അന്ന് നിയമസഭക്ക് മുന്നില്‍ നിന്ന് ആട്ടിയോടിച്ചു, ഇന്ന് അതേ സ്ഥലത്ത് മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചു -ബേസിൽ ജോസഫ്
text_fieldsഇത്തവണ സർക്കാറിന്റെ ഓണം വാരാഘോഷ പരിപാടിയിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫും നടൻ രവി മോഹനുമാണ് അതിഥികളായെത്തിയത്. പരിപാടിയിൽ സംസാരിക്കുന്നതിനിടെ തന്‍റെ രസകരമായ തിരുവനന്തപുരം ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ബേസിൽ ജോസഫ്. പണ്ട് നിയമസഭക്ക് മുന്നിൽ ഫോട്ടോ എടുക്കാൻ വരുമ്പോൾ പൊലീസ് ആട്ടിയോടിക്കുമായിരുന്നെന്നും അതേ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ സാധിച്ചെന്നും ബേസിൽ പറഞ്ഞു.
'എഞ്ചിനിയറിങ് കോളജിലും ജോലിക്കായി ടെക്നോപാർക്കിലുമൊക്കെയായി ഏഴ് വർഷത്തോളം തിരുവനന്തപുരത്ത് കറങ്ങി നടന്നതാണ്. ഇത്തവണത്തെ ഓണം എങ്ങനെ ആഘോഷിക്കുമെന്ന് കരുതിയിരുന്നപ്പോഴാണ് ഇങ്ങനെയൊരു പരിപാടിക്ക് വിളി വരുന്നത്. മുമ്പ് നിയമസഭക്ക് മുന്നിൽ ഫോട്ടോ എടുക്കാൻ വരുമ്പോൾ പൊലീസ് ഓടിച്ച് വിടുമായിരുന്നു. ഇന്ന് അതേസ്ഥലത്ത് വന്ന് മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ സാധിച്ചു. വൈകുന്നേരം പൊലീസ് അകമ്പടിയോടെ സ്റ്റേറ്റ് കാറിൽ ഇവിടെ വന്നിറങ്ങി. ഇതൊക്കെ കണ്ട് പകച്ചു നിൽക്കുകയാണ് ഞാൻ' -ബേസിൽ പറഞ്ഞു.
അതേസമയം, സംസ്‌ഥാന സർക്കാറിന്‍റെ ഓണം വാരാഘോഷം ഇന്നലെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പി, എം.എൽ.എമാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി. സെപ്റ്റംബർ ഒമ്പതിന് ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വൈകിട്ട് മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണറെ ഓദ്യോഗികമായി ക്ഷണിച്ച് സർക്കാറിന്റെ ഓണക്കോടി കൈമാറിയതായും, ഓണാഘോഷ പരിപാടികൾക്ക് ഗവർണർ പങ്കെടുക്കുമെന്ന് അറിയിച്ചതായും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

