ആളുകൾ തിരിച്ചറിയുമ്പോൾ സന്തോഷം തോന്നുന്നു; ചലച്ചിത്ര ആസ്വാദകരുടെ ഊഷ്മളമായ ഇടമാണ് ഐ.എഫ്.എഫ്.കെ -നടി ബീന ആർ. ചന്ദ്രൻ
text_fieldsതിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള സിനിമ ആസ്വാദകരുടെ ഊഷ്മളമായ കൂടിച്ചേരലിന്‍റെ ഇടമാണെന്ന് നടി ബീന ആർ. ചന്ദ്രൻ. 2023ൽ ഐ.എഫ്.എഫ്.കെയിൽ പ്രദർശനത്തിനെത്തിയ ‘തടവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബീന, ഈ സിനിമയിലെ അഭിനയത്തിന് 2024ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കിയിരുന്നു.
'തടവ്' അഭിനയ ജീവിതത്തിൽ വലിയ ആത്മവിശ്വാസം നൽകിയ സിനിമയാണെന്ന് ബീന പറഞ്ഞു. ഐ.എഫ്.എഫ്.കെ. നൽകുന്ന മനുഷ്യബന്ധങ്ങളുടെ ഊഷ്മളത വലുതാണ്. ഒരുപാട് പുതിയ മനുഷ്യരെ കാണാനും പരിചയപ്പെടാനും കഴിയുന്ന വേദിയാണ് ഐ.എഫ്.എഫ്.കെ. ആളുകൾ നമ്മളെ തിരിച്ചറിയുമ്പോൾ സന്തോഷം തോന്നുന്നു. അതൊരു മനോഹരമായ അനുഭവമാണ്. പ്രേക്ഷകരുമായുള്ള നേരിട്ടുള്ള ഇടപെടലുകളും പ്രതികരണങ്ങളും തന്നെയാണ് മേളയെ പ്രത്യേകമാക്കുന്നതെന്നത് ബീന പറഞ്ഞു.
ഈ വർഷം ഐ.എഫ്.എഫ്.കെയിൽ ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘മോഹം’ പ്രദർശിപ്പിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ബീന പറഞ്ഞു. 28-ാമത് ഐ.എഫ്.എഫ്.കെയിൽ ‘തടവ്’ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം പുരസ്‌കാരം നേടിയ ഫാസിൽ റസാഖിന്റെ പുതിയ ചിത്രമാണിത്. ‘മോഹം’ സമകാലിക മലയാളം സിനിമ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മേളയുടെ രണ്ടാം ദിവസം ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നിരുന്നു.
തന്റെ സിനിമ യാത്രയിൽ 'തണൽ’ എന്ന ആദ്യ സിനിമ തന്നെയാണ് വഴിത്തിരിവ്. ആദ്യ ചിത്രത്തിലൂടെ തന്നെ അംഗീകാരം ലഭിച്ചത് വലിയ സന്തോഷമായിരുന്നുവെന്നും ജിയോ ബേബി, ശ്രുതി ശരണ്യ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതാണെന്നും അവർ പറഞ്ഞു.
അതേസമയം, 30ാമത് ഐ.എഫ്.എഫ്.കെ തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽനിന്നുള്ള 206 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘ഫലസ്തീൻ 36’ ആയിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

