവധിക്കാലത്ത് തിയറ്ററുകളിൽ എത്തും. സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച 'ടൈഗർ' പരമ്പരയോടെ ആരംഭിച്ച യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂനിവേഴ്സിലെ ഏഴാമത്തെ ചിത്രമാണിത്. വിജയ്, പൂജ ഹെഗ്‌ഡെ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവർക്കൊപ്പം അഭിനയിച്ച ജന നായകൻ എന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറും അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

