അജേഷ് പി.പി യഥാർത്ഥ കഥാപാത്രം, ഞങ്ങളുമായി ബന്ധപ്പെട്ടാൽ കിട്ടാനുള്ള സ്വർണത്തിന്‍റെ പണം നൽകും; ബേസിൽ ജോസഫ്
text_fieldsബേസിൽ ജോസഫ് സജിൻ ഗോപു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജോതിഷ ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. ജി.ആർ ഇന്ദുഗോപന്‍റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് യഥാർത്ഥത്തിൽ നടന്ന കഥയാണെന്നും അതിൽ ഒരാൾ സംവിധായകൻ ജോതിഷ് ശങ്കർ തന്നെ ആയിരുന്നുവെന്നും പറയുകയാണ് ബേസിൽ ജോസഫ്. ദീപക് പറമ്പോൽ അവതരിപ്പിച്ച കഥാപാത്രം നടൻ രാജേഷ് ശർമ്മയിൽ നിന്ന് പ്രചോദനം കൊണ്ടതാണ് എന്നും ബേസിൽ വ്യക്തമാക്കി.
സിനിമയിലെ പ്രധാന കഥാപാത്രമായ അജേഷ് പിപി ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം ആരാണെങ്കിലും തങ്ങളെ സമീപിച്ചാൽ അദ്ദേഹത്തിന് ലഭിക്കാനുള്ള സ്വർണത്തിന് തുല്യമായ പണം നൽകാമെന്നും ബേസിൽ പറഞ്ഞു. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
'ഇതൊരു യഥാർത്ഥ സംഭവമാണ്. വർഷങ്ങൾക്ക് മുമ്പ് ഈ സിനിമയുടെ സംവിധായകൻ ജോതിഷ് ശങ്കറിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് ഇത്. അത് ഇന്ദുഗോപൻ നേവലാക്കി, നാലഞ്ചു ചെറുപ്പക്കാർ എന്നാണ് നോവലിന്റെ പേര്. ഈ നാലഞ്ചു ചെറുപ്പക്കാരിൽ ഒരു ചെറുപ്പക്കാരൻ ജോതിഷേട്ടനാണ്. ഇന്ന് അദ്ദേഹം അത്ര ചെറുപ്പക്കാരനല്ല. ഈ സിനിമയിലെ മറുത എന്ന കഥാപാത്രമാണ് ജോതിഷേട്ടനിൽ നിന്ന് പ്രചോദനം കൊണ്ടത്. ഇതിൽ ദീപക് ചെയ്ത കഥാപാത്രം നടൻ രാജേഷ് ശർമ്മയിൽ നിന്ന് പ്രചോദനം കൊണ്ടതാണ്. അദ്ദേഹമാകട്ടെ ഈ സിനിമയിൽ ഒരു പള്ളിയിലച്ചന്റെ വേഷം ചെയ്യുന്നുമുണ്ട്.
ഈ സിനിമയിലെ പ്രധാന കഥാപാത്രമായ ഞാൻ അവതരിപ്പിക്കുന്ന ആളെ നമ്മളാരും പിന്നീട് നേരിൽ കണ്ടിട്ടില്ല. ഈ പറയുന്ന നാലഞ്ചു ചെറുപ്പക്കാരും അയാളെ കണ്ടിട്ടില്ല, ആരും കണ്ടിട്ടില്ല. ഇത് കേൾക്കുന്ന അജേഷ് പി.പി ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. ഞങ്ങൾക്ക് എല്ലാവർക്കും യഥാർത്ഥ അജേഷിനെ കാണാൻ താല്പര്യമുണ്ട്. ഞങ്ങളുടെ അടുത്ത് വന്നാൽ അജേഷിന് കിട്ടാനുള്ള സ്വർണ്ണത്തിനുള്ള അത്രയും പൈസ കൊടുക്കുന്നതായിരിക്കും,' ബേസിൽ കൂട്ടിച്ചേർത്തു.
മികച്ച അഭിപ്രായമാണ് പൊൻമാനും ബേസിലിന്‍റെ പ്രകടനത്തിലും ആളുകളുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ബേസിൽ, സജിൻ ഗോപു എന്നിവരെ കൂടാതെ ലിജോ മോൽ, ദീപക് പറമ്പോൽ, ആനന്ദ് മന്മദൻ, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു. എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

