ഹണി സിങുമായി കൈകോർത്ത് ബി.ജെ.പി; പഞ്ചാബിലെ യുവാക്കൾക്കായി ലഹരിവിരുദ്ധ സന്ദേശം
text_fieldsഹണി സിങും ബി.ജെ.പി നേതാവ് തരുൺ ചുഗും
മദ്യത്തിനും ലഹരിവസ്തുക്കൾക്കും അടിമപ്പെട്ടിരുന്ന തന്റെ മുൻകാല ജീവിതത്തെക്കുറിച്ചും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ചും ഗായകൻ യോ യോ ഹണി സിങ് മനസ്സുതുറന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന ബി.ജെ.പി നേതാവ് തരുൺ ചുഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പഞ്ചാബിലെ യുവാക്കൾക്കിടയിൽ ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം എത്തിക്കുക എന്നതായിരുന്നു ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം.
പഞ്ചാബിലെ കുടുംബങ്ങളെയും യുവാക്കളെയും ഹെറോയിൻ പോലുള്ള മയക്കുമരുന്നുകൾ എങ്ങനെയാണ് നശിപ്പിക്കുന്നത് എന്ന് താൻ ചുഗുമായി പങ്കുവെച്ചതായി ഹണി സിങ് ഒരു വിഡിയോയിലൂടെ പറഞ്ഞു. യുവാക്കളെ ഇതിൽ നിന്ന് എങ്ങനെ രക്ഷിക്കാം എന്ന് ആലോചിക്കുകയാണെന്നും ഇതിനായി തരുൺ ചുഗ് വലിയ രീതിയിൽ പരിശ്രമിക്കുന്നുണ്ടെന്നും ഹണി സിങ് കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയിൽ ഹണി സിങിനെ ബി.ജെ.പി നേതാവ് പൊന്നാടയണിയിച്ച് ആദരിച്ചു.
ഹണി സിങിന്റെ ജീവിതം പലർക്കും പ്രചോദനമാണെന്ന് തരുൺ ചുഗ് പറഞ്ഞു. ലഹരിയുടെ അഗാധമായ കയത്തിൽ വീണിട്ടും എട്ട് വർഷത്തെ കഠിനശ്രമം കൊണ്ട് അതിൽ നിന്ന് മോചിതനായി വീണ്ടും സംഗീത ലോകത്ത് ഒന്നാമതെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ഹണി സിങിനെപ്പോലെ പഞ്ചാബിലെ ഏതൊരു കുട്ടിക്കും ലഹരിമുക്തനാകാൻ സാധിക്കുമെന്ന് ചുഗ് പറഞ്ഞു. തന്റെ സംഗീതവും ശബ്ദവും ഉപയോഗിച്ച് യുവാക്കളെ ലഹരിക്കെതിരെ ബോധവത്കരിക്കാൻ അദ്ദേഹം ഹണി സിങിനോട് ആവശ്യപ്പെട്ടു.
അതേസമയം ഹണി സിങിന്റെ മുൻകാല കരിയറുമായി താരതമ്യം ചെയ്യുമ്പോൾ ഈ ലഹരിവിരുദ്ധ നീക്കം വലിയൊരു മാറ്റം തന്നെയാണ്. മുൻപ് അദ്ദേഹത്തിന്റെ പല പാട്ടുകളിലെയും വരികൾ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണെന്നും പറഞ്ഞ് വലിയ രീതിയിലുള്ള വിമർശനങ്ങളും നിയമനടപടികളും അദ്ദേഹം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ആ പഴയ രീതിയെല്ലാം മാറ്റി ലഹരിക്കെതിരെയുള്ള ഒരു വലിയ മുന്നേറ്റത്തിന്റെ ഭാഗമാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

