സരോജ ദേവി: ഗായികയാകാൻ വന്നു, നായികയായി
text_fieldsസരോജ ദേവി
തിരുവനന്തപുരം: കന്നഡ സിനിമ രംഗത്ത് പ്രശസ്തനായ ഹന്നപ്പ ഭാഗവതർ ഗായികയാക്കാനായി കണ്ടെത്തിയ 16കാരി പിന്നീട് തെന്നിന്ത്യയിലെ മികവുറ്റ നായികയായി മാറിയതാണ് നടി സരോജ ദേവിയുടെ ചരിത്രം. കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിച്ചിരുന്ന അവർ സ്റ്റേജിൽ പാടുന്നതിനിടെയാണ് ഹന്നപ്പ ഭാഗവതർ ആദ്യം കാണുന്നത്.
പാട്ട് ഇഷ്ടപ്പെട്ട അദ്ദേഹം തന്റെ അടുത്ത ചിത്രത്തിലേക്ക് ഗായികയായി ക്ഷണിച്ചു. പിതാവിന്റെ അനുവാദം വാങ്ങി ശബ്ദ പരിശോധനക്കായി സരോജ ദേവി സ്റ്റുഡിയോയിൽ എത്തി. പാടിയത് ഇഷ്ടപ്പെട്ടെങ്കിലും ഇവളിൽ ഒരു നടി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഹന്നപ്പ ഭാഗവതരിലെ സിനിമാക്കാരൻ കണ്ടെത്തി.
അങ്ങനെ 1955ൽ ‘മഹാകവി കാളിദാസ’ എന്ന തന്റെ കന്നഡ ചിത്രത്തിലൂടെ ബി. സരോജ ദേവിയെ സിനിമാലോകത്തേക്ക് അദ്ദേഹം കൈപിടിച്ചു നടത്തി. തൊട്ടടുത്ത വർഷം തന്നെ തമിഴിൽ അരങ്ങേറ്റം കുറിച്ചെങ്കിലും 1958ൽ എം.ജി.ആറിനൊപ്പം അഭിനയിച്ച ‘നാടോടി മന്നൻ’ എന്ന ചിത്രത്തിലൂടെ അവർ താരപദവിയിലേക്ക് ഉയർന്നു.
‘അൻപേ വാ’ എന്ന ചിത്രത്തിൽ എം.ജി.ആറിനൊപ്പം പാടി അഭിനയിച്ച ‘രാജാവിൻ പാർവൈ റാണിയിൻ പക്കം’ എന്ന ഗാനം ഇന്നും പ്രേക്ഷകപ്രീതിയിൽ മുന്നിൽനിൽക്കുന്നു. മോഹൻലാൽ നായകനായ ‘വാമനപുരം ബസ് റൂട്ട്’ എന്ന മലയാള ചിത്രത്തിൽ ഇതേ ഗാനം പുനരാവിഷ്കരിച്ചിട്ടുണ്ട്. ഗായികയാകാൻ വന്ന് നായികയായ താരം നിരവധി മധുരമൂറുന്ന ഗാനങ്ങളിൽ പിന്നീട് വേഷമിട്ടുവെന്നത് യാദൃശ്ചികം മാത്രം.
ആലയമണിയിന്‍ ഓശൈ, തൊട്ടാല്‍ പൂ മലരും, ചിട്ടുക്കുരുവീ മുത്തം കൊടുക്കും, പാര്‍ത്താല്‍ പശി തീരും തുടങ്ങി നിരവധി മനോഹര ഗാനങ്ങൾ. സിനിമയും സംഗീതവും ഒന്നാണെന്ന് പ്രേക്ഷകരെ തോന്നിപ്പിച്ചിരുന്ന സിനിമ സംഗീതത്തിലെ മറ്റൊരു യുഗത്തിന് കൂടിയാണ് സരോജ ദേവിയുടെ മരണത്തോടെ അവസാനമാകുന്നത്.
50കളിലും 60 കളിലും പത്മിനി, സാവിത്രി, സരോജ ദേവി ത്രയങ്ങളാണ് തെന്നിന്ത്യൻ സിനിമ വാണത്. സഹോദരിയുടെ മകൾ ഭുവനേശ്വരിയെ സ്വന്തം മകളായി വളർത്തി. ഭുവനേശ്വരിയുടെ മരണശേഷം പ്രിയപുത്രിയുടെ ഓർമക്കായി സാഹിത്യത്തിനുള്ള ഭുവനേശ്വരി അവാർഡ് ഏർപ്പെടുത്തിയാണ് സരോജ ദേവി മകളുടെ സ്മരണ നിലനിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

