കൊല്ലംകാരിൽ നിന്നും മോശം അനുഭവുമുണ്ടായിട്ടില്ല, ഷൂട്ടിനിടെ കക്കാ ഇറച്ചിയെല്ലാം കൊണ്ട് തരും; എന്‍റെ ലക്കി സ്ഥലം- ബേസിൽ ജോസഫ്
text_fieldsമലയാളികളുടെ പ്രിയപ്പെട്ട നടനായി മാറുകയാണ് ബേസിൽ ജോസഫ്. കഴിഞ്ഞ രണ്ട് വർഷമായി അനേകം ഹിറ്റുകളിലാണ് ബേസിൽ നായകവേഷത്തിലെത്തിയത്. ഈയിടെ ഇറങ്ങിയ പൊൻമാൻ എന്ന ചിത്രവും മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം കൊല്ലത്തിന്‍റെ പശ്ചാത്തത്തിലാണ് കഥ പറയുന്നത്. കൊല്ലംകാരെ കുറിച്ച് താറടിച്ചുകൊണ്ട് ഈ അടുത്ത കാലത്ത് ഒരുപാട് ട്രോളുകൾ ചർച്ചയാകാറുണ്ട്. കൊല്ലത്ത് വെച്ചുള്ള ഷൂട്ടിങ്ങ് അനുഭവങ്ങളും ആളുകളെ കുറിച്ചും അഭിപ്രായം പറയുകയാണ് ബേസിൽ ജോസഫ്.
കൊല്ലം തന്‍റെ ഭാഗ്യ സ്ഥലങ്ങളിലൊന്നാണെന്നും വളരെ നല്ല ആളുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരുടെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായിട്ടില്ലെന്ന് ബേസിൽ പറഞ്ഞു. പൊൻമാന്‍റെ പ്രമോഷന്‍റെ ഭാഗമായി നൽകിയ പ്രസ് മീറ്റിലാണ് താരം കൊല്ലത്തെ കുറിച്ച് സംസാരിച്ചത്.
'കൊല്ലംകാരെ കുറിച്ച് എനിക്ക് വ്യക്തിപരമായി ഇതുവരെ ഒരു മോശം അഭിപ്രായമോ, അനുഭവമോ ഉണ്ടായിട്ടില്ല. ഞാൻ ജയ ജയ ഹെ എന്ന പറഞ്ഞ സിനിമ ഷൂട്ട് ചെയ്തതും അവിടെയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ ഏറ്റവും നല്ല രണ്ട് സിനിമകളുണ്ടായിട്ടുള്ളത് കൊല്ലത്ത് നിന്നുമാണ്. അതുകൊണ്ട് കൊല്ലം എന്‍റെ ഫേവറേറ്റ് സ്ഥലങ്ങളിലൊന്നാണെന്ന് വേണമെങ്കിൽ പറയാം, എന്‍റെ ഭാഗ്യ സ്ഥലങ്ങളിലൊന്ന്.
ഞാൻ കോളേജിൽ പഠിക്കുമ്പോഴെക്കെ കൊല്ലത്ത് നിന്നും ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ഞാൻ തിരുവനന്തപുരമാണ് പഠിച്ചത്, അപ്പോൾ എനിക്ക് കൊല്ലത്ത് നിന്നും ഒരുപാട് സുഹൃത്തുക്കളുണ്ടായിട്ടുണ്ട്. പക്ഷെ ഇവരുടെ ആരുടെ ഭാഗത്ത് നിന്നും അങ്ങനെ മോശമായുള്ള ഒരു അനുഭവുമുണ്ടായിട്ടില്ല. അതിങ്ങനെ ജെനറലൈസ് ചെയ്ത് പറയുന്ന കാര്യങ്ങളാണെന്ന് പറയാം നമുക്ക്,' ബേസിൽ പറഞ്ഞു.
നേരെ വാ നേരെ പോ എന്നുള്ള ആളുകളായത്കൊണ്ടും സ്ട്രെയ്റ്റ് ഫോർവേഡ് ക്യാരക്ടറായത് കൊണ്ടും ചില ആളുകൾക്ക് ഇത് ഇഷ്ടപ്പെടാത്തതായിരിക്കുമെന്നും ബേസിൽ പറയുന്നു. ഇത് കൂടാതെ മണ്ട്രോ തുരുത്തിന്‍റെ പ്രശ്നത്തെ കുറിച്ചും മനോഹരിതയെ കുറിച്ചും ബേസിൽ സംസാരിച്ചു.
ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ആളുകൾ കക്കാ ഇറച്ചിയെല്ലാം കൊണ്ട് വരും നമ്മൾ ഒരുമിച്ച് കഴിക്കും, വളരെ സ്നേഹമായിരുന്നു ആളുകൾക്ക്. ഈ പറഞ്ഞ പോലെ മണ്ട്രോ തുരുത്തിലായിരുന്നു ഞങ്ങൾ ഒരുപാട് ദിവസം ഷൂട്ട് ചെയ്തത്. അവിടെ ഒരുപാട് പാരിസ്ഥിതി പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നു, എന്നാൽ വളരെ മനോഹരമായ സ്ഥലമാണ്. ഒരു പ്രീമിയം ടൂറിസ്റ്റ് സ്ഥലമായി മണ്ട്രോ തുരുത്തിനെ കണക്കാക്കാം. ഷൂട്ടിന് ശേഷം ഞാൻ കുടുംബമായും സുഹൃത്തുകളുമായും രണ്ട് വട്ടം അവിടെ താമസിച്ചിട്ടുണ്ട്. അതുപോലെ നല്ല സ്നേഹമുള്ള ആളുകളും. എത്രയും പെട്ടെന്ന് അവിടുത്തെ പ്രശ്നങ്ങൾ തീരട്ടെ എന്ന് പ്രാർത്ഥിക്കാം,' ബേസിൽ ജോസഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

