തീരദേശ പരിപാലന നിയമം ലംഘിക്കാൻ സാധ്യത; ഷാരൂഖിന്‍റെ മന്നത്തിൽ പരിശോധന
text_fieldsമുംബൈയിലെ ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിലുള്ള ഷാരൂഖ് ഖാന്റെ പ്രശസ്തമായ ബംഗ്ലാവ് മന്നത്ത് നിലവിൽ വലിയ നവീകരണ പ്രവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മേയ് മാസത്തിലാണ് നവീകരണം ആരംഭിച്ചത്. ഇപ്പോഴിതാ തീരദേശ പരിപാലന നിയമങ്ങൾ ലംഘിക്കാൻ സാധ്യതയുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് വനം വകുപ്പിൽ നിന്നും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബി.എം.സി) നിന്നുമുള്ള സംയുക്ത സംഘം മന്നത്തിൽ പരിശോധന നടത്തിയതായി റിപ്പോർട്ട്.
വീട് കടലിനോട് ചേർന്നായതിനാൽ, ഘടനയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്‌മെന്റ് അതോറിറ്റിയുടെ പ്രത്യേക അനുമതികൾ ആവശ്യമാണ്. നവീകരണത്തിനായി എല്ലാ അനുമതികളും എടുത്തിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് വിവരം. പരിശോധനയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കും.
എല്ലാ ജോലികളും മാർഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് നടക്കുന്നതെന്ന് ഷാരൂഖിന്‍റെ മാനേജർ പൂജ ദദ്‌ലാനി മാധ്യങ്ങളെ അറിയിച്ചിട്ടുണ്ട്. മന്നത്തിൽ നടന്ന പരിശോധനയിൽ, വനം വകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പം ബി.എം.സിയുടെ എച്ച്-വെസ്റ്റ് വാർഡ് ബിൽഡിങ് ആൻഡ് ഫാക്ടറി ഡിപ്പാർട്ട്‌മെന്റിലെയും കെട്ടിട പ്രൊപ്പോസൽ ഡിപ്പാർട്ട്‌മെന്റിലെയും ജീവനക്കാരും ഉണ്ടായിരുന്നു. മന്നത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ ആവശ്യമായ എല്ലാ അനുമതി രേഖകളും സമർപ്പിക്കുമെന്ന് ഉറപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. തങ്ങളുടെ ടീം വനം വകുപ്പിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കൂടുതൽ ഇടപെടലുകളൊന്നുമില്ലെന്നും ബി.എം.സി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നവീകരണ പ്രവർത്തനങ്ങളുടെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയ ആക്ടിവിസ്റ്റ് സന്തോഷ് ദൗണ്ട്കറുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതെന്നും റിപ്പോർട്ടുണ്ട്. അതേസമയം, മന്നത്തിലെ നിർമാണ പ്രവർത്തനങ്ങൾ കാരണം ഷാരൂഖ് ഖാനും കുടുംബവും താൽക്കാലികമായി സമീപത്തുള്ള പാലി ഹില്ലിലെ അപ്പാർട്ട്മെന്റിലേക്ക് താമസം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

