‘പൂജ ചെയ്യുമ്പോൾ സൺഗ്ലാസ് ഊരിവെക്കാമായിരുന്നില്ലേ?’ നടി ഭൂമി പഡ്നേക്കറിനെതിരെ വിമർശനം
text_fieldsശ്രാവണ മാസത്തിൽ ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ബോളിവുഡ് നടി ഭൂമി പഡ്നേക്കർ പുതിയൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ശിവലിംഗത്തിൽ ജലാഭിഷേകം നടത്തുന്നതിനിടയിൽ താരം സൺഗ്ലാസ് (കറുത്ത കണ്ണട) ധരിച്ചിരുന്നതാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളും ചോദ്യങ്ങളുമാണ് നടിക്കെതിരെ ഓൺലൈനിൽ ഉയർന്നുക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭൂമി പഡ്നേക്കർ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ ക്ഷേത്രസന്ദർശനത്തിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകരുമായി പങ്കുവെച്ചത്. കറുത്ത ടോപ്പും നീല ഡെനിം ജീൻസും ധരിച്ച്, ഒപ്പം കറുത്ത സൺഗ്ലാസും വെച്ചാണ് താരം ക്ഷേത്രത്തിലേക്ക് എത്തിയത്. പങ്കുവെച്ച വീഡിയോയിൽ താരം ശിവലിംഗത്തിൽ ഭക്തിയോടെ ജലം ഒഴിക്കുന്നത് വ്യക്തമായി കാണാം.
‘ശ്രാവണ മാസം ആരംഭിക്കുമ്പോൾ, എനിക്ക് എളുപ്പമുള്ള ഒരു ജീവിതത്തിന് വേണ്ടിയല്ല ഞാൻ പ്രാർത്ഥിക്കുന്നത്, മറിച്ച് അത് കൃപയോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തിക്ക് വേണ്ടിയാണ്. ഹർ ഹർ മഹാദേവ് എന്ന ക്യാപ്ഷനോടെയാണ് നടി പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ശ്രാവണ മാസത്തിലെ നടിയുടെ ഭക്തിനിർഭരമായ ചടങ്ങിനെ ചില ആരാധകർ അനുകൂലിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെങ്കിലും, പൂജാസമയത്ത് സൺഗ്ലാസ് ധരിച്ചതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഒരു മതപരമായ ചടങ്ങിൽ അല്ലെങ്കിൽ പ്രാർത്ഥന വേളയിൽ ഇത്തരം രീതികൾ പിന്തുടരുന്നത് അനാദരവായിട്ടാണ് നെറ്റിസൺസ് കാണുന്നത്. പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്സിൽ നിരവധി പേരാണ് നടിയുടെ ഈ പ്രവൃത്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
പൂജ ചെയ്യുമ്പോൾ കണ്ണട ഊരിവെക്കാമായിരുന്നില്ലേ?, ആളുകൾ കണ്ണട ധരിച്ച് പൂജ ചെയ്യുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്ന് മറ്റൊരാൾ അത്ഭുതം പ്രകടിപ്പിച്ചു. ദൈവത്തെ കാണാൻ പോലും സൺഗ്ലാസ് ധരിച്ചാണോ നോക്കുന്നത്... അൽപ്പം ബഹുമാനം കാണിക്കൂ” തുടങ്ങിയ കടുത്ത കമന്റുകളും പോസ്റ്റിന് താഴെ വന്നുനിറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

