Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജയ് ദേവ്ഗണിന് തിരിച്ചടി; ജുഹുവിലെ ആഡംബര ബംഗ്ലാവിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റി

text_fields
bookmark_border
അജയ് ദേവ്ഗണിന് തിരിച്ചടി; ജുഹുവിലെ ആഡംബര ബംഗ്ലാവിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റി
cancel
camera_alt

അജയ് ദേവ്ഗണിന്റെ മുംബൈ ജുഹുവിലുള്ള ആഡംബര ബംഗ്ലാവിന്റെ ഭാഗങ്ങൾ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കുന്നു

മുംബൈ: അനധികൃത നിർമാണങ്ങളുടെ പേരിൽ പ്രമുഖ ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ മുംബൈ ജുഹുവിലുള്ള ആഡംബര ബംഗ്ലാവിന്റെ ഭാഗങ്ങൾ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) പൊളിച്ചുനീക്കി. ജുഹുവിലെ കപോലെ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിൽ സ്ഥിതി ചെയ്യുന്ന 7,802 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവിലാണ് അധികൃതരുടെ കർശന നടപടി.

ബംഗ്ലാവ് നിർമിക്കാൻ മുനിസിപ്പൽ കോർപറേഷന്റെ അനുമതികളില്ലാതെ ആന്തരിക മാറ്റങ്ങൾ വരുത്തുക, പാർട്ടേഷൻ ചുമരുകൾ നിർമിക്കുക, ജനലുകളിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ഘടനാപരമായ ജോലികൾ നടന്നു വരികയായിരുന്നു എന്ന് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ സെക്ഷൻ 354എ പ്രകാരം ബി.എം.സി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നിർമാണ ജോലികൾ ഉടൻ നിർത്തിവെക്കാനും സാധുവായ രേഖകൾ ഹാജരാക്കാനുമായിരുന്നു നോട്ടീസിലെ നിർദ്ദേശം. എന്നാൽ, ഈ ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തി നിർമാണ പ്രവർത്തനങ്ങൾ തുടർന്നതോടെയാണ് ബി.എം.സി അധികൃതർ നേരിട്ടെത്തി അനധികൃത ഭാഗങ്ങൾ തകർത്തത്. ഉദ്യോഗസ്ഥർ ചുറ്റിക ഉപയോഗിച്ച് അനധികൃത നിർമാണങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫ്ലോറിയൻ ഹുറെൽ സലൂൺ പ്രൈവറ്റ് ലിമിറ്റഡിന് വാടകക്ക് നൽകിയ ഭാഗത്താണ് ഈ അനധികൃത മാറ്റങ്ങൾ വരുത്തിയതെന്നാണ് റിപ്പോർട്ട്.

ഇതിനിടയിൽ, അജയ് ദേവ്ഗൺ മറ്റൊരു വിവാദത്തിലും ഉൾപ്പെട്ടിട്ടുണ്ട്. 'വിമൽ ഇലച്ചി'യുടെ പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, ടൈഗർ ഷറോഫ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. നിരോധിക്കപ്പെട്ട ഉൽപ്പന്നങ്ങളുടെ പരോക്ഷ പരസ്യമായി ഈ പരസ്യങ്ങൾ മാറുന്നുണ്ടോയെന്ന ആശങ്കയെ തുടർന്നാണ് മഹാരാഷ്ട്ര എഫ്.ഡി.എ മേധാവി തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.

നിയമക്കുരുക്കുകളും വിവാദങ്ങളും നിലനിൽക്കുമ്പോഴും, അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ക്രൈം ത്രില്ലർ ഫ്രാഞ്ചൈസി 'ദൃശ്യം 3' തിയേറ്ററുകളിൽ ചരിത്രം രചിക്കുകയാണ്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗം ഒക്ടോബർ 2നാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ആഗോള ബോക്‌സോഫീസിൽ 520 കോടി രൂപയിലധികം കലക്ഷൻ നേടി മികച്ച വിജയം തുടരുന്നു. ചിത്രത്തിലെ സസ്പെൻസും ട്വിസ്റ്റുകളും താരങ്ങളുടെ പ്രകടനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unauthorized Modifications: BMC Demolishes Parts of Ajay Devgn's Juhu Property
Next Story