Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘മരിക്കാൻ വരെ...

‘മരിക്കാൻ വരെ ചിന്തിച്ചു, പക്ഷേ ആ സിനിമ ജീവിതം മാറ്റിമറിച്ചു’; വിഷുകാലത്ത് നമ്മെ ചിരിപ്പിച്ച ആ ചേട്ടനെ കണ്ട് ഇനിയാരും ചിരിക്കില്ല...

text_fields
bookmark_border
‘മരിക്കാൻ വരെ ചിന്തിച്ചു, പക്ഷേ ആ സിനിമ ജീവിതം മാറ്റിമറിച്ചു’; വിഷുകാലത്ത് നമ്മെ ചിരിപ്പിച്ച ആ ചേട്ടനെ കണ്ട് ഇനിയാരും ചിരിക്കില്ല...
cancel

വാഴ 2വിൽ ബിജുക്കുട്ടൻ സ്ക്രീനിൽ പടക്കം പൊട്ടിച്ച് വീണപ്പോൾ നമ്മൾ കൈയടിച്ചു ചിരിച്ചു. പക്ഷേ ആ ചിരിക്കപ്പുറം ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ വർഷങ്ങളായി നമുക്കിടയിൽ ആൾക്കൂട്ടത്തെ ഭയന്ന് ജീവിച്ച ആ യഥാർത്ഥ മനുഷ്യനെ? വിപിൻ ദാസും സവിനും സൃഷ്ടിച്ച ആ മാജിക്കിൽ ബിജുക്കുട്ടൻ ജീവൻ നൽകിയ കഥാപാത്രം ആരെക്കുറിച്ചായിരുന്നുവോ, അദ്ദേഹമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.

ചിരികൾക്കും ട്രോളുകൾക്കുമപ്പുറം ആ വീഴ്ചയിൽ ഒരു മനുഷ്യന്റെ കണ്ണീരുണ്ടായിരുന്നു. ഓരോ വിഷുക്കാലത്തും സോഷ്യൽ മീഡിയയിൽ പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ വീഡിയോ കണ്ട് നാം ചിരിക്കുമ്പോൾ, അതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ പോലും ഭയന്ന ഒരു മനുഷ്യൻ നമുക്കിടയിലുണ്ടായിരുന്നു. ഒടുവിൽ 'വാഴ 2' എന്ന സിനിമയിലൂടെ ആ വേദനക്ക് ആശ്വാസം കണ്ടെത്തിയ ആ 'അജ്ഞാതനായ ചേട്ടൻ' ബിജുക്കുട്ടനെ കാണാനെത്തി.

കുറിപ്പിന്‍റെ പൂർണരൂപം

ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെയും എന്റെ കുടുംബത്തിന്‍റെയും വിഷുദിന ആശംസകൾ. വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്, എവിടെയാണ്, എന്തു സംഭവിച്ചു എന്നൊക്കെ. ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയയ്ക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.

'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല. പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു.

ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു. പക്ഷേ സിനിമ കണ്ടിറങ്ങിയ എന്‍റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.

സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.' ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്. തൻറെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു.

അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാൻ രണ്ടുമൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്. ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്. ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ.ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishubijukuttanEntertainment NewsEmotional NoteVazha
News Summary - bijukuttan emotional note on viral reel person
Next Story