രണ്ടുവർഷമായി ഓര്‍മക്കുറവ് നേരിടുന്നു; രോഗവിവരം തുറന്നുപറഞ്ഞ് നടി ഭാനുപ്രിയ
text_fieldsമലയാളം, തമിഴ് ഉൾപ്പടെ തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായികയാണ് ഭാനുപ്രിയ. തെലുങ്കിലും, തമിഴിലും മലയാളത്തിലുമടക്കം മികച്ച സിനിമകൾ ചെയ്ത ഭാനുപ്രിയ തൊണ്ണൂറുകളിൽ തെന്നിന്ത്യൻ താരസുന്ദരിയായി അരങ്ങുവാണിരുന്നു. ഹിന്ദി സിനിമകളിലും നായികയായി തിളങ്ങി. നായികയായ ചിത്രങ്ങളിലധികവും വലിയ ഹിറ്റുകൾ. രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഹൈവേ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടവും പിടിച്ചുപ്പറ്റി. 2006 ൽ പുറത്തിറങ്ങിയ രാത്രിമഴയാണ് ഭാനുപ്രിയ അവസാനം അഭിനയിച്ച മലയാള ചിത്രം.
ഇപ്പോഴിതാ, ജീവിതം കടന്നുപോവുന്ന പ്രതിസന്ധിയെ കുറിച്ച് മനസ്സു തുറക്കുകയാണ് ഭാനുപ്രിയ. ഭർത്താവിന്റെ മരണശേഷം രണ്ടുവർഷമായി താൻ ഓര്‍മക്കുറവ് നേരിടുകയാണെന്നും അത് തന്റെ നൃത്തത്തേയും അഭിനയത്തേയുമെല്ലാം ബാധിക്കുന്നുണ്ടെന്നുമാണ് ഒരു തെലുഗു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഭാനുപ്രിയ പറയുന്നത്.
‘എനിക്ക് ഈയിടെയായി സുഖമില്ല. ഓർമശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല. കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്. അടുത്തിടെ 'സില നേരങ്ങളിൽ സില മനിദർഗൾ' എന്ന സിനിമയിലൂടെ സെറ്റിൽ വച്ച് ഡയലോഗുകൾ വരെ മറന്നുപോയി’-ഭാനുപ്രിയ പറഞ്ഞു.
ഭർത്താവുമായി പിരിഞ്ഞിരുന്നു എന്ന വാർത്ത തെറ്റായിരുന്നുവെന്നും അൻപത്തിയഞ്ചുകാരിയായ നടി പറഞ്ഞു. ഭാനുപ്രിയയുടെ ഭർത്താവ് ആദർശ് 2018-ൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അതിനുശേഷമാണ് ഓർമക്കുറവ് പ്രകടമായി കണ്ടുതുടങ്ങിയതെന്നും പ്രശ്നം രൂക്ഷമായി വരികയാണെന്നുമാണ് ഭാനുപ്രിയ വ്യക്തമാക്കുന്നത്.
ഇരുപതുകാരിയായ അഭിനയ ഏകമകളാണ്. ലണ്ടനിലെ ലോഫ്ബറോ യൂനിവേഴ്സിറ്റി വിദ്യാർഥിനിയാണ്. നാച്ചുറൽ സയൻസ് ആണ് വിഷയം. അവധി കിട്ടുമ്പോൾ മകൾ നാട്ടിൽ വരാറുണ്ടെന്നും നടി പറയുന്നു. ചെന്നൈയിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഭാനുപ്രിയ ഇപ്പോള്‍ താമസിക്കുന്നത്.
പിരിമുറുക്കമോ വിഷാദമോ എന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകൾ കഴിക്കുന്നുണ്ട്.’’–ഭാനുപ്രിയ പറഞ്ഞു.ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘അയലാന്‍’ ആണ് ഭാനുപ്രിയയുടേതായി ഇനി ഇറങ്ങാനുള്ള ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

