‘സുഹൈലിന് പണത്തിന്റെ ഹുങ്ക്, ശശികലയെ ഇനി ടീച്ചറെന്ന് വിളിക്കില്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി
text_fieldsകൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സുഹൈലിനെതിരെയും കേസന്വേഷണത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെയും രൂക്ഷവിമർശനവുമായി പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് സുഹൈൽ റോഡിൽ പ്രകടിപ്പിച്ചതെന്നും, മാതാപിതാക്കളുടെ പിന്തുണയും വളർത്തുദോഷവുമാണ് ഇതിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി. തെളിവെടുപ്പിനിടെ പൊലീസ് പ്രതിയെ സഹായിക്കുന്ന രീതിയിൽ പെരുമാറിയെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയ കോടതി നടപടിയെയും പ്രോസിക്യൂഷന്റെ നിസ്സംഗതയെയും അവർ ചോദ്യം ചെയ്തു. അതേസമയം, രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങുന്നതിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ശശികലയെയും അവർ രൂക്ഷമായി വിമർശിച്ചു. സ്ത്രീകൾക്കെതിരായ ഇത്തരം സമീപനങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഭാഗ്യലക്ഷ്മി ഓർമിപ്പിച്ചു.
'കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ഡൽഹിയിലെ പ്രശ്നവും നെടുമ്പാശ്ശേരിയിൽ സുഹൈൽ എന്ന കുട്ടി ഉൾപ്പെട്ട സംഭവവുമാണ്. നമുക്കതിനെ ഒരു അശ്രദ്ധയെന്ന് വിളിക്കാൻ കഴിയില്ല; ആ കുട്ടി പ്രകടിപ്പിച്ചത് ശുദ്ധമായ ധാർഷ്ട്യമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പണത്തിന്റെ ഹുങ്ക് ആ കുട്ടി കാണിച്ചു. അതുകൊണ്ടാണ് അവൻ "എന്റെ അച്ഛൻ വരും" എന്ന് പറഞ്ഞത്. അവൻ ജീവിതത്തിൽ ചെയ്ത പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും അവന് കൂട്ടുനിന്നിട്ടുണ്ടാകണം. അതുകൊണ്ടാണ് അവന് ഇത്രയധികം... ഈ നാട്ടിൽ നമുക്കെല്ലാവർക്കും അറിയാം, എല്ലാവരും പാലിക്കേണ്ട ചില പരിധികളുണ്ട്.
നമ്മൾ സാധാരണക്കാർ ഏതെങ്കിലും ട്രാഫിക് സിഗ്നൽ തെറ്റിക്കുകയോ സ്പീഡ് പരിധി കവിയുകയോ ചെയ്താൽ ഉടൻതന്നെ നിയമലംഘനം നടത്തിയെന്ന സന്ദേശം നമുക്ക് ലഭിക്കും. ഈ കുട്ടിക്ക് ഒരിക്കലും അതുപോലെയുള്ള യാതൊന്നും ലഭിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിൽ അത് ലഭിച്ചാൽതന്നെ, അമ്മയും അച്ഛനും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാതെ അവനെ സഹായിച്ചതുകൊണ്ട്, ഈ രാജ്യത്തെ നിയമങ്ങൾ എന്താണെന്ന് അറിയാതെയാണ് അവൻ വളർന്നത്; റോഡിൽ അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്.
എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം, പൊലീസ് അവനെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ, അവൻ എത്ര വേഗതയിലാണ് വണ്ടി ഓടിച്ചത്, 100-ൽ ആണോ എന്ന് പൊലീസ് അവനോട് ചോദിച്ചതാണ്! താൻ 120 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചതെന്നാണ് കുട്ടി പറയുന്നത്. എന്നിട്ട് അവർ അത് കൂടുതൽ ചോദ്യം ചെയ്യാതെ വിട്ടുകളഞ്ഞു. അടുത്തതായി, മുന്നിൽ പോയ ആളുകളെ അവൻ കണ്ടിരുന്നോ എന്ന് അവർ ചോദിച്ചു. എന്നാൽ അവൻ ഒന്നും പറഞ്ഞില്ല. അവർ അവന് സൂചനകൾ നൽകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അതായത്, പണവും സ്വാധീനവുമുള്ളവർക്ക് ഇവിടെയുള്ള നിയമങ്ങൾ എപ്പോഴും അനുകൂലമാണെന്ന് തോന്നുന്നു. പല കേസുകളിലും നമ്മൾ അത് നേരിട്ട് കാണുന്നതാണ്; പണമുള്ളവർക്ക് എന്ത് ചെയ്യാനും അത് മുഴുവൻ മൂടിവെക്കാനും സാധിക്കും' എന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ഒരുകാലത്ത് ശശികലയെ താൻ 'ടീച്ചർ' എന്നാണ് വിളിച്ചിരുന്നതെന്നും, ഇനി അങ്ങനെ വിളിക്കാൻ തനിക്ക് തോന്നുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 'രാത്രിയിൽ സ്ത്രീകൾ ചായ കുടിക്കാൻ പുറത്തുപോകുന്നത് തെറ്റാണോ എന്നാണ് ശശികല ചോദിക്കുന്നത്. ഒന്ന് ചിന്തിച്ചുനോക്കൂ; ഡൽഹി കൂട്ടബലാത്സംഗ സമയത്ത്, ആ പെൺകുട്ടി എന്തിനാണ് പാതിരാത്രിയിൽ ബസ്സിൽ ഒറ്റയ്ക്ക് യാത്ര ചെയ്തത് എന്നോ, എന്തിനാണ് കാമുകനൊപ്പം പോയത് എന്നോ ചോദിച്ച ആളുകളുണ്ടായിരുന്നു. ഇവിടെ, ട്രെയിനിൽ സൗമ്യ ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോഴും അവൾ എന്തിനാണ് ഒറ്റയ്ക്ക് യാത്ര ചെയ്തത് എന്ന് ചോദിച്ചവരുണ്ടായിരുന്നു.'
സ്വതന്ത്ര ഇന്ത്യയെന്നാൽ സ്ത്രീകൾ എട്ടുമണിക്ക് ശേഷം വീടുകളിലെ ലൈറ്റുകൾ അണച്ച് അകത്തിരിക്കണം എന്നാണർഥമെന്നും, സ്ത്രീകൾക്കെതിരായ ഉപദ്രവങ്ങൾക്കുള്ള ഒരു ആയുധമായാണ് അവർ ഈ സ്വാതന്ത്ര്യത്തെ കാണുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

